കടന്നലോ തേനീച്ചയോ കുത്തിയാല്‍
കടന്നൽ തേനീച്ച മുതലായവ ‘ഹിംനോപ്റ്റെറ’ എന്ന ഷഡ്‌പദ വിഭാഗത്തിൽ വരുന്ന ജീവികളാണ്. ഉറുമ്പുകളും ഇതേ വിഭാഗത്തിൽ തന്നെ വരുന്നവയാണ്. കൂട്ടമായി ജീവിക്കുന്ന ഇവ തങ്ങളുടെ വാസസ്ഥലത്തെ സംരക്ഷിക്കാനായി മാത്രം ശത്രുക്കളെ ആക്രമിക്കുന്നവരാണ്. തീക്ഷ്ണമായ ഗന്ധം, വർണം, ശബ്ദം എന്നിവയെല്ലാം അവയെ ഭയപ്പെടുത്തുകയും അക്രമാസക്തരാക്കുകയും ചെയ്യും. മിക്കവാറും ഇവയുടെ ആക്രമണം ഗുരുതരലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാതെ ശമിക്കുമെങ്കിലും ചിലപ്പോഴെങ്കിലും അവ മരണകാരിയുമാകുന്നു.
തേനീച്ചയും കടന്നലും അവയുടെ കൊമ്പു പോലുള്ള അവയവം (Sting) വച്ചാണ് ശത്രുക്കളെ ആക്രമിക്കുന്നത്. കുത്തുന്നതോടു കൂടി തേനീച്ചകൾ മരണപ്പെടുന്നു. ഇതിനു കാരണം അവയുടെ കൊമ്പിന്റെ ഒരു ഭാഗവും, വിഷസഞ്ചിയും വയറിന്റെ തന്നെ ഒരു ഭാഗവും ഒടിഞ്ഞു ശത്രുവിന്റെ ശരീരത്തിൽ തറഞ്ഞിരിക്കുന്നതുകൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ കടന്നലുകൾക്ക് വീണ്ടും വീണ്ടും കുത്താനാകും.
രണ്ടു തരത്തിലാണ് ഇത്തരം വിഷ ദംശങ്ങൾ മനുഷ്യരിൽ ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്. പൊതുവിൽ അത്ര മാരകം ഒന്നും അല്ലാത്ത ഈ വിഷം ശരീരത്തിന്റെ സ്വയംപ്രതിരോധ ശക്തിയെ ഉണർത്തുകയും ലക്ഷണങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു(allergic reactions). ചില വ്യക്തികളിൽ പക്ഷെ ഇത് നിയന്ത്രണാതീതമാകുകയും അതിമാരകമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം. കടന്നലോ തേനീച്ചയോ കൂട്ടമായി ആക്രമിക്കുമ്പോൾ വലിയ അളവിൽ വിഷം ഉള്ളിൽ ചെല്ലുകയും, അവ മാരക ലക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്യും(toxic reactions).
നിസ്സാരമായ ചില ലക്ഷണങ്ങൾ മാത്രം പുറപ്പെടുവിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വയം ഇല്ലാതാവുന്നവയാണ് ഭൂരിഭാഗം തേനീച്ച/കടന്നൽ വിഷങ്ങളും.
കുത്തിയ സ്ഥലത്തു ഉടനെ തന്നെ ശക്തമായ പുകച്ചിലോടു കൂടിയ വേദന.
ചുവന്നു വട്ടത്തിൽ തിണർത്തു പൊന്തുക.
കടിച്ച സ്ഥലത്തിന് ചുറ്റും ചെറിയ തോതിൽ നീര് കാണുക.
ചെറിയ തോതിലുള്ള കടച്ചിൽ.
കടിച്ച ഭാഗത്തു ഖനം തോന്നുക.
ചിലപ്പോഴെങ്കിലും ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുക.
എന്നിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ.
കുറച്ചു കൂടി സാരമായ ലക്ഷണങ്ങൾ കാണിച്ചു ഏഴു മുതൽ പത്തു ദിവസം വരെ എടുത്തു മാറിപ്പോകുന്ന രീതിയിലും ഇത് കാണാം.
കടിച്ച ഭാഗവും ചുറ്റുപാടും ചുവന്നു തടിക്കുക.
അൽപ്പാൽപമായി കടിച്ച ഭാഗത്തു നിന്നും മറ്റിടങ്ങളിലേക്ക് പടരുന്ന നീര്.
സാരമായ കടച്ചിൽ.
ദേഹത്തിനു ഖനം.
തലവേദന.
മുതലായവയൊക്കെ ലക്ഷണങ്ങളായി കണ്ടേക്കാം.
പെട്ടെന്നുതന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ, ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന വളരെ ഗുരുതര സ്വഭാവമുള്ള കടന്നൽ വിഷങ്ങളും ചെറിയ ശതമാനമാണെങ്കിൽ പോലും കാണാം.
വളരെ പെട്ടെന്ന് ദേഹം മുഴുവനും ചുവന്നു തിണർക്കുക.
ദേഹമാകെ ചൊറിച്ചിൽ.
കടിച്ച ഭാഗത്തും, മുഖത്തും, കവിളിലും, കൺതടങ്ങളിലും, നാക്കിലും, തൊണ്ടയിലും നീര് വച്ച് വീർക്കുക.
ശ്വാസതടസ്സം അനുഭവപ്പെടുക.
ഛർദിക്കുക.
വയറിളകി പോകുക.
തലചുറ്റൽ, ബോധക്ഷയം.
ഹൃദയമിടിപ്പ് വളരെ വേഗത്തിലാവുക
തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം.
മാരകമായേക്കാവുന്ന ഇത്തരം ലക്ഷണങ്ങൾ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ കാണിച്ചുതുടങ്ങും. മരണം സംഭവിക്കുകയാണെങ്കിൽ സാധാരണയായി അത് ആദ്യ മുപ്പതു മിനിറ്റുകൾക്കുള്ളിൽ നടക്കും എന്നാണു പഠനങ്ങൾ കാണിക്കുന്നത്.
അടിയന്തര വൈദ്യ സഹായം തേടേണ്ടവർ
ശ്വാസതടസ്സം, ഛർദി, വയറിളക്കം, തലചുറ്റൽ, കഴുത്തു, നാവ്, മുഖം തുടങ്ങി കടിച്ച ഭാഗത്തല്ലാതെ വരുന്ന നീര്, ശബ്ദം അടയുക, കൈകാലുകൾ തണുക്കുക എന്നിവയൊക്കെ കണ്ടാൽ ഒട്ടും സമയം കളയാതെ വിദഗ്ധ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
ഒരിക്കൽ ഇത്തരം ലക്ഷണങ്ങൾ കാണിച്ച രോഗിക്ക് പിന്നീട് ഏൽക്കുന്ന വിഷദംശങ്ങൾ എല്ലാം തന്നെ ഇതേ രീതിയിൽ മാരകമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ലക്ഷങ്ങൾക്ക് കാത്തു നിൽക്കാതെ ഇത്തരക്കാരെ പെട്ടെന്നുതന്നെ ചികിത്സക്കു വിധേയമാക്കണം.
ഒന്നിലധികം കുത്തുകൾ ഒന്നിച്ചു ലഭിച്ചവരെയും പെട്ടെന്നുതന്നെ ചികിത്സക്കു വിധേയമാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും അവർ കുട്ടികളോ വൃദ്ധരോ ഗർഭിണികളോ ഹൃദ്രോഗികളോ ആണെങ്കിൽ.
മിക്ക അവസരങ്ങളിലും വലിയ ചികിത്സകൾ ഒന്നും ഇല്ലാതെ തന്നെ പ്രശ്നങ്ങൾ അവസാനിച്ചേക്കാമെങ്കിലും അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും.
പ്രഥമചികിത്സ
കുത്തേറ്റ ഭാഗത്തു മുള്ളു തറച്ചിരിക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധയോടെ മാറ്റുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. മുള്ളിൽ അവശേഷിച്ചിരിക്കുന്ന വിഷം ദേഹത്തു കയറാതെ സംരക്ഷിക്കാൻ ഇത് സഹായിക്കും. കഴിയുന്നതും ബലം ഉപയോഗിച്ച് ഞെക്കികളയാതെ ശ്രദ്ധിക്കുക.
