അസ്ഥിമജ്ജ, ലിംഫറ്റിക് സിസ്റ്റം എന്നിവയുൾപ്പെടെ ശരീരത്തിലെ രക്തം രൂപപ്പെടുന്ന ടിഷ്യൂകളിലെ ക്യാൻസറാണ് ലുക്കീമിയ (Leukemia) അല്ലെങ്കിൽ ബ്ലഡ് ക്യാൻസർ. പല തരത്തിലുള്ള രക്താർബുദങ്ങളുമുണ്ട്. ചിലതരം രക്താർബുദം കുട്ടികളിലും മറ്റ് ചിലതരം കൂടുതലും മുതിർന്നവരിലാണ് കാണുന്നത്. ഏറെ മാരകമായ ക്യാന്‍സറാണ് ബ്ലഡ് ക്യാൻസർ. ബ്ലഡ് ക്യാന്‍സറിന്‍റെ ഏറ്റവും പ്രാരംഭമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- എപ്പോഴുമുണ്ടാകുന്ന ക്ഷീണവും പെട്ടെന്നുണ്ടാകുന്ന വിളര്‍ച്ചയും ഇതിൻറെ ലക്ഷണമാണ്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതാണ് കാരണം. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് ഈ കാരണം കൊണ്ടാകും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.
- ചില സമയങ്ങളിൽ ഉണ്ടാകുന്ന നെഞ്ചുവേദന കാല്‍പ്പാദത്തിലെ നീര്‍ക്കെട്ട് എന്നിവ ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്.
- ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.
- വായ്, മുക്ക് എന്നിവയില്‍നിന്നും മൂത്രം, മലം എന്നിവയില്‍ക്കൂടിയും രക്തം വരുന്നത് ലുക്കീമിയയുടെ പ്രാരംഭ ലക്ഷണമായിരിക്കാം.
- ലുക്കീമിയയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് പനി. പെട്ടെന്ന് ശരീരത്തിലെ ഊഷ്‌മാവ് ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നത് ഏതെങ്കിലുംതരത്തിലുള്ള അണുബാധയുടെ ലക്ഷണമാണ്. ഇതേതരത്തിലാണ് രക്താര്‍ബുദ ലക്ഷണമായ പനിയും കണ്ടുവരുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിന് സമാനലക്ഷണങ്ങളെല്ലാം ലുക്കീമിയ പിടിപെടുമ്പോഴും തുടക്കത്തില്‍ കണ്ടുവരാറുണ്ട്.
- നല്ല തണുത്ത കാലാവസ്ഥയിലും ഉറക്കത്തില്‍ നന്നായി വിയര്‍ക്കുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. ഇതിൻറെ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല
- പെട്ടെന്ന് ശരീരഭാരം അമിതമായി കുറയുന്നതും രക്താര്‍ബുദത്തിന്‍റെ ലക്ഷണമാകാം.
- ഇടയ്‌ക്കിടെ ശരീരത്തില്‍ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments