നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ ഒരു കപ്പ് ചായയിലായിരിക്കും. ടെന്‍ഷനും തലവേദനയും അകറ്റാന്‍ പോലും ചായയെ കൂട്ടുപിടിക്കുന്നവരുണ്ട്.
ചായയെ ഒരു വികാരമായി കൊണ്ടുനടക്കുന്നവരും കുറവല്ല. ദിവസവും കട്ടന്‍ചായയും ഗ്രീന്‍ ടീയും മസാല ടീയുമെല്ലാം കുടിച്ച് നിങ്ങള്‍ക്ക് മടുത്തെങ്കില്‍ ഇനിയല്പം പൂക്കള്‍ ചേര്‍ത്ത ചായ പരീക്ഷിക്കാം. ഇതിനാവട്ടെ ആരോഗ്യഗുണങ്ങളും നിരവധിയാണത്രേ.
ആരോഗ്യത്തിന് ചെമ്പരത്തിച്ചായ
ഔഷധഗുണങ്ങള്‍ ഏറെയുളള ഒരു ഹെര്‍ബല്‍ ചായയാണ് ചെമ്പരത്തി ചേര്‍ത്ത ചായ. ചെമ്പരത്തിപ്പൂക്കള്‍ ഉണക്കിയ ശേഷം വെളളത്തിലിട്ട് തിളപ്പിച്ചെടുത്താണ് ഈ ചായ ഉണ്ടാക്കുന്നത്. ചെമ്പരത്തിച്ചായയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പറയപ്പെടുന്നു. ചെമ്പരത്തിച്ചായ സ്ഥിരമായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്.
ശംഖുപുഷ്പം കൊണ്ടും ചായ
ശംഖുപുഷ്പം നമ്മുടെ നാട്ടിലൊക്കെ ഇപ്പോള്‍ വളരെ അപൂര്‍വ്വമായേ കണ്ടുകിട്ടാറുളളൂ. എങ്കില്‍ കേട്ടോളൂ ശംഖുപുഷ്പം ഉപയോഗിച്ചുണ്ടാക്കുന്ന ബ്ലൂ ടീ ആരോഗ്യത്തിലും രുചിയിലും ഏറെ മുന്നിലാണ്. ഇത്തരം ചായ ഉണ്ടാക്കുന്നതിനായി ശംഖുപുഷ്പം നന്നായി വെയിലത്ത് ഉണക്കണം. വെളളം തിളപ്പിച്ച ശേഷം ഈ പൂക്കള്‍ അതിലിടാം. വെളളം നീലനിറമാകുന്നതു വരെ കുതിരാന്‍ വയ്ക്കാം. പിന്നീട് ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് പഞ്ചസാരയോ തേനോ ചേര്‍ത്ത് കുടിയ്ക്കാവുന്നതാണ്. ഈ ചായ തന്നെ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷവും ഉപയോഗിക്കാവുന്നതാണ്. ശംഖുപുഷ്പം ഉപയോഗിച്ചുണ്ടാക്കിയ ചായയില്‍ അല്പം നാരങ്ങയുടെ നീര് ചേര്‍ത്താല്‍ പള്‍പ്പിള്‍ നിറമുളള ചായ റെഡി.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ റോസാച്ചായ
റോസാപ്പൂക്കള്‍ ഇഷ്ടമില്ലാത്തവരില്ല. മിക്ക വീടുകളിലും റോസാപ്പൂക്കളും കാണും. എന്നാല്‍ കേട്ടോളൂ റോസാച്ചെടികള്‍ ഉത്പാദിപ്പിക്കുന്ന വിത്ത് ഉള്‍പ്പെടുന്ന റോസ് ഹിപ്പ്, ചെമ്പരത്തി, തേയില എന്നിവ അല്പനേരം തിളപ്പിക്കുക. ശേഷം ആവശ്യത്തിന് മധുരം ചേര്‍ത്ത് കുടിയ്ക്കാവുന്നതാണ്. വിറ്റാമിന്‍ സി കൂടുതലായി ലഭിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉത്തമമാണിത്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാനും ഇത് സഹായിക്കും.
ടെന്‍ഷന്‍ കുറയ്ക്കും മുല്ലപ്പൂവ് ചായ
മുല്ലപ്പൂവിന്റെ മണം ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. ചായയില്‍ അല്പം മുല്ലപ്പൂവ് കൂടി ചേര്‍ത്താല്‍ ഗുണങ്ങള്‍ പലതാണ്. ചൂടുവെളളത്തില്‍ തേയിലയ്‌ക്കൊപ്പം അല്പം ചതച്ചെടുത്ത മുല്ലപ്പൂവ് ചേര്‍ത്ത് തിളപ്പിച്ചാല്‍ ചായ തയ്യാര്‍. ചെറിയ കയ്പ്പുണ്ടാകാനിടയുളളതിനാല്‍ കൂടുതല്‍ നേരം തിളപ്പിക്കരുത്. ചായ തയ്യാറാക്കി അതിലല്പം തേനോ പഞ്ചസാരയോ ആവശ്യാനുസരണം ചേര്‍ക്കാം. മാനസിക പിരിമുറുക്കങ്ങള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം ഈ ചായ നിങ്ങളെ സഹായിക്കും.
ജമന്തിച്ചായ
ജമന്തിച്ചായയെന്ന് കേട്ട് നെറ്റി ചുളിക്കല്ലേ. ജമന്തിപ്പൂക്കള്‍ അറിയാത്തവരില്ലല്ലോ. രാത്രിയില്‍ ഭക്ഷണശേഷം ജമന്തിച്ചായ കുടിയ്ക്കുന്നത് മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുമത്രേ. അതുപോലെ ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ചായ ഉത്തമമാണ്.
കുങ്കുമപ്പൂവ് ചേര്‍ത്ത ചായ
കുങ്കുമപ്പൂവ് ചേര്‍ത്ത ചായയെക്കുറിച്ച് നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലേ? വലിയ രുചിയൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഉത്തമമാണിത്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/purple-tea-new-way-in-tea/
Share your comments