ഗർഭിണിയാകുമ്പോൾ തന്നെ അയൺ ഗുളികകളും മാസം തോറുമുള്ള ചെക്ക് അപ്പും സ്കാനിങ്ങും നടത്തുന്നവരാണ് എല്ലാവരും. എന്നാൽ നമ്മുടെ വീട്ടിൽ തന്നെയുള്ള ആരോഗ്യദായകമായ ഭക്ഷണങ്ങൾ കഴിക്കാൻ എത്ര പേർ ശ്രമിക്കുന്നുണ്ട്? അങ്ങനെ ശ്രമിച്ചാൽ തന്നെ ഗർഭിണിയായിരിക്കുമ്പോൾ ഉള്ള ആരോഗ്യപ്രശ്നങ്ങളും പ്രസവശേഷം ഉണ്ടാകാൻ സാധ്യതയുള്ള ശാരീരിക പ്രശ്നങ്ങളുമൊക്കെ ഒരു പരിധി വരെ തടയാൻ കഴിയും
ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം മുലപ്പാൽ കുറവാണ് എന്നത് തന്നെ. ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രമാണ് ഭക്ഷണം എന്നിരിക്കെ മുലപ്പാൽ കുറയുന്നത് നല്ലതല്ല. അതിനാൽ ഗർഭാവസ്ഥയിൽ തന്നെ അതിനുള്ള പരിഹാരങ്ങൾ കണ്ടു തുടങ്ങണം.
മുരിങ്ങയില ഭക്ഷണത്തിൽ ഉൾപെടുത്തുക (Include Drumstick leaves in the diet)
മുലപ്പാൽ വർധിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഗർഭിണികൾ മുരിങ്ങയില കഴിക്കുക എന്നത്. ചിലപ്പോൾ ഛർദ്ദി പോലുള്ള വിഷമതകൾ അലട്ടുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിനോടൊപ്പം നല്ല ഭക്ഷണവും കഴിക്കണം. അതിൽ മുരിങ്ങയില കൃത്യമായും ഉൾപെടുത്തുക. വളരെ ചെറിയ അളവിൽ കറിയിൽ ഉൾപെടുത്തിയോ തോരനായോ അല്ലെങ്കിൽ സൂപ്പായോ ഒക്കെ കഴിക്കാവുന്നതാണ്. ഒരൽപം പ്രയാസം നേരിട്ടാൽ പോലും ഗർഭാവസ്ഥയുടെ ആറാം മാസം മുതലെങ്കിലും മുരിങ്ങയില ബോധപൂർവം കഴിക്കാൻ തുടങ്ങണം.
ഉലുവയിട്ട വെള്ളം കുടിക്കാം (Drink Fenugreek Water)
വീടുകളിൽ സ്ഥിരമായുണ്ടാകാറുള്ള ഉലുവ മുലപ്പാൽ വർധിക്കാൻ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ് . മുലപ്പാൽ വർദ്ധനവിന് സഹായകമായ ഈസ്ട്രജൻ പോലുള്ളവ ഉലുവയിൽ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് ഉലുവ മുലപ്പാൽ വർദ്ധനവിന് കഴിക്കേണ്ടുന്ന ഒരു ഭക്ഷണമായി പറയുന്നത്. ഉലുവ തനിയെ കഴിക്കുക പ്രയാസമായതിനാൽ തലേന്ന് ഉലുവ വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിറ്റേ ദിവസം ആ വെള്ളം കുടിക്കാം. അല്ലെങ്കിൽ കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ഉലുവയിട്ട് ആ വെള്ളം കുടിച്ചാലും മതി.
ഓട്ട്സ് Oats
മുലയൂട്ടുന്ന അമ്മമാർക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഇരുമ്പിന്റെ കണ്ടെന്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓട്ട്സ്. അതുകൊണ്ടു തീർച്ചയായും മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും ഓട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലത്. ഗർഭിണികളുടെ പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റ് ക്രമീകരണം നടത്തുന്ന സമയത്ത് എല്ലാവരോടും ഓട്ട്സ് പോലുള്ളവ കഴിക്കാൻ പറയുന്നത് ഇതുകൊണ്ടാണ്. നാരുകൾ ധാരളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്. ഓട്ട്സ് പാലിൽ കാച്ചിയോ അല്ലെങ്കിൽ മറ്റു പലഹാരങ്ങൾ ആക്കിയോ കഴിക്കാം.
പെരുംജീരകം (Fennel Seeds)
മിക്ക കറികളിലും നാം പെരുംജീരകം ചേർക്കാറുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുറച്ചു പെരുംജീരകം വെറുതെ വായിലിട്ടു ചവയ്ക്കുക. അല്ലെങ്കിൽ പെരുംജീരകം ഇട്ട വെള്ളം കുടിക്കുക. ഈസ്ട്രജൻ അടങ്ങിയിട്ടുള്ള പെരുംജീരകം കഴിച്ചാലും മുലപ്പാൽ വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ബാർലി (Barley)
ബാർലിയിലെ ബീറ്റാ ഗ്ലൂക്കോൺ മുലപ്പാൽ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്. കൃത്യമായി മൂത്രം പോകാനും ബാർലിയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി (Garlic)
മികച്ച പ്രതിരോധ ശേഷിയുള്ള വെളുത്തുള്ളി മുലപ്പാൽ വർധനവിനും നല്ലതാണ് എന്നതൊരു പുതിയ അറിവല്ലേ ? എങ്കിൽ ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കാം. ഹൃദ്രോഗസാധ്യത കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്.
ഇലക്കറികൾ (Leafy Vegetables)
മുരിങ്ങയില കൂടാതെ ചീര, തഴുതാമ, പയറിന്റെ കുരുന്നിലകൾ ഇങ്ങനെയുള്ള ഇലക്കറികൾ കൃത്യമായും ഗർഭിണികളുടെ അല്ലെങ്കിൽ മുലയൂട്ടുന്ന അമ്മമാരുടെയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. കൂടാതെ ധാന്യങ്ങൾ, നട്ട്സ് , പയർ വർഗങ്ങൾ, കൊഴുപ്പു കുറഞ്ഞ മാംസം, കടൽ മൽസ്യങ്ങൾ ഇവയും ഭക്ഷണത്തിൽ ഉൾപെടുത്തുക.
Share your comments