ഏതു രോഗത്തേയും നിയന്ത്രണത്തിൽ വെയ്ക്കാൻ, അതിൻറെ ആദ്യ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ടൈപ്പ് 2 പ്രമേഹത്തിൻറെ ആദ്യ ലക്ഷണങ്ങളെ കുറിച്ചാണ് എഴുതുന്നത്.
പ്രമേഹ രോഗം, ടൈപ്പ് 1, ടൈപ്പ് 2, എന്നി രണ്ടു തരത്തിൽ ഉണ്ടെന്നുള്ളതെല്ലാം ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കോശങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
ടൈപ്പ് 2 പ്രമേഹത്തിന്റെ ചില സാധാരണ കാരണങ്ങൾ ജീനുകൾ, അമിത വണ്ണം, ഇൻസുലിൻ പ്രതിരോധം, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവയാണ്.
ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
-
ദാഹം - ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനാൽ, വൃക്കകൾ അതിനെ മൂത്രം വഴി പുറം തള്ളുന്നു. ഇത് അനാരോഗ്യകരമായ രീതിയിൽ ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടാനിടയാക്കുന്നു. ആയതിനാൽ ദാഹം വർദ്ധിപ്പിക്കുകയും ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിൽ കടുത്ത നിർജ്ജലീകരണം ഉണ്ടാകുകയും ചെയ്യും.
-
ക്ഷീണം - ഇൻസുലിൻറെ അഭാവത്തിൽ ഗ്ലുക്കോസ് കോശങ്ങളിൽ എത്തപ്പെടാതെ പോകുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനാൽ രോഗിക്ക് ക്ഷീണവും തളർച്ചയും ഉണ്ടാകുന്നു.
-
വിശപ്പ് - രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിൻറെ അപര്യാപ്തമായ അളവ് കാരണം, ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിന് ശരീരം പ്രേരിതമാകുന്നു. ഇത് ഊർജ്ജം ഉപയോഗപ്പെടുത്തുകയും, ടൈപ്പ് 2 പ്രമേഹ രോഗികളിൽ വിശപ്പ് ജനിപ്പിക്കുകയും ചെയ്യുന്നു.
-
കാഴ്ചശക്തിയിൽ കുറവ് വരുന്നു - ടൈപ്പ് 2 പ്രമേഹം ബാധിച്ച രോഗികളിൽ കണ്ടുവരുന്ന ഒരു സാധാരണ ലക്ഷണമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനാൽ കണ്ണുകളിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കാം. മങ്ങിയ കാഴ്ച ഒരു സാധാരണ ലക്ഷണമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് വരെ ഇത് വഴിവച്ചേക്കാം.
-
മുറിവ് ഉണങ്ങുന്നതിലെ താമസം - രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ശരീരത്തിൻറെ പ്രതിരോധ ശക്തി കുറയുന്നു. ഇത് മുറിവ് ഉണക്കുന്നതിന് കാലതാമസം ഉണ്ടാകുവാൻ കാരണമാകുകയും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Share your comments