അതിപ്രാചീനകാലം മുതൽ ആയുർവേദ ഔഷധങ്ങളിൽ വെള്ളുത്തുള്ളി ചേർത്തുവരുന്നു.ഇത് നാഡീക്ഷീണത്തെ അകറ്റി ഉത്തേജകശക്തി വർദ്ധിപ്പിക്കും. വാതകഫത്തെ ശമിപ്പിക്കും. തെറ്റി വരുന്ന ആർത്തവത്തെ ക്രമപ്പെടുത്തും. കൃമിയെ ശമിപ്പിക്കും. മൂത്രത്തെ വർദ്ധിപ്പിക്കും. മേദസ്സ് കുറയ്ക്കും. കർണ്ണശൂലയെ ഇല്ലാതാക്കും.
വായ് തുറക്കാനും അടയ്ക്കാനും പ്രയാസമുണ്ടാക്കുന്ന ഹനുസ്തംഭം എന്ന വാതരോഗത്തിന് വെളുത്തുള്ളിയും ഇന്തുപ്പും കൂടി അരച്ച് ഒന്നര ഗ്രാം വീതം എള്ളെണ്ണയിൽ ചാലിച്ച് ദിവസം മൂന്നു നേരം കഴിക്കുകയും ഇതിനെ പുറമേ ലേപനം ചെയ്യുന്നതും നന്നാണ്.
വയറുവേദന, വയറുവീർപ്പ്, വായുക്ഷോഭം (ഗ്യാസ്ട്രബിൾ) വയറിൽ മുഴച്ചു വരുന്ന ഗുന്മരോഗം ഇവയ്ക്ക് വെളുത്തുള്ളി, അയമോദകം, കായം ഇവ തുമ്പനീരിലരച്ച് ഓരോ ഗ്രാം ഗുളികകളാക്കി വച്ചിരുന്ന് മോരിലോ ചൂടുവെള്ളത്തിലോ ദിവസം മൂന്നുനേരവും സേവിക്കുന്നതു നന്ന്. മേദസ്സു വർദ്ധിക്കുമ്പോൾ പാലിൽ വെളുത്തുള്ളി ചതച്ചിട്ടു കാച്ചി തുടരെ കഴിക്കുന്നതു വിശേഷമാണ്.
ഉദരകൃമി വർദ്ധിച്ചുണ്ടാകുന്ന വേദനയ്ക്കും മറ്റ് ഉപദ്രവരോഗങ്ങൾക്കും വെളുത്തുള്ളി, വിഴാലരി, കാട്ടുജീരകം ഇവ സമമായെടുത്ത് വെളുത്തുള്ളി നീരിൽ തന്നെ അരച്ച് ഓരോ ഗ്രാം ഗുളികളാക്കി വെച്ചിരുന്ന് ദിവസം മൂന്നു നേരം മോരിൽ കഴിക്കുന്നതും വിശേഷമാണ്.
ബ്ലഡ് പ്രഷറിന് വെളുത്തുള്ളി തൊലികളഞ്ഞ് ഒരു സ്ഫടിക പാത്രത്തിൽ സൂക്ഷിച്ച് ഇരട്ടി ചെറുതേനും ചേർത്തു വെച്ചിരുന്ന് ഒരു മാസത്തിനുശേഷം ടിസ്പൂൺ കണക്കിന് ദിവസവും രാത്രി ഭക്ഷണത്തിനോടൊപ്പം കഴിച്ചു ശീലിക്കുന്നത് അതിവിശേഷമാണ്. നെഞ്ചത്തും പുറത്തുമുണ്ടാകുന്ന നീർക്കെട്ടിന് വെളുത്തുള്ളി കടുകെണ്ണയിൽ അരച്ചു ചേർത്ത് കാച്ചി വെച്ചിരുന്ന് പുറമേ ലേപനം ചെയ്യുന്നതു നന്നാണ്. കൂടാതെ കാൽ വിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന വളം കടിക്കും അഴുക്കലിനും അതിവിശേഷമാണ്.
Share your comments