ആവശ്യത്തിന് ഓക്സിജൻ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുകയുള്ളൂ. രക്തത്തിലെ ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവിനെയാണ് നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് എന്ന് പറയുന്നത്.
രക്തത്തിലെ മുഴുവൻ ഹീമോഗ്ലോബിനിലുള്ള ഓക്സിജൻ പൂരിത ഹീമോഗ്ലോബിന്റെ അളവാണിത്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്(സി.ഒ.പി.ഡി.), ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ള രോഗികൾക്ക് രക്തത്തിലെ ഓക്സിജൻ നില നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
രക്തത്തിലെ ഓക്സിജൻ നില എങ്ങനെ അറിയാം
രക്തത്തിലെ ഓക്സിജൻ നില എത്രയെന്ന് അറിയാൻ രണ്ട് വഴികളുണ്ട്. വിരലുകളിൽ ഘടിപ്പിക്കുന്ന പൾസ് ഓക്സിമീറ്റർ എന്ന ചെറിയ ഒരു ഉപകരണം വഴി രക്തത്തിലെ ഓക്സിജൻ നില അറിയാം. ഇത് വിരലുകളിലെ ചെറിയ രക്തക്കുഴലുകളെ തിരിച്ചറിഞ്ഞ് രക്തത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ നില അളക്കാൻ സാധിക്കും.
ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് (എ.ബി.ജി.) വഴിയും രക്തത്തിലെ ഓക്സിജൻ നില അറിയാം. ഈ രക്തപരിശോധന രക്തത്തിലെ ഓക്സിജൻനില അറിയാൻ മാത്രമല്ല രക്തത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് വാതകങ്ങളുടെ അളവ് അറിയാനും സഹായിക്കുന്നു
എന്താണ് രക്തത്തിലെ സാധാരണ ഓക്സിജൻ നില
ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് ടെസ്റ്റിന്റെ സാധാരണ റീഡിങ് ഏകദേശം 75-100 മില്ലിമീറ്റർ മെർക്കുറി(mmHg) ആണ്. എന്നാൽ സാധാരണ പൾസ് ഓക്സിമീറ്റർ റീഡിങ് 95-100 ശതമാനമാണ്.
രക്തത്തിലെ ഓക്സിജൻ നില താഴ്ന്നാൽ
രക്തത്തിലെ ഓക്സിജൻ നില 75 mmHg യിൽ താഴെയായാൽ ഉണ്ടാകുന്ന അവസ്ഥ ഹൈപ്പോക്സെമിയ എന്നാണ് പറയുന്നത്. ഇത് 60 mmHg ആയി താഴ്ന്നാൽ അടിയന്തരമായി കൃത്രിമ ഓക്സിജൻ നൽകേണ്ടി വരും. രക്തത്തിലെ ഓക്സിജൻ നില ഗുരുതരമായ അളവിൽ താഴ്ന്നാൽ നെഞ്ചുവേദന, ആശയക്കുഴപ്പം, തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഹൃദയസ്പന്ദന നിരക്കിൽ വർധന എന്നിവയുണ്ടാകാം തുടർന്നും രക്തത്തിലെ ഓക്സിജൻ നില താഴുന്നത് വീണ്ടും കുറയുമ്പോൾ അതിന്റെ ലക്ഷണമായി നഖത്തിലും ചർമത്തിലും മ്യൂക്കസ് മെംബ്രേയ്നിലും നീലനിറം ഉണ്ടാകും.
രക്തത്തിലെ ഓക്സിജൻ നില കുറയാനുള്ള കാരണം
ചില ആരോഗ്യപ്രശ്നങ്ങൾ ഇതിന് കാരണമായേക്കാം. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി.), ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫൈസെമ, ആസ്ത്മ, ശ്വാസകോശത്തകരാർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അനീമിയ തുടങ്ങിയവ ഇതിന് കാരണമായേക്കാം.
പുകവലിച്ചാൽ സംഭവിക്കുന്നത്
പുകവലിക്കുമ്പോൾ രക്തത്തിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടും. ഇതുമൂലം പുകവലിക്കുന്നവരിൽ പൾസ്ഓക്സിമീറ്റർ ഉപയോഗിക്കുമ്പോൾ ഉയർന്ന റീഡിങാണ് കാണുക.
രക്തത്തിൽ ഓക്സിജൻ കുറഞ്ഞാൽ ചെയ്യേണ്ടത്
രക്തത്തിൽ ഓക്സിജൻ കുറഞ്ഞാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടണം. ഡീപ് ബ്രീത്തിങ് എക്സർസൈസുകൾ, യോഗ തുടങ്ങിയവ ചെയ്യാം. ഇവ ശരീരത്തിലെ നാഡികളെ ശാന്തമാക്കി ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ അളവ് സാധാരണ നിലയിലാക്കുന്നു.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക. ഇത് രക്തത്തിലെ ഓക്സിജന്റെ അളവിനെ സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കണം. ഇത് രക്തത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കുന്നത് വളരെ നല്ലതാണ്.
Share your comments