<
  1. Health & Herbs

അറ്റം വെട്ടുന്നതും മൊട്ടയടിക്കുന്നതും മുടിയ്ക്ക് ഗുണമോ ദോഷമോ? മിഥ്യാധാരണകൾ തിരിച്ചറിയാം...

മുടിയുടെ അറ്റം മുറിച്ചാൽ നന്നായി മുടി വളരുമെന്നും ഷാംപു മുടിക്ക് ദോഷകരമാണെന്നും പല തെറ്റായ ധാരണകളും പ്രചരിക്കുന്നുണ്ട്. ഇത്തരം മിഥ്യാധാരണകൾ ഒഴിവാക്കി കൃത്യമായ പരിപാലനം നൽകിയാൽ മുടി ആരോഗ്യത്തോടെ വളരും.

Anju M U
hair
കേശ സംരക്ഷണവുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ തിരുത്താം...

സമൃദ്ധമായ മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. ആരോഗ്യമുള്ള മുടിയുണ്ടാവാൻ അത്യാവശ്യം നാട്ടുപ്രയോഗങ്ങളും ചെയ്യുന്നവരാണ് മിക്കവരും.

എന്നാൽ മുടിയുമായി ബന്ധപ്പെട്ട് ചില മിഥ്യാധാരണകളുമുണ്ട്. അതായത് കേശ സംരക്ഷണവുമായി ബന്ധപ്പെട്ട ചില കെട്ടുകഥകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരം മിഥ്യാധാരണകൾ ഒഴിവാക്കി കൃത്യമായ പരിപാലനം നൽകിയാൽ മുടി ആരോഗ്യത്തോടെ വളരും.

മുടിയുടെ തുമ്പ് മുറിച്ചാൽ നന്നായി മുടി വളരുമെന്നും ഷാംപു മുടിക്ക് ദോഷകരമാണെന്നും പല തെറ്റായ ധാരണകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചാരങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാം.

മുടി മുറിക്കുന്നത് ഗുണം ചെയ്യുമോ?

മുടി വളരുന്നത് തലയോട്ടിയിൽ നിന്നാണ്. തലയോട്ടിയില്‍ കാണപ്പെടുന്ന ഫോളിക്കിളുകളില്‍ നിന്നാണ് മുടിയുണ്ടാകുന്നത്. അതിനാൽ തന്നെ മുടിയുടെ അറ്റം മുറിക്കുന്നതും മുടി വളരുന്നതുമായി നേരിട്ട് ബന്ധമില്ലെന്ന് തന്നെ പറയാം.

ഓരോ വ്യക്തിയുടെയും മുടി വളരുന്നത് അവരുടെ ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഉള്ളത്. പ്രതിമാസം ഒരു വ്യക്തിയുടെ മുടി അര ഇഞ്ച് അല്ലെങ്കില്‍ വര്‍ഷത്തില്‍ ആറ് ഇഞ്ചോളം വളരുന്നുവെന്നാണ് ശരാശരി കണക്ക്.  

തൊപ്പി ധരിച്ചാൽ മുടി കൊഴിയും?

തൊപ്പി ധരിച്ചത് കൊണ്ട് അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് തെറ്റായ ബോധമാണ്. എന്നാൽ, വൃത്തിയുള്ള തൊപ്പി ധരിച്ചില്ലെങ്കിൽ അണുബാധയ്ക്കും തുടർന്ന് മുടിക്കൊഴിച്ചിലിനും കാരണമാകും. കൂടാതെ, തൊപ്പിയും മറ്റും ഉപയോഗിക്കുമ്പോൾ മുടി വലിച്ചാലും മുടി പൊട്ടുന്ന പ്രശ്നങ്ങളുണ്ടാകും.

ഷാംപൂ ഗുണമോ ദോഷമോ?

പതിവായി ഷാംപൂ ഉപയോഗിച്ചത് കൊണ്ട് മുടി കൊഴിയുമെന്നില്ല. എന്നാൽ, നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ മുടിക്ക് അനുയോജ്യമാണോ എന്നതാണ് പരിശോധിക്കേണ്ടത്.

നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂവിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്.

നിങ്ങളുടെ മുടിയുടെ സ്വഭാവം, ഹെയര്‍സ്‌റ്റൈല്‍, ജീവിതശൈലി എന്നിവയെ ആശ്രയിച്ച് മുടിക്ക് അനുയോജ്യമായ ഷാംപൂവാണ് ഉപയോഗിക്കാൻ ശീലിക്കേണ്ടത്.

ഷാംപൂ പോലെ തന്നെ കണ്ടീഷണർ ഉപയോഗിക്കുന്നതും നല്ലതാണ്. ആരോഗ്യകരമായ അളവില്‍ മുടിയ്ക്ക് പോഷണവും ജലാംശവും ലഭിക്കണമെങ്കിൽ ശരിയായ കണ്ടീഷണിങ്ങും അത്യാവശ്യമാണ്.

തല മൊട്ടയടിച്ചാൽ സമൃദ്ധമായി മുടി വളരും!

തല ക്ഷൗരം ചെയ്താൽ മുടി വേഗം വളരുമെന്ന് പറഞ്ഞ് കുട്ടികളെ മൊട്ടയടിക്കുന്ന ശീലം പൊതുവെ കണ്ടുവരാറുണ്ട്. എന്നാൽ, തല മൊട്ടയടിച്ചാൽ തലയോട്ടിയിലെ ആരോഗ്യമുള്ള മുടിയിഴകളുടെ എണ്ണം വർധിപ്പിക്കില്ല. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുന്നതിലും ഇത് സ്വാധീനിക്കില്ല.

നരച്ച മുടി മുറിച്ചു കളയരുത്....

നരച്ച മുടി പിഴുതു മാറ്റിയാല്‍ ഇരട്ടിയെണ്ണത്തിൽ പുതിയ നരച്ച മുടികൾ ഉണ്ടാകുമെന്നത് മിഥ്യാധാരണയാണ്. നമ്മുടെ മുടിയിൽ വിറ്റാമിനുകളുടെ കുറവ് മൂലവും അതുമല്ലെങ്കിൽ ജനിതകത്തിന്റെയും വാർധക്യത്തിന്റെയും ഫലമായാണ് നരച്ച മുടി ഉണ്ടാവുന്നത്. നരച്ച മുടി പിഴുതുകളയുന്നതും പുതിയ മുടി ഉണ്ടാകുന്നതും തമ്മിൽ ഇതിന് ബന്ധമില്ല. എന്നാല്‍ തലയോട്ടിയിലെ മുടി പിഴുതെടുക്കുന്നത് പാടുകള്‍ വരാൻ കാരണമാകും.

തണുത്ത വെള്ളം തിളക്കം തരുമോ?

തലമുടിക്കും ചർമ സംരക്ഷണത്തിനും തണുത്ത വെള്ളം മികച്ചതാണ്. എന്നാൽ, തിളക്കമുള്ള മുടിക്ക് തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് നല്ലതാണ് എന്നതിൽ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

English Summary: Misconception you need to avoid regarding healthy hair

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds