കഴുത്തില്‍ മുഴകള്‍ ഉണ്ടാകുവാൻ പല കാരണങ്ങളുമുണ്ട്. ലിഫ്‌നോഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കങ്ങള്‍, തൈറോയിഡ് ഗ്രന്ഥിയിലെ വീക്കങ്ങള്‍, ഉമിനീര്‍ ഗ്രന്ഥിയുടെ വീക്കങ്ങള്‍, ലൈപ്പോമ, സെബീഷ്യസ് എന്നിവയൊക്കെ കഴുത്തിലെ മുഴകൾക്ക് കാരണമാകുന്നു. പക്ഷെ ഈ മുഴകള്‍ അപകടകാരികളല്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
അപകടകാരികളും അല്ലാത്തതുമായ രണ്ടുതരം മുഴകൾ കഴുത്തിന് ചുറ്റും കാണാറുണ്ട്. അപകടകാരികളായ മുഴകള്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. എന്നാല്‍ ബഹുഭൂരിപക്ഷം സമയത്തും ഇത്തരം മുഴകള്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളോ, ക്യാന്‍സറിന്‍റെ ഭാഗമായി വരണമെന്നുമില്ല. ഉദാഹരണമായി തൈറോയിഡ് ഗ്രന്ഥിയുടെ മുഴകള്‍. കേരളത്തില്‍ തൈറോയിഡ് ഗ്രന്ഥിയുടെ മുഴ സാധാരണമായി കാണുന്ന ഒന്നാണ്.
മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍, സോളിറ്ററി നോഡ്യൂല്‍ തൈറോയിഡ്, അതായത് ഒന്നിലേറെ മുഴകള്‍ ഉള്ള തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം, ഒറ്റമുഴയുള്ള തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം, തൈറോയിഡ് ഗ്രന്ഥിക്ക് മുഴകള്‍ ഇല്ലാത്ത വീക്കം തുടങ്ങി പലതരത്തില്‍ ഈ രോഗം കാണാറുണ്ട്. ഈ മുഴകളില്‍ നല്ലൊരു ശതമാനവും അപകടകരമായ അഥവാ ക്യാന്‍സര്‍ അല്ലാത്ത മുഴകളാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി (FNAC) ടെസ്റ്റ് ഉപയോഗിച്ച് ഇത്തരം മുഴകള്‍ പരിശോധിക്കാവുന്നതാണ്. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ സ്‌കാനിനും, തൈറോയിഡ് ഗ്രന്ഥിയുടെ ഹോര്‍മോണിന്‍റെ കുറവിനൊപ്പം എഫ്.എന്‍.എ.സി എന്ന ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ഈ ടെസ്റ്റിലൂടെ ഈ മുഴ ക്യാന്‍സറാണോ എന്നും മുഴ ഏത് ടൈപ്പിലുള്ളതെന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. മുഴ ഏത് തരമാണ് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ അതിനുള്ള ചികിത്സയും ലഭ്യമാണ്. അത്യപൂര്‍വ്വമായി മാത്രമേ തൈറോയിഡില്‍ ക്യാന്‍സറിന്‍റെ മുഴകള്‍ ഉണ്ടാവുകയുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡ് പ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം
ഉമിനീര്‍ ഗ്രന്ഥിയുടെ മുഴകളും പരോറ്റഡ് ഗ്രന്ഥിയുടെ മുഴയും ചിലരില്‍ കാണാറുണ്ട്. ഇത്തരം മുഴയുടെ വീക്കത്തില്‍ വേദനയും പനിയും സാധാരണയായി കണ്ടുവരുന്നുണ്ട് . ഇതിലെ ക്യാന്‍സറുകള്‍ക്ക് കട്ടികൂടിയ അല്ലെങ്കില്‍ അമര്‍ത്തുമ്പോള്‍ കൂടുതല്‍ കാഠിന്യമുള്ള മുഴയായി ആണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം മുഴകള്‍കളേയും അള്‍ട്രാ സൗണ്ട് അല്ലെങ്കില്‍ എഫ്.എന്‍.എ.സി ടെസ്റ്റലൂടെയും തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന കഴുത്തിൽ കാണുന്ന മുഴയാണ് ലിഫ്‌നോഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കം. ഈ മുഴകളും ആന്‍റി ബയോട്ടിക്കുകളിലൂടെ മാറാതെ നില്‍ക്കുന്ന അവസരത്തില്‍ എഫ്.എന്‍.എ.സി എന്ന ടെസ്റ്റിലൂടെയും ആവശ്യമെങ്കില്‍ ബയോഫ്‌സിയിലൂടെയും നമുക്ക് തിരിച്ചറിയാന്‍ കഴിയും. കഴുത്തിന് ചുറ്റുമുണ്ടാകുന്ന മറ്റ് മുഴകള്‍ സെബേഷ്യോസിസ്റ്റ് അഥവാ തൊലിപ്പുറത്തുണ്ടാകുന്ന നിരുപദ്രവകാരിയാകുന്ന മുഴ, കൊഴുപ്പ് കെട്ടിക്കിടക്കുന്ന ലൈപ്പോമ എന്ന മുഴകളും എഫ്.എന്‍.എ.സി എന്ന ടെസ്റ്റിലൂടെ തിരിച്ചറിയാന്‍ കഴിയും ഇത്തരം മുഴകളെ നീക്കം ചെയ്യുകയും , ബയോഫ്‌സി പരിശോധനയിലൂടെ ക്യാന്‍സറല്ല എന്ന് മനസിലാക്കാനും കഴിയും.
കഴുത്തിൽ കാണുന്ന അധിക മുഴകളും നിരുപദ്രവകാരികളാണെങ്കിലും അപൂര്‍വ്വമായി ഉണ്ടാകുന്ന ചില മുഴകള്‍ ക്യാന്‍സറാകാനുള്ള സാധ്യത നിലവിലുണ്ട്. അതിനാല്‍ തന്നെ മുഴ ഏത് തരമാണെന്ന് പരിശോധിക്കുകയും ആവശ്യമാണെങ്കില്‍ എഫ്.എന്‍.എ.സി പരിശോധനകളും മറ്റും നടത്തി മുഴ ഉപദ്രവകാരിയല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments