മന്ദഗതിയിലുള്ള പ്രവർത്തനങ്ങൾ, കൈകാലുകൾക്ക് വിറയൽ, പേശികൾക്ക് അസാധാരണമായ പിടുത്തം, എന്നിവയാണ് പാര്‍ക്കിൻസണ്‍സ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. നമ്മുടെ ആവശ്യ പ്രകാരം കൈകാലുകളുടെ ചലനം നടക്കുന്നത് തലച്ചോറിലെ സെറിബ്രത്തിൻറെ നിർദ്ദേശപ്രകാരമാണെങ്കിലും ചലനങ്ങളെ നിയന്ത്രിക്കുന്നത് ഉള്ളിലുള്ള ബേസൽ ഗാംഗ്ലിയ എന്ന ഭാഗമാണ്. ഈ ഭാഗത്തേക്ക് നിർദ്ദേശങ്ങൾ വരുന്നത് മിഡ്‌ബ്രെയിനിൽ നിന്നാണ്. മിഡ്‌ബ്രെയിനിലെ സബസ്‌റ്റാൻഷ്യ നൈഗ്ര നാഡികോശങ്ങളിൽ ഉണ്ടാകുന്ന തകരാറാണ് പാർക്കിൻസൺസ് രോഗത്തിന് കാരണം. ഇതുമൂലം ചലനത്തിന് ആവശ്യമായ ഡോപ്പാമിൻ എന്ന ഹോർമോണിൻറെ അളവു കുറയുന്നതുകൊണ്ടാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഈ രോഗത്തിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല.
ബന്ധപ്പെട്ട വാർത്തകൾ: Vitamin C, E എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗത്തിൻറെ സാധ്യത കുറയ്ക്കുന്നു
എന്നാൽ, പാര്‍ക്കിന്‍സണ്‍സ് രോഗത്തിൻറെ ലക്ഷണങ്ങളെ അകറ്റാന്‍ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (DBS) ഉപയോഗിച്ച് ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയില്‍ പരീക്ഷണമാരംഭിച്ചു. നിലവില്‍ ചികിത്സകളില്ലാത്ത രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം (Parkinson disease). ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ആളുകളുടെ തലയോട്ടിയില്‍ (skull) ഉപകരണങ്ങള്‍ ഘടിപ്പിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത്.
ഡിബിഎസ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചെറിയ ഉപകരണത്തില്‍ ബാറ്ററി സംവിധാനവുമുണ്ട്. തലയോട്ടിയില്‍ ഘടിപ്പിക്കുന്ന ഉപകരണം തലച്ചോറിൻറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു വൈദ്യുത പ്രേരണ നൽകും. ആകെ 25 പേരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. ടോണി ഹോവെല്‍സാണ് തലയോട്ടിയില്‍ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ വ്യക്തി.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും 10 ഗ്രാം ഡാർക് ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ പലത്
ചികിത്സയുടെ ഫലം അതിശയിപ്പിക്കുന്നതായിരുന്നുവെന്നാണ് അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ചികിത്സയ്ക്കു മുമ്പ് ഭാര്യയോടൊപ്പം ബോക്‌സിംഗ് ഡേയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ നൂറ് മീറ്ററുകള്‍ പോലും ടോണിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. നടക്കാന്‍ വയ്യാത്തതിനാല്‍ തിരിച്ച് വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ കഴിഞ്ഞ്, 12 മാസത്തിനു ശേഷം താന്‍ വീണ്ടും ബോക്‌സിംഗ് ഡേയില്‍ പങ്കെടുക്കാന്‍ പോയി. 2.4 മൈല്‍ (ഏകദേശം 4 കിലോമീറ്റര്‍) നടന്നുവെന്നും ഇനിയും കൂടുതല്‍ നടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണം വിജയകരമായി തുടരുകയാണെങ്കില്‍ ഈ ഉപകരണം യുകെയിലെ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരായ 14,000-ത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. അലന്‍ വോണ്‍ പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ കണ്ടെത്തിയതില്‍ വെച്ച ഏറ്റവും ചെറിയ ഉപകരണമാണിത്. മെഡിക്കല്‍ റെഗുലേറ്റര്‍ ഈ ചികിത്സാരീതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗം വേഗത്തില്‍ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ രണ്ടു പേര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ ചെന്‍ ഷിങ്ങ് , ലിയു ജുന്‍ എന്നിവരാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെ ഗന്ധത്തിലൂടെ കണ്ടെത്താന്‍ ഇലക്ട്രോണിക് മൂക്ക് വികസിപ്പിച്ചെടുത്തത്.
ഇവരുടെ കണ്ടുപിടുത്തപ്രകാരം രോഗികളുടെ ചര്‍മത്തിലെ സെബത്തിലുണ്ടാകുന്ന മാറ്റമാണ് പ്രത്യേക ഗന്ധത്തിനു കാരണം. സ്‌കോട്‌ലന്റുകാരിയായ നഴ്സ് പതിറ്റാണ്ടുകള്‍ക്കു മുന്‍പു തിരിച്ചറിഞ്ഞ പാര്‍ക്കിന്‍സണ്‍സ് ഗന്ധമാണ് പുതിയ കണ്ടുപിടുത്തത്തിന് കാരണമായത്.
ആദ്യ ലക്ഷണമെന്നോണം, പാര്‍ക്കിന്‍സണ്‍സ് രോഗം ശരീരത്തില്‍ വ്യാപിക്കുന്നതിന് മുന്‍പു തന്നെ രോഗിക്ക് ഒരു പ്രത്യേക ഗന്ധമുണ്ടാകും. നഴ്‌സിന്റെ ഭര്‍ത്താവിന്റെ ശരീരത്തിനുണ്ടായ ഗന്ധമാറ്റവും രോഗവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ചെന്‍ ഷിങ്ങിനും ലിയു ജുനുനും കൃത്രിമ മൂക്ക് നിര്‍മിക്കാന്‍ പ്രേരണയായത്.
Share your comments