പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും മരവിപ്പും പുകച്ചിലും. പണ്ടൊക്കെ ഇത് അനുഭവപ്പെടുന്നത് 50 വയസ്സ് കഴിഞ്ഞവർക്കാണ്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ഇത് സാധാരണമാകുന്നു. വേദനയോ മറ്റോ ആണെങ്കിൽ വേദനസംഹാരി കഴിച്ച് ഭേദപ്പെടുത്താം എന്നാൽ ഇതിന് മരുന്നുകൾ കഴിച്ചാലും വലിയ ആശ്വാസം ലഭിക്കണമെന്നില്ല. ഈ തരിപ്പും മരവിപ്പും പുകച്ചിലുമൊക്കെ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.
പെരിഫെറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയാണ് കൈകാലുകളില്‍ ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്ക് കാരണം. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചര്‍മ്മവുമെല്ലാം പ്രവര്‍ത്തിയ്ക്കുന്നതിനെ നിയന്ത്രിയ്ക്കുന്നത് ബ്രെയിനാണ്. സുഷുമ്‌നാ നാഡികളില്‍ നിന്നും പുറപ്പെടുന്ന ചെറിയ നാഡികളാണ് ഇവയെ നിയന്ത്രിയ്ക്കുന്നത്. നമുക്കുണ്ടാകുന്ന വേദന പോലുള്ള എല്ലാ സെന്‍സേഷനുകളും തലച്ചോറില്‍ എത്തിയ്ക്കുന്നത് ഇത്തരം നാഡികളാണ്. ഇവ വളരെ പെട്ടെന്നാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഉദാഹരണം ചൂടുള്ള പ്രതലത്തില്‍ തൊട്ടാൽ നാം ക്ഷണനേരത്തില്‍ കൈ പിന്‍വലിയ്ക്കുന്നു. ഇതിന് കാരണം ഇത്തരം നാഡികളിലൂടെ തലച്ചോറിലേക്ക് മെസ്സേജ് എത്തുന്നതുമൂലമാണ്.
പെരിഫെറല്‍ നാഡികള്‍ക്കുണ്ടാകുന്ന തകരാറുകളാണ് പെരിഫെറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത്തരം നാഡികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും കേടുപാടുകളുമാണ് തരിപ്പും പെരുപ്പുമെല്ലാം ഉണ്ടാക്കുന്നതും. പെരിഫെറല്‍ ന്യൂറോപ്പതി രണ്ടു തരത്തിലുണ്ട്. മോണോ പെരിഫെറല്‍ ന്യൂറോപ്പതിയും, പോളിന്യൂറോപ്പതിയും. ഇതിൽ രണ്ടാമത്തേതാണ് കൂടുതല്‍ കണ്ടു വരുന്നത്. പോളി ന്യൂറോപ്പതിക്കു പലപ്പോഴും കാരണമാകുന്നത് പ്രമേഹമാണ്. പോളി ന്യൂറോപ്പതിയില്‍ ഇത്തരം അവസ്ഥ ഒരിടത്ത് വന്ന് പൊതുവേ പരക്കുന്നു. എന്നാല്‍ മോണോയില്‍ ഒരു പ്രത്യേക ഭാഗത്ത് മാത്രമാണ് ഇതുണ്ടാകുന്നത്.
ഇവയ്ക്ക് കേടുപാടുകള്‍ വരാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് പ്രമേഹ രോഗം. ഇവര്‍ക്ക് കൈകാല്‍ തരിപ്പും വേദനയുമുണ്ടാകുന്നു. സ്ഥിരമായി രക്തത്തില്‍ ഷുഗര്‍ കൂടി നില്‍ക്കുന്ന അവസ്ഥയിലാണ് പ്രമേഹത്തില്‍ ഈ അവസ്ഥ എത്തിപ്പെടുന്നത്. ഇതല്ലാതെ വൈറ്റമിന്‍ ഡി കുറവ്, ബി കോംപ്ലക്‌സ് കുറവ്, തൈറോയ്ഡ് പ്രശ്‌നം, ചില മരുന്നുകള്‍, നാഡിയെ ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍, മദ്യപാനം, വൃക്ക രോഗം പോലുള്ള ചിലത് എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മദ്യപാനം ഇതിനുളള പ്രധാന കാരണമാണ്. അമിതമായും സ്ഥിരമായും ഉളള മദ്യപാനം നാഡികളെ ബാധിയ്ക്കുന്നു.
ഇതിന് പരിഹാരമായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ആദ്യം എന്തു കാരണം കൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നത് എന്നു കണ്ടെത്തേണ്ടതാണ്. കാരണം കണ്ടെത്തിയാലാണ് കൃത്യമായി ചികിത്സ തേടാന്‍ സാധിയ്ക്കുക. രോഗം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഭേദമാകുന്നില്ല. ചുരുങ്ങിയത് 2-3 മാസത്തെ ചികിത്സ ആവശ്യമാണ്.
പെരിഫെറല്‍ ന്യൂറോപ്പതിയാണെന്ന് രോഗനിർണ്ണയം ചെയ്‌തവർക്ക് താഴെ പറയുന്ന വ്യായാമം ചെയ്യവുന്നതാണ്.
കാല്‍ വിരലുകളില്‍ മരവിപ്പെങ്കില്‍ ഒരു പാത്രത്തില്‍ ചെറു ചൂടുവെള്ളവും വേറെ പാത്രത്തില്‍ തണുത്ത വെള്ളവും വയ്ക്കുക. 15 സെക്കന്റ് വീതം രണ്ടിലും മാറി മാറി കാല്‍ ഇതില്‍ വയ്ക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോളാണ് പെരിഫെറല്‍ ന്യൂറോപ്പതി കൂടുതലായി ഉണ്ടാകുക. രാവിലെ എഴുന്നേല്‍ക്കുന്നതിന് മുന്‍പായി കാലുകളും കൈകളുമെല്ലാം നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക. നല്ലതു പോലെ ചലിപ്പിയ്ക്കുക. ഇതു പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന വിധത്തിലെ വ്യായാമങ്ങള്‍ ഏറെ നല്ലതാണ്.അതായത് കാര്‍ഡിയാക്, ഏറോബിക്‌സ് വ്യായാമങ്ങള്‍. ഇത് ഹൃദയമിടിപ്പ് കൂട്ടും, ഇതു പോലെ രക്തപ്രവാഹവും. ഇതു പോലെ ബാലന്‍സിംഗ് വ്യായാമങ്ങളും നല്ലതാണ്. ഇതെല്ലാം നമുക്കു ചെയ്യാവുന്ന കാര്യങ്ങളാണ്. ഒപ്പം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൂടി പാലിക്കേണ്ടതാണ്.
Share your comments