സുഗമമായ ശ്വാസോച്ഛ്വാസം ഉറപ്പുവരുത്തുക,അവ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
ഇറുക്കമുള്ള വസ്ത്രങ്ങൾ പ്രത്യേകിച്ചും കഴുത്തിലും മാറിലും ഉള്ളവ അയച്ചിടുക.
കടിച്ച ഭാഗത്തുള്ള ഇറുകിയ വസ്ത്രങ്ങൾ, മോതിരം മുതലായ ആഭരണങ്ങൾ എന്നിവ ഊരി മാറ്റുക. പിന്നീട് നീര് വന്നാൽ ഇവ അപകടകരമായേക്കാം.
കടിച്ച ഭാഗം കഴിയുമെങ്കിൽ ഉയർത്തി വക്കുക.
മുൻപ് പറഞ്ഞ അപകടകരമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒട്ടും താമസിക്കാതെ വൈദ്യ സഹായം തേടുക.
ഗുരുതരമല്ലാത്ത സന്ദർഭങ്ങളിൽ ചെയ്യാവുന്ന ചില പ്രയോഗങ്ങൾ
മുക്കുറ്റി സമൂലം പറിച്ചെടുത്തു കഴുകി അരച്ച് വെണ്ണചേർത്തു ഉപദ്രവങ്ങൾ ഉള്ളിടത്ത് പുരട്ടിയിടുക. ഇത് തന്നെ ഒരു സ്പൂൺ ഉള്ളിലേക്കും കഴിക്കുക.
നീലയമരിയുടെ ഇലയും വേരും ചേർത്ത് അരച്ച് പുരട്ടുകയും ഉള്ളിലേക്ക് കഴിക്കുകയും ചെയ്യാം.
കറുത്ത തുളസിയുടെ ഇലയും വേരും ഇത് പോലെ തന്നെ അരച്ച് ദേഹം മുഴുവനായും പുരട്ടാം.
നീലയമരി, തുളസി എന്നിവ രണ്ടും ചേർത്ത് ഉള്ളിലേക്കും പുറമേയും ഉപയോഗിക്കാം.
മുറിവിൽ അണുബാധ വരുക, പഴുക്കുക, ഈച്ചകൾ വഴി പകരാൻ സാധ്യത ഉള്ള രോഗങ്ങൾ പിന്നീട് വന്ന് ചേരുക, ഗർഭസ്ഥ ശിശുവിന് വന്നേക്കാവുന്ന അപകടങ്ങൾ എന്നിവ വളരെ വിരളമെങ്കിലും കാണാവുന്നതാണ്. അതാതിനുള്ള വിദഗ്ധചികിത്സകൾ ഉറപ്പുവരുത്തുക.
അപകടം ഒഴിവാക്കുന്നതാണ് നല്ലത്
ഒരിക്കൽ അപകടകരമായ ലക്ഷണങ്ങൾ കാണിച്ച വ്യക്തി എപ്പോഴും ശ്രദ്ധിക്കുക. പെർഫ്യൂമുകൾ പോലെയുള്ള സുഗന്ധദ്രവ്യങ്ങൾ, കടുംനിറമുള്ള വസ്ത്രങ്ങൾ, കടന്നൽ കൂടുകളുടെ അടുത്ത് നിന്നും വിസിൽ പോലെശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുതലായവ ഒഴിവാക്കുക. ഇവ പ്രാണികളെ ആകർഷിക്കുന്നവയാണ്.
ഈച്ച അടുത്തുവന്നാൽ കൈ വീശി ഓടിക്കാൻ ശ്രമിക്കരുത്. ശത്രുവിനെ കുത്തുമ്പോൾ അവപുറപ്പെടുവിക്കുന്ന സ്രവങ്ങൾ മറ്റുള്ളവയെ കൂടുതൽ അക്രമകാരികൾ ആക്കുന്നു.
കടന്നൽ കൂടുകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ശ്രദ്ധ ചെലുത്തുക, അവയുടെ ആവാസ വ്യവസ്ഥയിലേക്കു അതിക്രമിച്ചു കടക്കുമ്പോൾ മാത്രമാണ് അപകടം ഉണ്ടാകുന്നത്.
Share your comments