നമ്മുടെ തൊടിയിലും മറ്റും കാടുപോലെ വളർന്നു വരുന്ന മണത്തക്കാളിയുടെ ഇലകൾക്ക് കരളിലുണ്ടാകുന്ന അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. അതായത് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍നിന്നു സംരക്ഷിക്കുന്നു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (RGCB) നടത്തിയ ഗവേഷണത്തിലാണ് മണത്തക്കാളിച്ചെടിയില്‍ അടങ്ങിയിരിക്കുന്ന ഉട്രോസൈഡ്ബി (uttroside B) എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരേ ഫലപ്രദമെന്ന് കണ്ടുപിടിക്കപ്പെട്ടത്.
പഠനത്തിന് അമേരിക്കയുടെ എഫ്.ഡി.എ.യില്‍നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. അപൂര്‍വരോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകളുടെ വികസനത്തെയും വിലയിരുത്തലിനെയും പിന്തുണയ്ക്കുകയും മരുന്നുകളുടെ വേഗത്തിലുള്ള അംഗീകാരത്തിനു സഹായിക്കുകയും ചെയ്യുന്നതാണ് ഓര്‍ഫന്‍ ഡ്രഗ് പദവി.
ആര്‍.ജി.സി.ബി.യിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോയും വിദ്യാര്‍ഥിനിയായ ഡോ. ലക്ഷ്മി ആര്‍. നാഥും പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്നുകമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്.) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.
ഡോ. റൂബിയും ഡോ. ലക്ഷ്മിയും ചേര്‍ന്ന് മണത്തക്കാളിച്ചെടിയുടെ ഇലകളില്‍നിന്ന് ഉട്രോസൈഡ്ബി എന്ന തന്മാത്ര വേര്‍തിരിച്ചെടുക്കുകയായിരുന്നു. അര്‍ബുദമുള്‍പ്പെടെയുള്ള കരള്‍രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വഴിത്തിരിവാകുമെന്ന് ആര്‍.ജി.സി.ബി. ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
മണത്തക്കാളി ഇലകളില്‍നിന്ന് സംയുക്തം വേര്‍തിരിച്ചെടുക്കുന്നതിനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്ത തിരുവനന്തപുരം സി.എസ്.ഐ.ആര്‍.എന്‍.ഐ.എസ്.ടി.യിലെ ഡോ. എല്‍. രവിശങ്കറുമായി സഹകരിച്ച് ഡോ. റൂബിയും സംഘവും സംയുക്തത്തിന്റെ പ്രവര്‍ത്തനരീതി പഠിക്കുകയും കരളിലെ കൊഴുപ്പുരോഗം, നോണ്‍ ആല്‍ക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷം മൂലമുണ്ടാകുന്ന കരള്‍ അര്‍ബുദം എന്നിവയ്‌ക്കെതിരായ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്തുവരുന്നു. കരള്‍ അര്‍ബുദ ചികിത്സയ്ക്ക് എഫ്.ഡി.എ. അംഗീകാരമുള്ള ഒരു മരുന്നു മാത്രമേ നിലവിലുള്ളൂവെന്ന് ഡോ. റൂബി പറഞ്ഞു. നേച്ചര്‍ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ 'സയന്റിഫിക് റിപ്പോര്‍ട്ട്സി'ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.
Share your comments