പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് 'അനീമിയ' അല്ലെങ്കിൽ വിളര്‍ച്ച. രക്തത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. അണുബാധ, പോഷകാഹാരക്കുറവ്, മറ്റു രോഗങ്ങള്‍ എന്നിവയെല്ലാം നമ്മളെ വിളര്‍ച്ചയിലേക്ക് നയിക്കാം. എന്നാല്‍ അനീമിയ കൂടുതൽപേരിലും ഉണ്ടാകുന്നത് ശരീരത്തിൽ അയേണിൻറെ കുറവുകൊണ്ടാണ്. അയേണ്‍ ആണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെയും അവയിലടങ്ങിയ ഹീമോഗ്ലോബിന്റെയും ഉൽപ്പാദനത്തിന് കാരണമാകുന്നത്. അതിനാല്‍ അയേണ്‍ കുറയുന്നത് ചുവന്ന രക്താണുക്കള്‍ കുറയുന്നതിന് കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ ജ്യൂസുകൾ പതിവാക്കിയാൽ അയേൺ ഡെഫിഷ്യൻസി പരിഹരിക്കാം
അനീമിയയെ അത്ര നിസ്സാരമായി കാണരുത്. കാരണം നിത്യജീവിതത്തില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഇതിന് സൃഷ്ടിക്കാന്‍ കഴിയും. എപ്പോഴുമുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച, കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷമില്ലാതിരിക്കുക, പെട്ടെന്ന് തലകറക്കം വരിക, തലവേദന, തണുപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ, ശ്വാസതടസം എന്നിങ്ങനെ ഒരുപിടി പ്രശ്‌നങ്ങള്‍ അനീമിയ ഉണ്ടാക്കാം. ഒപ്പം തന്നെ പരിക്കുകളോ, മുറിവുകളോ സംഭവിക്കുമ്പോള്‍ ശരീരത്തിന് അത് താങ്ങാനാകാത്ത അവസ്ഥയും ഉണ്ടാകാം. പ്രതിരോധശക്തി ദുര്‍ബലമാകുന്നതിനാല്‍ വിവിധ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തില്‍ പലരീതിയില്‍ അനീമിയ നമ്മെ ദോഷകരമായി ബാധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കമുണ്ടെങ്കിൽ കാരണമിതാകാം
ധാരാളം പോഷകാഹാരങ്ങൾ കഴിക്കുകയാണെങ്കിൽ വലിയൊരു പരിധി വരെ അനീമിയയെ ചെറുക്കാന്‍ കഴിയും. അനീമിയയെ പ്രതിരോധിക്കാനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കാൻ നമ്മുടെ നിത്യനയുള്ള ഭക്ഷണക്രമത്തിൽ ഉൾക്കൊള്ളിക്കേണ്ട ചില ഭക്ഷണ പദാർഥങ്ങളാണ് പങ്ക് വയ്ക്കുന്നത്.
- മുട്ട, ചിക്കന്‍, മറ്റ് ഇറച്ചികള്‍ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയെല്ലാം അയേണിൻറെ മികച്ച ഉറവിടമാണ്. ഇതിന് പുറമെ പ്രോട്ടീന്‍, വൈറ്റമിന്‍-ബി, കോപ്പര്‍, സെലീനിയം എന്നിങ്ങനെ പല അവശ്യഘടകങ്ങളുടെയും ഉറവിടം കൂടിയാണിവ.
- സീഫുഡ് കഴിക്കുന്നതും അയേണ്‍ കൂട്ടാന്‍ സഹായിക്കും. മത്തി, സാല്‍മണ്‍, സാര്‍ഡീന്‍ പോലുള്ള മത്സ്യങ്ങള്‍ ഓയെസ്റ്റര്‍ (ചിപ്പി), കടുക്ക പോലുള്ള ഷെല്‍ ഫിഷുകള്‍ എല്ലാം കഴിക്കാവുന്നതാണ്.
- വെജിറ്റേറിയന്‍ ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ പയറുവര്‍ഗങ്ങള്‍ നല്ലത് പോലെ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഒരു കപ്പ് പാകം ചെയ്ത പയറില്‍ ശരാശരി 6.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നീ ഘടകങ്ങളാലും സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍.
- ഇലക്കറികള്‍ നല്ലത് പോലെ കഴിക്കുന്നതും അയേണ്‍ കൂട്ടാന്‍ സഹായിക്കും. ചീര, മുരിങ്ങ, ഉലുവയില എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 100 ഗ്രാമോളം ഇലക്കറിയില്‍ ഏതാണ്ട് 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിരിക്കും.
- ഡ്രൈഡ് ഫ്രൂട്ട്‌സും നട്ട്‌സും അയേണ്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മത്തന്‍ കുരു, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, ബദാം, എള്ള് എന്നിങ്ങനെ ഏതും ഇതിനായി തെരഞ്ഞെടുക്കാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments