എല്ലായ്‌പ്പോഴും പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വൈറസുകൾ. കൊവിഡ് ബാധയ്ക്ക് കാരണമാകുന്ന SARS-CoV-2 എന്ന വൈറസും വ്യത്യസ്‌തമല്ല. മിക്ക പരിവർത്തനങ്ങളും നിരുപദ്രവകരമാണെങ്കിലും, ചിലത് അതീവ ഗുരുതരമായവയുമാണ്. ഇത്തരത്തിൽ ഉപദ്രവകരമായ പരിവർത്തനങ്ങൾ കോശങ്ങളെ ബാധിക്കാനോ ആന്‍റിബോഡികൾ ഉത്‌പാദിപ്പിക്കാൻ ശരീരത്തെ അനുവദിക്കാതിരിക്കുകയോ ചെയ്‌തേക്കാം.
ഉപദ്രവകാരികളായ വകഭേദങ്ങൾ അണുബാധയുടെ പ്രധാന സ്രോതസ്സായി മാറാനും അധികം സമയമെടുക്കില്ല. കഴിഞ്ഞ ഒരു വർഷത്തിലധികമായി ലോകം മുഴുവൻ കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. ഈ കാലയളവിനിടെ തന്നെ വിവിധ വകഭേദങ്ങളും എത്തിയിരുന്നു. കൊവിഡിന്‍റെ ആൽഫ വകഭേദം മുതൽ ഏറ്റവും പുതിയതും അപകടകാരിയുമായ ഡെൽറ്റ വകഭേദം വരെ എത്തി നിൽക്കുകയാണ് ഇന്ന് കൊവിഡ് വൈറസ്.
ഒക്‌ടോബറിൽ ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ഇതിന് ശേഷം നൂറോളം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. കേസുകളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലുമടക്കം ക്രമാതീതമായ രീതിയിൽ വർധനവിന് കാരണമാകുന്ന ഒന്നാണ് കൊവിഡിന്‍റെ ഡെൽറ്റ വകഭേദമെന്നാണ് ലഭ്യമായ വിവരം.
ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രം പ്രായപൂർത്തിയായവരിൽ വാക്‌സിൻ കുത്തിവയ്പ്പ് പൂർത്തിയായ സ്ഥലങ്ങളിലാണ് ഡെൽറ്റ വൈറസ് കൂടുതൽ അപകടരൂപം പ്രാപിച്ചത്. നിലവിൽ യുകെയിലും യുഎസിലുമടക്കം കൊവിഡ് ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നുണ്ട്.
എന്താണ് വകഭേദം?
വൈറസുകൾക്ക് പരിവർത്തനം സംഭവിക്കുമ്പോൾ അവ ജനിതകമാറ്റങ്ങൾക്കും വിധേയമാകും. ഇത്തരത്തിലുള്ള വൈറസുകളെയാണ് വേരിയന്‍റുകൾ എന്ന് വിളിക്കുന്നത്. ചില പരിവർത്തനങ്ങൾ വൈറസിനെ ദുർബലപ്പെടുത്തുമ്പോൾ ചിലത് വൈറസിന്‍റെ ശക്തി ക്രമാതീതമായി വർധിപ്പിച്ചേക്കാം.
ആശങ്കപ്പെടേണ്ടവ ഏതൊക്കെ?
പൊതുജനാരോഗ്യത്തിന് കൂടുതൽ അപകടസാധ്യത സൃഷ്‌ടിക്കുന്ന വൈറസ് വകഭേദങ്ങളെ ലോകാരോഗ്യ സംഘടന 'വേരിയന്‍റ് ഓഫ് കൺസേൺ' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അപകടസാധ്യത ഉണ്ടായേക്കാവുന്നവയെയും കൂടുതൽ ശ്രദ്ധയോടെയുള്ള നിരീക്ഷണം ആവശ്യമുള്ളവയേയും 'എമേർജിങ് വേരിയന്‍റ്സ് ഓഫ് ഇന്‍ററസ്റ്റ്' എന്നും വിശേഷിപ്പിക്കുന്നു.
ഇവയെ തിരിച്ചറിയുന്നതിനായി ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള അക്ഷരങ്ങളാണ് നൽകിയിരിക്കുന്നത്. ജൂൺ 29 വരെയുളള കണക്കുകൾ പ്രകാരം ലോകാരോഗ്യ സംഘടന നാല് വേരിയന്‍റ് ഓഫ് കൺസേണുകളെയും ഏഴ് എമേർജിങ് വേരിയന്‍റ്സ് ഓഫ് ഇന്‍ററസ്റ്റുകളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നാല് വേരിയന്‍റ് ഓഫ് കൺസേണുളാണ് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവ. ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോക്കാം.
