നല്ല ഭക്ഷണം ലഭ്യമാക്കുവാൻ കർഷകർക്ക് മാത്രമെ കഴിയൂ. അതിനാൽ രാജ്യത്തിൻ്റെ ആരോഗ്യവും, ഭാവിയും കർഷകരുടെ കയ്യിലാണ്. പച്ചക്കറികളാണ് പോംവഴി എന്ന് ശാസ്ത്രം ഇന്ന് ഉറക്കെ പറയുന്നു.
ഏറെ വിശേഷപ്പെട്ട ഭക്ഷണമാണ് പച്ചക്കറികൾ ഭക്ഷണത്തിലെ ഊർജ്ജവും, മധുരവും കൂടുന്നതാണ് ജീവിതശൈലി രോഗങ്ങൾക്ക് കാരണം. പച്ചക്കറികളിൽ ഊർജ്ജവും, മധുരവും നന്നെ കുറവാണ്. അതിനാൽ ഇവ ധാരാളം കഴിക്കാം. പച്ചക്കറികളിൽ ധാരാളം നാരുള്ളതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
പ്രമേഹം മാറില്ല എന്ന ധാരണ മാറിയിരിക്കുന്നു. രോഗം ഇല്ലാത്തവർക്ക് വരാതിരിക്കുവാനും, ഉള്ളവർക്ക് (പ്രത്യേകിച്ച് ആരംഭഘട്ടത്തിൽ) മാറ്റുവാനും സാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്നു. നല്ല ഭക്ഷണമാണ് പ്രധാന പോംവഴി. നിത്യേന വ്യായാമം ചെയ്യുക, ഭാരം നന്നായി നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക ഇവയാണ് മറ്റു മാർഗങ്ങൾ. ഇതാകണം നമ്മുടെ ജീവിതശൈലി.
അന്നജം രക്തത്തിലെ ഗ്ലൂക്കോസ് ആയി പരിണമിക്കുമെന്ന് തിരിച്ചറിഞ്ഞ്, നന്നായി നിയന്ത്രിക്കുകയാണ് പ്രധാനം. 'ഫുഡ് പ്ലേറ്റ്' മാതൃകയിൽ ഭക്ഷണം കഴിക്കണം. പ്ലേറ്റിൽ പകുതി പച്ചക്കറികളും, മധുരം കുറഞ്ഞ പഴവർഗങ്ങളും (ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, സബർജില്ലി തുടങ്ങിയവ) നിറയ്ക്കുക. മറുപകുതിയുടെ പകുതി പ്രോട്ടീൻ (മുട്ട, മീൻ, ചിക്കൻ, പയർ, പരിപ്പ് വർഗ്ഗങ്ങൾ) എടുക്കണം. ധാന്യം പ്ലേറ്റിന്റെ കാൽ ഭാഗമേ പാടുള്ളൂ. ഓരോ നേരവും ഇങ്ങനെയാകണം ഭക്ഷണം.
ഒപ്പം, നല്ല വ്യായാമവും ചെയ്യണം. ആഴ്‌ചയിൽ 150 മിനിറ്റ് എങ്കിലും വ്യായാമം വേണം. വേഗത്തിൽ നടക്കുക, നീന്തുക, പന്ത് കളിക്കുക തുടങ്ങി കിതക്കുന്ന എല്ലാ വ്യായാമവും നല്ലതാണ്. ഇതോടൊപ്പം മാംസപേശികൾക്ക് ശക്തി കൂട്ടുന്നവയും, ശരീരവഴക്കം കൂട്ടുന്ന വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണ്. മുടങ്ങാതെ വ്യായാമം ചെയ്യണം. അരമണിക്കൂറിലധികം ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കണം.
രക്തത്തിലെ ഷുഗർ പരിശോധിക്കുകയും, കുറയുന്നതിനനുസരിച്ച് മരുന്ന് കുറയ്ക്കുകയും വേണം. ശാസ്ത്രീയമായി ഈ രീതിയിലൂടെ പ്രമേഹത്തെയും, രോഗ സാധ്യതയും മാറ്റുന്നതാണ് റിവേഴ്‌സ് ഡയബറ്റിസ്. ആരംഭ ഘട്ടത്തിൽ പലരിലും രോഗം മാറ്റുവാൻ സാധിക്കും. ഏത് ഘട്ടത്തിലും എല്ലാ പേരിലും രോഗം നന്നായി കുറയുകയും ചെയ്യും
Share your comments