ലോകത്ത് ഏറ്റവും കൂടുതൽ പേർ ദീർഘനേരം സെൽഫോൺ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. അമിതമായ കംപ്യൂട്ടർ-സെൽഫോൺ ഉപയോഗം വർധിച്ച രക്തസമ്മർദത്തിന് കാരണമാകുമെന്ന വസ്തുതയും സ്ഥിരീകരിക്കപ്പെട്ടു. ഡൽഹിയിലെ ‘ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്’ നടത്തിയതാണ്. ഇക്കഴിഞ്ഞ സെപ്‌റ്റംബർ മാസമാണ് പഠനഫലങ്ങൾ വെളിച്ചംകണ്ടത്.
ഹരിയാണ, മണിപ്പുർ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ അഞ്ചിനും പതിനഞ്ചിനും വയസ്സിനിടയ്ക്കുള്ള സ്കൂൾ കുട്ടികളിൽ നടത്തിയ പഠനം ഏറെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുകൊണ്ടുവന്നു. 15,000 സ്കൂൾ കുട്ടികളാണ് പഠനവിധേയരായത്. ഇക്കൂട്ടരിൽ 23 ശതമാനം പേർക്കും അപകടകരമായി ഉയർന്ന രക്തസമ്മർദം കണ്ടു.
കുട്ടികളിൽ സാധാരണ കാണാവുന്ന പ്രഷർ 120/80 എന്ന് സ്ഥിരപ്പെടുത്തി, 135/90-ൽ കൂടുതൽ കണ്ടവരെയാണ് വർധിച്ച രക്തസമ്മർദമുള്ളവരായി മുദ്രകുത്തിയത്. ഉപ്പ് കൂടിയ, അപഥ്യമായ ആഹാരശൈലിയും അമിതവണ്ണവും വ്യായാമക്കുറവും സ്‌ട്രെസ്സും കുട്ടികളിൽ വർധിച്ച പ്രഷർ ഉണ്ടാക്കുന്നതായി കണ്ടെത്തി. ഈ പഠനം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെപ്പറ്റി തീരുമാനിക്കപ്പെട്ടു.
ഇന്ത്യയിൽ കാണുന്ന അതീവ ഭീഷണമായ ഈ കണക്കുകളുടെ വെളിച്ചത്തിൽ വേണം മേയ് 17-ന് ലോകമെമ്പാടും സമാചരിക്കുന്ന ‘പ്രഷർദിന’ത്തിന്റെ പ്രസക്തിയെ വിലയിരുത്താൻ.
പ്രമേഹബാധിതരിലെ 40 ശതമാനം മരണവും പ്രഷർ വർധിക്കുമ്പോഴത്തെ അപകടാവസ്ഥകൾ കൊണ്ടുതന്നെ. ഗർഭാവസ്ഥയിൽ മാതാവിന്റെയും കുട്ടിയുടെയും പെട്ടെന്നുള്ള മരണത്തിനുള്ള പ്രധാന കാരണമായി, കുതിച്ചുയരുന്ന രക്തസമ്മർദത്തെ പരിഗണിക്കുന്നു.
2025 ആകുമ്പോൾ ലോകജനതയുടെ മൂന്നിലൊന്നു പേരെയും ഈ രോഗാതുരത കീഴ്‌പ്പെടുത്തിയിരിക്കും, അതായത്, 156 കോടി ആൾക്കാർ.
കേരളത്തിലെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇവിടെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാൾക്കെങ്കിലും അമിതരക്തസമ്മർദമുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. കേരളത്തിലെ പൊതുവായ കണക്കെടുപ്പ് പ്രകാരം 40 ശതമാനം പേർക്ക് ഇവിടെ വർധിച്ച പ്രഷറുണ്ട്. ഇക്കൂട്ടരിൽ വെറും 15 ശതമാനം പേർ മാത്രമാണ് പ്രഷർ പരിധിക്കുള്ളിൽ നിയന്ത്രിച്ചുനിർത്തുന്നത്. 75 ലക്ഷത്തിലധികം മലയാളികളിൽ രക്താതിസമ്മർദത്തിന്റെ ആപത്‌കരമായ സങ്കീർണതകൾ കാണപ്പെടുന്നു.
ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണശൈലിയും അമിത മദ്യവിനിയോഗവും കൈമുതലാക്കിയ മലയാളികൾക്ക്, വരുംകാലങ്ങളിൽ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകര വില്ലൻ രക്താതിസമ്മർദം തന്നെ. ഇതാവട്ടെ, അവരെ അകാലമരണത്തിലേക്ക് വലിച്ചിഴക്കുകതന്നെ ചെയ്യും.
അമിതരക്തസമ്മർദം രോഗനിർണയം ചെയ്യുന്നതിലും ചികിത്സ വിജയപ്രദമായി നടത്തുന്നതിലും അടിസ്ഥാനപരമായ പല പ്രശ്നങ്ങളും നിലനിൽക്കുന്നു. പ്രഷർ അധികരിച്ചിട്ടുണ്ടെന്ന വസ്തുത പൊതുജനങ്ങളിൽ നല്ലൊരു ശതമാനം പേർക്കും അറിയില്ല എന്നതാണ് പ്രധാനപ്രശ്നം. മറ്റു രോഗങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ അളക്കുന്ന പരിശോധനയിലൂടെയാണ് പലപ്പോഴും ഇത് കണ്ടുപിടിക്കപ്പെടുന്നതും.
ഇനി പ്രഷർ അധീകരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞവരിൽ, നല്ലൊരു ശതമാനം പേർ അതിനുള്ള സമുചിതമായ ചികിത്സയെടുക്കുന്നില്ല. ചികിത്സയാരംഭിച്ചവരാകട്ടെ, ബി.പി. നിശ്ചിത പരിധിക്കുള്ളിൽ നിയന്ത്രിക്കാൻ ഉദ്യമിക്കുന്നുമില്ല. വൈദ്യനിർദേശം കൂടാതെ പ്രഷറിനുള്ള മരുന്നുകൾ നിർത്തുന്നവരും ഏറെ.
രക്തസമ്മർദം കൃത്യമായി പരിശോധിച്ച്, ഒരുവന്റെ യഥാർഥ പ്രഷർ നിലവാരം നിർണയം ചെയ്ത്, ചികിത്സ ചെയ്യുന്നതിൽ പല അപാകങ്ങളും സംഭവിക്കുന്നു. ക്ളിനിക്കിൽവച്ച് ധൃതിയിൽ എടുക്കുന്ന പ്രഷർ പലപ്പോഴും തെറ്റുന്നു. ഇതിനെ ‘വൈറ്റ് കോട്ട് ഹൈപ്പർ ടെൻഷൻ’ എന്നു പറയുന്നു. ‘വെളുത്ത കോട്ടിട്ട ഡോക്ടറെ’ കാണുമ്പോൾ പ്രഷർ താത്‌കാലികമായി ഉയരുന്നതാണത്. ഇതുമൂലം 20-35 ശതമാനം വരെ പ്രഷർ താത്‌കാലികമായി ഉയരാം.
അടുത്തത് നേരെ വിപരീതമാണ്. ക്ളിനിക്കിൽവച്ച് സാധാരണ ‘ബി.പി’, എന്നാൽ പുറത്തിറങ്ങിയാൽ ഏറ്റക്കുറച്ചിലുകൾ. അതുപോലെ പകലും രാത്രിയും എടുക്കുന്ന ബി.പി.യിൽ വ്യതിയാനങ്ങളുമുണ്ട്. വെളുപ്പാൻകാലത്ത് ഉറക്കമുണരുമ്പോൾ ചിലരിൽ പ്രഷർ കുതിച്ചുയരാറുണ്ട്. ഇക്കൂട്ടർ മിക്കവാറും തലവേദനയോടെയാണ് ഉണരുന്നത്. ഇവരിൽ ഹാർട്ടറ്റാക്കും സ്‌ട്രോക്കും വർധിച്ചതോതിൽ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. അപ്പോൾ ധൃതിയിൽ പ്രഷർ അളന്ന് രോഗനിർണയം നടത്തുന്നതിനു പകരം, ദിവസത്തിന്റെ പല സമയങ്ങളിൽ അളന്ന് രക്തസമ്മർദം തിട്ടപ്പെടുത്തണം.
