ഭൂമിയുടെയും ഭൂഗോളത്തിലെ ജീവജാലങ്ങളുടെയും ഉൽപത്തിയെയും പരിവർത്തനത്തെയും കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാലും കോഴിയാണോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്നാൽ, കോഴിയെയും കോഴിമുട്ടയെയും താരതമ്യം ചെയ്യുമ്പോൾ, ഇതിലേതിലാണ് പ്രോട്ടീനും പോഷകങ്ങളും കൂടുതലുള്ളതെന്ന് മനസിലാക്കാം.
മുട്ടയുടെ മൂല്യങ്ങൾ
ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നില്ല. അതിനാൽ തന്നെ മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്.
100 ഗ്രാം ഭാരം വരുന്ന ഒരു പുഴുങ്ങിയ മുട്ടയിൽ 10.61 ഗ്രാം കൊഴുപ്പ്, 155 കിലോ കലോറി ഊർജ്ജം, 12.58 ഗ്രാം പ്രോട്ടീൻ, 1.12 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുള്ളതായാണ് പറയുന്നത്.
കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, മാംഗനീസ്, സെലിനിയം, ഫ്ലൂറൈഡ്, വൈറ്റമിൻ എ, വൈറ്റമിൻ ബി കോംപ്ലക്സ്, കൂടാതെ വൈറ്റമിൻ കെ കോംപ്ലക്സ് എന്നിവ മുട്ടയിൽ ധാരാളമുണ്ട്. രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും മുട്ട ഉപയോഗപ്രദമാണ്.
ചിക്കന്റെ മൂല്യങ്ങൾ
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് കോഴിയിറച്ചി. കാത്സ്യം, ഇരുമ്പ്, സോഡിയം, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ ഉറവിടമാണ് ചിക്കൻ. 100 ഗ്രാം ചിക്കനിൽ 143 കിലോ കലോറി ഊർജ്ജം അടങ്ങിയിട്ടുണ്ട്. 24.11 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം കൊഴുപ്പ് എന്നിവയും ഇവ ഉൾക്കൊള്ളുന്നതായാണ് കണക്കുകൾ വിശദീകരിക്കുന്നത്.
കോഴിമുട്ട പോലെ തന്നെ കോഴിയിറച്ചിയും ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. മസിലുകൾ ഉണ്ടാകുന്നതിനും ഇറച്ചി മികച്ചതാണ്. ചിക്കൻ ബ്രെസ്റ്റിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഇവ വളരെ പ്രയോജനകരമാണ്. ഈ ഭാഗത്ത് കൊഴുപ്പും കലോറിയും കുറവായി കാണപ്പെടുന്നു. ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിക്കൻ കാൽ, തുടകൾ, ചിറകുകളുടെ ഭാഗം എന്നിവ കഴിക്കുന്നതും പ്രയോജനപ്പെടും.
പ്രോട്ടീന്റെ കുറവ് കാരണം ആളുകൾക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടാകുന്നു. മാരാസ്മസ്, എഡിമ, മസിൽ നഷ്ടം, സോറിയാസിസ്, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പ്രോട്ടീന്റെ അഭാവത്താൽ സംഭവിക്കുന്നു.
ചർമത്തിൻറെയും മുടിയുടെയും ആരോഗ്യത്തിനും പ്രോട്ടീൻ ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: വെറുമൊരു കോഴിമുട്ട ഗിന്നസിൽ ഇടം പിടിച്ചു!!!
ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. നിങ്ങൾക്ക് 50 കിലോഗ്രാം ശരീരഭാരം ഉണ്ടെങ്കിൽ എല്ലാ ദിവസവും 40 ഗ്രാം പ്രോട്ടീൻ ആവശ്യമായി വരും.
മുട്ടയാണോ ചിക്കനോണോ നല്ലത്? (Egg or Chicken; Which is Best?)
അതിനാൽ തന്നെ മുട്ടയാണോ ചിക്കനോണോ കൂടുതൽ പ്രയോജനകരമെന്ന് ചോദിച്ചാൽ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തന്നെയാണ്. എന്നാൽ, മുട്ടയിൽ പോഷകങ്ങളും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. കോഴിയിറച്ചിയേക്കാൾ വില കുറവും മുട്ടയ്ക്കാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ചിക്കനേക്കാൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നതും കോഴിമുട്ട തന്നെയാണ്. അതിനാൽ, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മുട്ട ഭക്ഷണശൈലിയിൽ സ്ഥിരപ്പെടുത്തുക.
Share your comments