കറവപ്പശുക്കളിൽ അജ്ഞാതരോഗം പടരുന്നു. നല്ല കറവയുള്ള പശുക്കളെയാണ് രോഗം കൂടുതലും ബാധിച്ചിരിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ പശു കിടക്കും. പിന്നീട് മരുന്നുകൾ നൽകിയാലും എഴുന്നേൽക്കാൻ കഴിയില്ല.
കഴിഞ്ഞയാഴ്ച പാങ്ങോട് പഴവിളവീട്ടിൽ കൃഷ്ണപിള്ളയുടെ പശു രോഗം ബാധിച്ച് കിടപ്പിലായി. മരുന്നുകൾ നൽകിയെങ്കിലും പശു ചത്തുപോയി.
പ്രദേശത്ത് നിരവധി കർഷകരുടെ പശുക്കൾ ഇത്തരത്തിൽ രോഗം ബാധിച്ച് ചത്തുപോയിട്ടുണ്ട്. ഭരതന്നൂർ പാകിസ്താൻമുക്ക് ബിസ്മി മൻസിലിൽ ഖുറൈഷ്യാ ബീവിയുടെ പശുവിനു രോഗം ബാധിച്ചതാണ് ഒടുവിലത്തെ സംഭവം.
രാവിലെ യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്ത പശു ഒരു മണിക്കൂറിനുള്ളിൽ കിടപ്പിലാകുകയായിരുന്നു. നിരവധി മരുന്നുകൾ നൽകിയെങ്കിലും പശു മരുന്നിനോട് പ്രതികരിക്കുകയോ എഴുന്നേൽക്കുകയോ ചെയ്തിട്ടില്ല.
മൃഗസംരക്ഷണ വകുപ്പ് ബോധവത്കരണം നടത്തണമെന്നാണ് ക്ഷീരകർഷകരുടെ അഭിപ്രായം.
തടയാം
: വേനൽ ശക്തമായതിനാൽ പശുക്കൾക്ക് കുടിക്കാൻ ധാരാളം ശുദ്ധജലം നൽകണം, നേരിട്ട് വെയിലേൽക്കുന്നയിടത്ത് മേയാൻ കെട്ടരുത്, ഭക്ഷണത്തോടൊപ്പം കാൽസ്യമുൾപ്പെടെയുള്ള പദാർഥങ്ങൾ നൽകുക, രണ്ടുനേരം കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാൻ കഴിയുമെന്ന് പാങ്ങോട് വെറ്ററിനറി സർജൻ ഡോ. അനിലാ പീതാംബരൻ അറിയിച്ചു.
Share your comments