<
  1. Health & Herbs

കൊളസ്ട്രോൾ ആശങ്ക വേണ്ട; ഇത്തിരിക്കുഞ്ഞൻ കാന്താരി മതി

കൊളസ്ട്രോളിനു ഉത്തമമാണ് കാന്താരി. ഇതിലടങ്ങിയിരിക്കുന്ന കാപ്സിസിൻ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

Anju M U
Tabasco pepper
കാന്താരി

കാന്താരി; വലിപ്പത്തിൽ ചെറുതും, എരിവിൽ നിസ്സാരക്കാരൻ അല്ലാത്തതുമായ മുളക്. മലയാളിക്ക് പ്രത്യേകിച്ചൊരു വിവരണത്തിന്റെ ആവശ്യമില്ല കാന്താരിയുടെ കാര്യത്തിൽ. അടുക്കളത്തോട്ടത്തിലെ പ്രധാനിയായ കാന്താരി തൊടിയിലും വഴിവക്കിലുമായി പല ഇനത്തിൽ വളരാറുണ്ട്. കാന്താരി നട്ടുവളർത്തുന്നതിനും പരിപാലനത്തിനുമായി പ്രത്യേകിച്ചു സമയം ചെലവഴിക്കേണ്ട. എന്നാൽ ഏത് സമയത്തും വിപണിയിൽ നല്ല വില കിട്ടുന്ന വിളയാണ് കാന്താരി.

ആരോഗ്യത്തിന് വിവിധ തരത്തിൽ ഗുണകരമായ കാന്താരി എന്നാൽ വിദേശിയാണെന്നത് മിക്കവർക്കും വിശ്വസിക്കാനാവില്ല. കേരളത്തിന്റെ മണ്ണിനും ഭൂപ്രകൃതിക്കും വളരെയധികം അനുയോജ്യമായ കാന്താരിയുടെ ജന്മദേശം അമേരിക്കൻ നാടുകളാണ്.

ജീവകം സിയുടെ കലവറയായ കാന്താരി ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷിക്കും ഗുണകരമാണ്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി തുടങ്ങി പല ഇനത്തിലും നിറത്തിലുമുണ്ട്. ഇവയിൽ പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് കൂടുതല്‍ എരിവ്. വെള്ളക്കാന്താരി താരതമ്യേന എരിവ് കുറഞ്ഞ ഇനമാണ്.  

ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും, ഉപ്പിലിട്ട കാന്താരിയും പോലെ പാചകത്തിനും, ഔഷധത്തിനായും കാന്താരി ഉപയോഗിക്കാറുണ്ട്. കൊളസ്ട്രോളിനു ഉത്തമമാണ് കാന്താരിയെന്ന് നാട്ടറിവുകളിലൂടെ നമ്മൾ പലപ്പോഴായി മനസ്സിലാക്കിയതാണ്. ഇതിലടങ്ങിയിരിക്കുന്ന കാപ്സിസിൻ ആണ് എരിവ് നൽകുന്നത്. കൂടാതെ, കാപ്സിസിനിൽ ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി

കാപ്സിസിൻ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദോഷകരമായ എല്‍ഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ കുറയ്ക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും കാന്താരി നിർണായക പങ്കുവഹിക്കുന്നുണ്ട്.

വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്ന കാന്താരി ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിന് പരിഹാരമാണ്. കാന്താരി മുളകിനൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിച്ചാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ വലിയ പ്രയോജനം ചെയ്യും.

ഹൃദയാരോഗ്യത്തിനും ഉത്തമം കാന്താരി

കൊളസ്ട്രോളിന്‌ മരുന്നായ കാന്താരി, പ്രമേഹത്തിനും നല്ലൊരു ഉപായമാണ്. രക്തസമ്മർദ്ദം കുറക്കാൻ കാന്താരി കഴിക്കുന്നത് പ്രയോജനം ചെയ്യും. 

ഇന്‍സുലിന്‍ ഉല്‍പാദനത്തിനും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നതിനും കാന്താരിക്ക് സാധിക്കും. അയണ്‍ സമ്പുഷ്ടമായ ഈ ഇത്തിരിക്കുഞ്ഞൻ രക്തത്തിലെ ഹീമോഗ്ലോബിന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കും. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് കാന്താരി ഗുണകരമാണെന്ന് പറയാം.

വൈറ്റമിന്‍ സിയുടെ ഉറവിടമായ കാന്താരി മുളക് ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കാന്താരിയിലെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ബിപി നിയന്ത്രിക്കുന്നു. ഇതിലെ അയണിന്റെ അംശം  ഹീമോഗ്ലോബിന്‍ ഉത്പ്പാദനത്തിന് സഹായിക്കും. ബാക്ടീരിയ, ഫംഗസ് രോഗബാധകൾക്കെതിരെയുള്ള പ്രതിവിധിയുമാണ് കാന്താരി.

കാന്താരിയുടെ മറ്റ് പ്രയോജനങ്ങൾ

ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുന്നത് വഴി ദഹനപ്രക്രിയയെ സഹായിക്കുന്നു. പല്ലുവേദന പോലെയുള്ള അസുഖങ്ങൾക്കെതിരെ വേദനസംഹാരി കൂടിയാണ് കാന്താരി.

അമിതമായാൽ അമൃതും വിഷം

കാന്താരിയുടെ അമിത ഉപയോഗം ഒഴിവാക്കേണ്ടതുണ്ട്. കാന്താരിമുളക് വെറുതെ കഴിക്കുന്നത് ഒഴിവാക്കി മറ്റു ഭക്ഷണങ്ങൾക്ക് ഒപ്പം ചേർത്തു കഴി‌ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ തുടങ്ങിയ പല ബുദ്ധിമുട്ടുകൾക്കും കാന്താരിയുടെ അമിത ഉപയോഗം വഴിവയ്ക്കുന്നു. വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും ഇത് കാരണമായേക്കാം.

കൂടാതെ, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അധികമായി കാന്താരി ഉപയോഗിച്ചാൽ അത് കുട്ടികളിൽ ത്വക്ക് രോഗങ്ങൾ ഉണ്ടാക്കും. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് ദോഷകരമാണ്‌. വൃക്കസംബന്ധമായ അസുഖമുള്ളവരും കരൾ രോഗികളും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.

English Summary: Tabasco pepper good for controlling cholesterol

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds