തിരുവന്തപുരം: ഓണത്തിന് ശേഷം വൈറൽ പനിയുടേയും കോവിഡ് കേസുകളുടേയും എണ്ണം എല്ലാ ജില്ലകളിലും കുത്തനെ ഉയരുന്നു. ഓണത്തിന് മുൻപ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാൽ ഓണം കഴിഞ്ഞതോടെ സ്ഥിതി മാറി. പതിനാലാം തീയതിയിലെ കണക്ക് പ്രകാരം 16,040 പേരാണ് പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്.
ബന്ധപ്പെട്ട വാർത്തകൾ: പനി മാറ്റാൻ പുളി കൊണ്ട് ഒരു പ്രയോഗം
കോവിഡ് കേസിൻറെ കണക്ക് പറയുകയാണെങ്കിൽ കഴിഞ്ഞ ഏഴാം തീയതി 1629 പേരാണ് കോവിഡ് ബാധിതരായത്. എന്നാൽ 14 ന് ഇത് 2427 ആയി ഉയർന്നു. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് പനി രോഗികളുടെ എണ്ണം കൂടുതൽ. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പനി വന്നാൽ ഉടൻ പാരസെറ്റാമോൾ: നിങ്ങളും ഈ തെറ്റുകൾ ചെയ്യാറുണ്ടോ?
നീണ്ടുനിൽക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. കോവിഡിന്റെ വകഭേദമായ ഒമിക്രോൺ തന്നെയാണ് ഇപ്പോഴും വ്യാപകമായിട്ടുള്ളത്. സമാന ലക്ഷണങ്ങളുമായി വൈറൽ പനിയും കൂടുന്നുണ്ട്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ബ്രിട്ടണിൽ അടക്കം വ്യാപകമായി പടരുന്നുണ്ട്. പക്ഷേ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 28 പേർക്ക് ഡെങ്കിപ്പനിയും 23 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഓണക്കാലത്ത് മാസ്ക് ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിലെ ഇടപെടൽ ഉയർന്നിരുന്നു. ഇതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
Share your comments