-
ആൽഫ
ഈ വകഭേഗം 2020 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് യുകെയിലുടനീളം പടർന്നുപിടിച്ച ആൽഫ വകഭേദം ജനുവരിയിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക് രാജ്യത്തെ നയിച്ചു. യുകെയിൽ ആൽഫ വകഭേദം പടർന്നു പിടിച്ചതോടെ മറ്റ് രാജ്യങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഏപ്രിൽ ആദ്യത്തോടെയാണ് യുഎസിൽ പ്രധാന കൊവിഡ് വകഭേദമായി ആൽഫ മാറിയത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 172 രാജ്യങ്ങളിലെങ്കിലും ആൽഫ കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.
-
ബീറ്റ
ഓഗസ്റ്റ് 2020ന് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കൊവിഡിന്‍റെ ബീറ്റ വൈറസ് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലാകെ ഭീതി പടർത്തിയ ഒരു വ്യാപനമായിരുന്നു ബീറ്റ വൈറസ് കാഴ്‌ച്ചവെച്ചത്. കുറഞ്ഞത് 120 രാജ്യങ്ങളിലേക്കെങ്കിലും കൊവിഡ് ബീറ്റ വൈറസ് പടർന്ന് പിടിച്ചിട്ടുണ്ട്.
-
ഗാമ
2020 ഡിസംബറിൽ ആമസോൺ നഗരമായ മനാസിലാണ് ആദ്യമായി കൊവിഡ് ഗാമ വൈറസ് കണ്ടെത്തിയത്. ഈ വേരിയന്‍റ് ബ്രസീലിന്‍റെ ആരോഗ്യ സംവിധാനത്തെ ആകെ പിടിച്ചുലച്ച ഒന്നായിരുന്നു. ഓക്‌സിജൻ ക്ഷാമത്തിനും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനയ്ക്കാണ് കൊവിഡ് ഗാമ വൈറസ് കാരണമായത്. കുറഞ്ഞത് 72 രാജ്യങ്ങളിലെങ്കിലും ഗാമ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
-
ഡെൽറ്റ
അതിവേഗം വ്യാപിക്കുന്ന ഈ വകഭേദം ഇന്ത്യയിലെ െകാവിഡ് വ്യാപനത്തിൽ അതിഭീകര തരംഗമാണ് സൃഷ്‌ടിച്ചത്. ആശുപത്രികളും, ശ്‌മശാനങ്ങളും നിറയുന്ന കാഴ്‌ചയായിരുന്നു എല്ലായിടത്തും. ആദ്യമായി ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് ശേഷം കുറഞ്ഞത് 96 രാജ്യങ്ങളിലേക്കെങ്കിലും കൊവിഡ് ഡെൽറ്റ വൈറസ് വ്യാപിച്ചിട്ടുണ്ട്.
ആൽഫ വൈറസുമായി താരതമ്യം ചെയ്യുമ്പോൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണ് ഡെൽറ്റയ്ക്ക്. സാധാരണ കണ്ടുവരുന്ന കൊവിഡ് ലക്ഷണങ്ങൾക്ക് പുറമെയുള്ള ലക്ഷണങ്ങളും കൊവിഡ് ഡെൽറ്റ വൈറസ് മനുഷ്യശരീരത്തിൽ കാഴ്‌ചവയ്ക്കാറുണ്ട്.
ഇതിൽ ശ്രവണവൈകല്ല്യമുൾപ്പെടെ ഉൾപ്പെടുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യതയും ഡെൽറ്റയ്ക്ക് കൂടുതലാണ്. മുൻപ് കൊവിഡ് ബാധിച്ചവരിലും ഡെൽറ്റ വൈറസ് സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
വേരിയന്‍റുകളും വാക്‌സിനുകളും തമ്മിൽ
ഒരു വൈറസിന്‍റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്നതിന് ശേഷം േകസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് സ്വാഭാവികമാണെന്നാണ് വിദഗ്‌ധർ പറയുന്നത്. കേസുകൾ ക്രമാതീതമായി ഉയരുന്നതിലൂടെ ആശുപത്രി സംവിധാനങ്ങളുടെയടക്കം താളം തെറ്റും. ഇതിലൂടെ മരണസംഖ്യയും ഉയർന്നേക്കാം.