രാത്രികാലത്ത് രേഖപ്പെടുത്തുന്ന പ്രഷറിന്റെ അളവുകളാണ് ഒരുവന്റെ അപകടസാധ്യത നിർണയിക്കുന്നതിൽ കൂടുതൽ വിശ്വാസയോഗ്യമായി നിൽക്കുന്നത് എന്ന് പുതിയ നിരീക്ഷണങ്ങൾ സ്ഥിരീകരിക്കുന്നു.
സാധാരണഗതിയിൽ പകലുള്ള ഒരാളുടെ പ്രഷർ 10-20 ശതമാനം വരെ രാത്രിയിൽ കുറയണം. ഇത് പാതിരാത്രിക്ക് ശേഷം കൂടുതൽ പ്രകടമാകുന്നു. ഇക്കൂട്ടരെ ‘ഡിപ്പേഴ്‌സ്’ എന്നു വിളിക്കുന്നു. പകലും രാത്രിയും ഒരുപോലെ പ്രഷർ ഉള്ളവർ ‘നോൺ ഡിപ്പേഴ്‌സ്.’ ഇനി രാത്രിയിൽ, പകലുള്ളതിലേക്കാൾ കൂടിയ പ്രഷറുള്ളവരുണ്ട് -‘റിവേഴ്‌സ് ഡിപ്പേഴ്‌സ്’. രാത്രിയിൽ പ്രഷർ കുറയാത്തവർക്കും പകലിനേക്കാൾ കൂടുതലുള്ളവർക്കും ഉറക്കമുണരുമ്പോൾ കുറിച്ചുയരുന്നവർക്കും ഹാർട്ടറ്റാക്ക്, സ്ട്രോക്ക്, ഹൃദയപരാജയം തുടങ്ങിയ മാരക പ്രത്യാഘാതകൾ ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു.
ഇതിനുള്ള പരിഹാരമാണ് 24 മണിക്കൂർ തുടർച്ചയായി ബി.പി. അളക്കുന്ന ‘ആംബുലേറ്ററി ബി.പി. മോനിട്ടറിങ്’. അരയിൽ ബെൽറ്റോട് ചേർന്ന് ഘടിപ്പിച്ച് വയ്ക്കുന്ന ഉപകരണവും 24 മണിക്കൂർ തുടർച്ചയായി ബി.പി. അളക്കുന്ന സംവിധാനവും. ഈ നൂതന പരിശോധനയുടെ വെളിച്ചത്തിൽ ഒരു ദിവസത്തെ പ്രഷറിന്റെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി തിട്ടപ്പെടുത്തി, ചികിത്സ സംവിധാനം ചെയ്യാൻ സാധിക്കും. രാത്രിയിൽ കൂടുതൽ പ്രഷർ ഉള്ളവർക്ക് കിടക്കാൻ നേരം മരുന്നുകൾ കൊടുക്കണം.
അപ്പോൾ പ്രഷർ നിർണയിക്കുന്നതും ചികിത്സിക്കുന്നതും കൂടുതൽ സമഗ്രവും സമ്പൂർണവുമാകണം. ഓർമിക്കുക, നിങ്ങളുടെ ആരോഗ്യവും സ്വാസ്ഥ്യവും നിങ്ങൾക്കുതന്നെ പ്രധാനം.
Share your comments