രോഗം തിരിച്ചറിഞ്ഞു ശരിയായ സമയത്ത് ചികിത്സ നൽകാതിരുന്നാൽ കാഴ്ച പൂർണ്ണമായും നഷ്ടമാകാവുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. 60 വയസ്സിന് മുകളിലുള്ളവർ, പ്രമേഹബാധിതർ, രക്താതിമർദമുള്ളവർ, നേത്രരോഗങ്ങൾ ഉള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമയുള്ളവർ, ദീർഘകാലമായി കോർട്ടിക്കോസ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും വേണം നല്ല പരിചരണവും ആരോഗ്യവും
കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക് നാഡിയിൽ കേടുപാടുകൾ സംഭവിക്കുന്നതാണ് ഗ്ലോക്കോമയ്ക്ക് കാരണമാകുന്നത്. ഈ നാഡി കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ കൈമാറുന്ന ജോലി ചെയ്യുന്നതിനാൽ ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ അത് കാഴ്ച്ചയെ ബാധിക്കും. മിക്ക കേസുകളിലും, ഗ്ലോക്കോമ വളരെ സാവധാനത്തിലാണ് കാഴ്ച്ചയെ ബാധിക്കുന്നതെങ്കിലും, പെട്ടെന്ന് കാഴ്ച്ച നഷ്ടപെടുന്ന കേസുകളും ഉണ്ട്. ഗ്ലോക്കോമയിൽ നിന്നുള്ള കാഴ്ച നഷ്ടത്തിന് ചികിൽസയില്ല. അതിനാൽ രോഗം തിരിച്ചറിഞ്ഞ് നാഡിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് ഗ്ലോക്കോമ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. ഗ്ലോക്കോമയ്ക്ക് ശരിയായ ചികിത്സ നൽകുന്നതിലൂടെ കൂടുതൽ കാഴ്ച നഷ്ടപ്പെടുന്നത് തടയാൻ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണാണ് മറക്കരുത്
കാരണങ്ങൾ
കണ്ണിനുള്ളിലെ ഉയർന്ന മർദ്ദം ഗ്ലോക്കോമയ്ക്ക് കാരണം. സാധാരണ സാഹചര്യത്തിൽ, കണ്ണിലെ പ്രഷർ നിലനിർത്തുന്നതിനായി കണ്ണ് തുടർച്ചയായി ലിക്വിഡുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഗ്ലോക്കോമ രോഗികളിൽ ഈ ദ്രാവകത്തിൻറെ ഉൽപ്പാദനം കൂടിയോ കുറഞ്ഞോ ആയിരിക്കും. ഇത് കണ്ണിനുള്ളിലെ ഉയർന്ന മർദ്ദത്തിലേക്ക് നയിക്കുകയും ഒപ്റ്റിക് നാഡിക്ക് കേടു സംഭവിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
പലതരം ഗ്ലോക്കോമ ഉണ്ട്. ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ, ആംഗിൾ ക്ലോഷർ ഗ്ലോക്കോമ, നോർമൽ ടെൻഷൻ ഗ്ലോക്കോമ എന്നിവയാണ്. പ്രായമായവരിലും, പാരമ്പര്യമായും, മയോപ്പിയ (ഹ്രസ്വദൃഷ്ടി) ഉള്ളവർ എന്നിവരിലാണ് ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ കൂടുതൽ കാണുന്നത്. ആദ്യം കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല. ചിലരിൽ വശങ്ങളിലെ കാഴ്ച നഷ്ടപ്പെട്ട് ഒരു കുഴലിലൂടെ കാണുന്ന പോലെ തോന്നുന്ന അവസ്ഥ (ട്യൂബുലാർ വിഷൻ) ഉണ്ടാകും.
ചികിത്സ
മരുന്ന് ചികിത്സ, ലേസർ ചികിത്സ, ശസ്ത്രക്രിയ എന്നിവയുണ്ട്. ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്കാണ് മരുന്നു ചികിത്സ കൂടുതലും ഉപയോഗിക്കുന്നത്. തുള്ളിമരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. അക്വസ് ദ്രവത്തിന്റെ ഉത്പാദനം കുറയ്ക്കാനുള്ള മരുന്നുകളും ദ്രവം പുറത്തേക്ക് ഒഴുകുന്നത് എളുപ്പമാക്കുന്ന മരുന്നുകളും നൽകും.
ലേസർ ചികിത്സ ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയ്ക്കാണ് ഉപയോഗിക്കാറുള്ളത്. പെട്ടെന്ന് കണ്ണിലെ പ്രഷർ കുറയ്ക്കാനാണ് ലേസർ ഉപയോഗിക്കുന്നത്. ഇത് ദ്രാവകം തടസ്സം കൂടാതെ ഒഴുകാനും അങ്ങനെ പ്രഷർ കുറയാനും സഹായിക്കും.
ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് മരുന്നുകൾ ഉപയോഗിച്ചിട്ടും പ്രഷർ നിയന്ത്രണത്തിലാക്കാൻ സാധിക്കുന്നില്ലെങ്കിലും ശസ്ത്രക്രിയ വേണ്ടിവരും. അക്വസ് ഹ്യൂമർ ഒഴുക്കാൻ ഒരു കുഴൽ ഉണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഗ്ലോക്കോമ പൂർണമായും ഭേദമാകില്ല. എന്നാൽ കൃത്യമായി ചികിത്സ ചെയ്യുന്നത് വഴി രോഗം കൂടാതെ നോക്കാം. രോഗം നേരത്തെ തന്നെ തിരിച്ചറിയണം. കാഴ്ച പൂർണമായി നഷ്ടപ്പെടാതിരിക്കാൻ ഇതാണ് വഴി.
Share your comments