കോവിഡിനെതിരെ ആയുര്‍വേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സ നല്‍കാന്‍ കേന്ദ്രാനുമതി. ഇതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ പുറത്തിറക്കി. കോവിഡ് ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാര്‍ഗരേഖയില്‍ പറയുന്നത്.
തളര്‍ച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (1-3 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. സമാനരീതിയില്‍ ഗുളുചി(ചിറ്റമൃത്)-ഗണ വാടികയും കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം.
ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ക്ക് ഗുളുചി - ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും ചെറിയതോതില്‍ രോഗം ബാധിച്ചവര്‍ക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യുമെന്ന് മാര്‍ഗരേഖ പറയുന്നു. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്ബോള്‍ തുടരേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാന്‍ നിര്‍ദേശിക്കാമെന്നും നടപടിക്രമത്തില്‍ പറയുന്നു.
ലഘുവായ ലക്ഷണങ്ങളുള്ളവര്‍ മഞ്ഞള്‍, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു വായില്‍ക്കൊള്ളുക, ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളവും വായില്‍ക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിര്‍ദേശിക്കുന്നുണ്ട്. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം.
Share your comments