ഇത്തരം സമയങ്ങളിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം പകരുന്ന ഒന്നാണ് വാക്‌സിനുകൾ. വൈറസിൽ സംഭവിക്കുന്ന പരിവർത്തനങ്ങൾ വാക്‌സിനെ പൂർണമായി ഫലപ്രദമല്ലാതാക്കും എന്നുള്ളതിന് തെളിവുകളൊന്നും ഇതുവരെയുള്ള പഠനങ്ങൾ നൽകിയിട്ടില്ല. വേരിയന്‍റുകളിൽ നടത്തിയ മിക്കവാറും പഠനങ്ങളും ഇതേ കാര്യം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വൈറസിന്‍റെ സ്‌പൈക്ക് പ്രോട്ടീനുകളെയാണ് വാക്‌സിനുകൾ ലക്ഷ്യം വയ്ക്കുന്നത്.
ഒന്നോ ഒന്നിൽ കൂടുതലോ കൊവിഡ് വകഭേദങ്ങളിൽ ഇന്ന് ലഭ്യമായ വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടാൽ, രോഗികളെ ഇത്തരം വകഭേദങ്ങളിൽ നിന്നും പരിരക്ഷിക്കുന്നതിനായി വാക്‌സിനുകളുടെ ഘടനയിലും മാറ്റങ്ങൾ വരുത്തേണ്ടതായി വന്നേക്കാം. വാക്‌സിൻ നിർമാതാക്കൾക്കടക്കം വൈറസിന്‍റെ പരിണാമത്തിന് അനുസരിച്ച് മാറേണ്ടി വന്നേക്കുമെന്ന് സാരം.
കൊവിഡിനെതിരെ നിലവിൽ ലോകത്ത് ലഭ്യമായിട്ടുള്ള വാക്‌സിനുകളിൽ ഒന്നും നൂറ് ശതമാനം രോഗബാധ തടയും എന്ന് അവകാശപ്പെടുന്നില്ല. കൂടാതെ, വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക എന്നുള്ളതിനേക്കാൾ വൈറസ് ശരീരത്തിൽ തീർത്തേക്കാവുന്ന കേടുപാടുകൾ തടയുക എന്നതാണ് ഈ വാക്‌സിനുകളുടെ മുഖ്യ കർമം.
ആശങ്കപ്പെടുത്തുന്ന മറ്റ് വകഭേദങ്ങളുണ്ടോ?
ഇന്ത്യ, യു.കെ, വിയറ്റ്നാം തുടങ്ങി നിരവധി രാജ്യങ്ങളിൽ പുതിയ ഡെൽറ്റ വേരിയന്‍റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ 'ഡെൽറ്റ-പ്ലസ്' എന്ന് വിളിക്കപ്പെടുന്ന K417N മ്യൂട്ടേഷനും റിപ്പോർച്ച് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനം ഇപ്പോഴും ലോകത്തിന്‍റെ പല കോണുകളിലും തുടരുന്നതിനാൽ ഇനിയും വകഭേദങ്ങൾ ഉണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.
തുടരണം അതീവ ജാഗ്രത
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ നിന്നും ഇന്ത്യ പതിയെ ശ്വാസം തിരിച്ചെടുത്ത് തുടങ്ങിയിട്ടേയുള്ളു. മൂന്നാം തരംഗം ഉടൻ ഉണ്ടായേക്കാമെന്നും ഉടൻ ഉണ്ടാകില്ലെന്നുമുള്ള വാർത്തകൾ ആവശ്യത്തിലധികം ദിനവും പുറത്തുവരുന്നുണ്ട്.
ആശുപത്രികളും ശ്‌മശാനങ്ങളും റോഡ് അരികുകളും നദീ തീരങ്ങളുമടക്കം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന കാലം അധികം പുറകിലല്ല. പഴമൊഴിയാണ്, എന്നാലും പറയാം, രോഗം വന്നിട്ട് ചികിത്സിയ്ക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ സൂക്ഷിക്കുന്നതാണ്.
തുടരാം സ്വയം നിയന്ത്രണം, നല്ലൊരു നാളേയ്ക്കായി. മാസ്‌ക്കുകളും സാമൂഹിക അകലവും കൂട്ടം ചേരുന്നതിൽ വിലക്കുമൊന്നുമില്ലാത്ത നാളുകൾക്ക് വേണ്ടി സ്വയം നിയന്ത്രിക്കാം നമുക്ക് നമ്മേതന്നെ.
Share your comments