ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവിലാണ് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന സാഹചര്യമെത്തിയിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ലഭ്യമാകുന്നതോടെ അതുമായി ബന്ധപ്പെട്ട പല സംശയങ്ങളും ആശങ്കകളും ഉയരുന്നുമുണ്ട്.
ഇക്കൂട്ടത്തിലൊന്നാണ് വാക്‌സിന്‍ 'സൈഡ് എഫക്ടുകള്‍' ഉണ്ടാക്കുമോ എന്നത്. സാരമായ പ്രശ്‌നങ്ങള്‍ വാക്‌സിന്‍ സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ അത്തരം കേസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമാണ്. കാരണം, ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിനകത്തും വാക്‌സിന് അനുമതി ലഭിക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ 'കൊവാക്‌സിന്‍', 'കൊവിഷീല്‍ഡ്' എന്നീ വാക്‌സിനുകളാണ് നല്‍കിവരുന്നത്. ഇവയ്ക്ക് രണ്ടിനും സാധാരണഗതിയിലുള്ള ചെറിയ 'സൈഡ് എഫക്ടുകള്‍' കണ്ടേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തീവ്രത കുറഞ്ഞ പനി, പേശീവേദന, ക്ഷീണം, തലവേദന, ശരീരവേദന, കുളിര്, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് സാധാരണഗതിയില്‍ വാക്‌സിനെടുത്ത ശേഷം കണ്ടുവരുന്ന 'സൈഡ് എഫക്ടുകള്‍'. ഇത് എല്ലാവരിലും കാണണമെന്ന് നിര്‍ബന്ധവുമില്ല. ചിലര്‍ക്ക് മനശാസ്ത്രപരമായ കാരണങ്ങളാലും ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം.
എന്താണെങ്കിലും രണ്ട് മുതല്‍ നാല് വരെയുള്ള ദിവസക്കാലത്തേക്ക് മാത്രമേ ഇവയെല്ലാം നീണ്ടുനില്‍ക്കൂവെന്നും. ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും വിദഗ്ധര്‍ ഉറപ്പുനല്‍കുന്നു. ഏതെങ്കിലും തരത്തില്‍ അസ്വസ്ഥതകള്‍ അധികമായിത്തോന്നിയാല്‍ ഒരു ഫിസീഷ്യനെ കണ്ട് ഇക്കാര്യം ബോധിപ്പിക്കാവുന്നതാണ് തുടര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം.
ശരീരവേദന, തലവേദന, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗുളികകള്‍ വാങ്ങിക്കഴിക്കുന്നത് ഈ ഘട്ടത്തില്‍ പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമമെന്നും വാക്‌സിന്റെ ഫലം കുറയാന്‍ ഒരുപക്ഷേ ഈ മരുന്നുകള്‍ കാരണമായേക്കുമെന്നും കൂടി വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
Share your comments