ഉദര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. ജീവിത രീതി, ദീർഘനേരത്തെ ഇരുന്നുള്ള ഓഫീസ് ജോലി, ക്രമം തെറ്റിയ ഭക്ഷണം എന്നിവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കുന്നു. വയറുവേദന, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം എന്നിങ്ങനെ പലവിധത്തിലാണ് വയറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ. ഇത് ഭാവിയിൽ മറ്റ് രോഗാവസ്ഥകൾക്ക് ഇടയാകും. വയറിൻറെ പ്രശ്നങ്ങൾ നമ്മുടെ ശാരീകാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തേയും വലിയ പരിധി വരെ സ്വാധീനിക്കുന്നതാണ്. കാരണം മാനസികസ്വാസ്ഥ്യത്തെ നിര്‍ണയിക്കുന്ന ഹോര്‍മോണുകളുടെ ബാലന്‍സ് നിര്‍ണയിക്കുന്നതില്‍ വയറ്റിനകത്തുള്ള നല്ലയിനം ബാക്ടീരിയകളുടെ പങ്കാളിത്തമുണ്ട്. വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന നമ്മുടെ ചില ശീലങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വയറ് വീർക്കുന്നത് പരിഹരിക്കാൻ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതും
* പ്രകൃതിദത്തമായ 'പ്രീബയോട്ടിക്' ഭക്ഷണങ്ങള്‍ ഡയറ്റില്‍ കുറയുന്നത് വയറിന്റെ ആരോഗ്യം നശിപ്പിച്ചേക്കാം. നേന്ത്രപ്പഴം, ഉള്ളി, വെളുത്തുള്ളി, ആപ്പിള്‍ എന്നിവയെല്ലാം മികച്ച 'പ്രീബയോട്ടിക്' ഭക്ഷണങ്ങളാണ്. ഇവ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ നിലനില്‍പിന് അത്യാവശ്യമാണ്.
* പ്രോസസ്ഡ് ഭക്ഷണം, കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണങ്ങൾ, എന്നിവ പതിവായി കഴിക്കുന്നവർക്ക് വയറിൻറെ ആരോഗ്യം നശിക്കാം. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ നിന്നെല്ലാമുള്ള ഷുഗര്‍ വയറ്റിനകത്തെ ബാക്ടീരിയകളെ നശിപ്പിക്കുകയും വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
* ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിൻറെ അടിസ്ഥാനമാണ് ഉറക്കവും. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അതും വയറിൻറെ ആരോഗ്യത്തെ ബാധിക്കും. ഉറക്കം നഷ്ടമാകുമ്പോള്‍ ക്ഷീണം, അസ്വസ്ഥത എന്നിവയ്‌ക്കൊപ്പം തന്നെ അസിഡിറ്റിയും വര്‍ദ്ധിക്കുന്നു.
* ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നവരിലും വയറിൻറെ ആരോഗ്യം അവതാളത്തിലാകാം. ദഹനവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാകണമെങ്കില്‍ ശരീരത്തിലേക്ക് ഇടവേളകളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കൊണ്ടിരിക്കണം.
* വ്യായാമോ കായികാധ്വാനമോ കൂടാതെ മുന്നോട്ടുപോകുന്നത് ശരീരത്തിന് വളരെയേറെ ദോഷം ചെയ്യാം. ഇത് ആദ്യം ബാധിക്കുന്നൊരു മേഖലയാണ് വയറിൻറെ ആരോഗ്യം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും ശാരീരികാധ്വാനത്തിന് അല്‍പസമയം മാറ്റിവയ്‌ക്കേണ്ടതാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമമോ, ജിമ്മിലെ വര്‍ക്കൗട്ടോ, യോഗയോ എന്തുമാകാം.
* ഡയറ്റില്‍ തന്നെ സംഭവിക്കുന്ന മറ്റൊരു പാളിച്ചയാണ് ഫൈബര്‍ കുറവുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത്. വയറിൻറെ ആരോഗ്യത്തിന് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് ഫൈബര്‍. പ്രത്യേകിച്ച് ദഹനം എളുപ്പത്തിലാക്കാനാണ് ഇത് ഉപകരിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഫൈബറിൻറെ മികച്ച സ്രോതസുകളാണ്.
* മദ്യപാനം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നമുക്കേവര്‍ക്കുമറിയാം. അതും അനിയന്ത്രിതമായ മദ്യപാനമാണെങ്കില്‍ ആദ്യം ബാധിക്കപ്പെടുന്ന ഭാഗമാണ് വയറ്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ മദ്യം സാരമായി ബാധിക്കുന്നു.
Share your comments