![Causes of Lower back pain](https://kjmal.b-cdn.net/media/40562/backpain.jpg)
ധാരാളമാളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് നടുവേദന. പല കാരണങ്ങൾ കൊണ്ടും നടുവേദനയുണ്ടാകാം. കൂടുതൽ നേരം ഒരേ പൊസിഷനിൽ ഇരുന്നു ജോലി ചെയ്യുക, വ്യായാമത്തിൻറെ കുറവ്, എല്ലുതേയ്മാനം എന്നിവ നടുവേദനയ്ക്ക് കാരണമാകാം. ഈ പ്രശ്‌നം സ്ത്രീകളിലാണ് പൊതുവേ കൂടുതലായി കണ്ടുവരുന്നത്. ഇവ കൂടാതെ നട്ടെല്ലിന് ചുറ്റുമുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും കാത്സ്യത്തിന്‍റെ അഭാവം മൂലവും നടുവേദന ഉണ്ടാകാം. അതിനാൽ നടുവേദനയ്ക്കുള്ള ശരിയായ കാരണം കണ്ടെത്തിയതിനുശേഷം വേണം ചികിത്സ ചെയ്യുവാൻ. വൃക്കകളുടെ തകരാറു മൂലവും നടുവേദന ഉണ്ടാകാം.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന ഒരു പരിധിവരെ അകറ്റി നിർത്താം
- ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കിടക്ക അധികം മൃദുലമല്ലാത്തത് ഉപയോഗിക്കണം. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബലപ്പെടുത്തുന്നതായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: അരയ്ക്ക് വേദന? രണ്ട് ഗ്രാം കറുവപ്പട്ട മതി, എങ്ങനെ തയ്യാറാക്കാം ഈ ഒറ്റമൂലി!
- വർക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ ഒരു മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റ് നിവർന്ന് നിൽക്കുകയും കുറച്ചെങ്കിലും നടക്കുകയും വേണം. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോൾ പരമാവധി നിവര്‍ന്നിരിക്കാൻ ശ്രമിക്കുക.
- കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശം തിരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം.
- ഭാരമെടുക്കുമ്പോള്‍ രണ്ടു മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേര്‍ത്ത് പിടിച്ച് എടുക്കുന്നതാണ് നല്ലത്.
- കംപ്യൂട്ടറിന്റെ മോണിറ്റര്‍ കണ്ണിന്റെ ലവലിന് മുകളിലായിരിക്കണം. ഇത് കഴുത്തും നടുവും നിവര്‍ന്നിരിക്കാന്‍ സഹായിക്കും. വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. ഇല്ലെങ്കിൽ നടുവേദന കൂടാൻ സാധ്യതയുണ്ട്. ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കാൻ ശ്രമിക്കുക.
- നാരുള്ള പച്ചക്കറികൾ ധാരാളമായി കഴിക്കുക. വാഴപ്പിണ്ടി, കുമ്പളങ്ങ, മുരിങ്ങക്കായ, പടവലം തുടങ്ങിയവയും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നടുവേദനയുളളവര്‍ക്ക് നല്ലതാണ്. പയര്‍ പോലുളള ധാന്യങ്ങളും ധാരാളം കഴിക്കുക.
Share your comments