മില്‍മയും (Milma) കേരള ഫീഡ്‌സും (Kerala Feeds) ഉൽപ്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ വില വർധിപ്പിക്കില്ല. കാലിത്തീറ്റയ്ക്ക് വിലക്കയറ്റമുണ്ടാകില്ലെന്നും ഇത് സംബന്ധിച്ച് ഈ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയതായും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. കോട്ടയം ഈരയില്‍ക്കടവില്‍ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിന് 87 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരോൽപ്പാദനം ഊർജ്ജിതപ്പെടുത്തുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് പൂർണ പിന്തുണ ഉറപ്പാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ഇതിനുള്ള പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
തീറ്റപുല്‍കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കും
ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് സംഭരണവിലയ്ക്ക് പുറമെ എല്ലാ മാസവും കൃത്യമായി ഒരു നിശ്ചിത തുക സബ്‌സിഡിയായി അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സംഭരിക്കുന്ന പാൽ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിൻ്റെ ഭാഗമായി പാല്‍പ്പൊടി ഉൽപ്പാദിപ്പിക്കാനുള്ള ഫാക്ടറിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: 10,000 കര്‍ഷകര്‍ക്ക് ലോണ്‍, വര്‍ഷം മുഴുവന്‍ സബ്സിഡി: ക്ഷീരമേഖലയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
പാൽ ഉൽപ്പാദന ചെലവ് കുറയ്ക്കുന്നതിന് തീറ്റപുല്‍കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ക്ഷീര മേഖലയിലേക്ക് കൂടുതൽ യുവാക്കളേയും പ്രവാസികളേയും ആകർഷിക്കുന്നതിന് മികച്ച വായ്പ്പാ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇവർക്കായി രണ്ടു കോടി രൂപ വരെ വായ്പ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി ലൈവ് ഹെര്‍ബേറിയം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി കെമിക്കല്‍ ലാബും എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ലാസ് മുറിയും ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി.പി സുരേഷ് കുമാര്‍ ആമുഖപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ജോസഫ്, ഇ.ആര്‍.സി.എം.പി.യു. ബോര്‍ഡംഗം ലൈസമ്മ ജോര്‍ജ്ജ്, കൊടുങ്ങൂര്‍ ക്ഷീരസംഘം സെക്രട്ടറി മനോജ്, ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ സി.ആര്‍. ശാരദ, ക്ഷീര വികസന വകുപ്പ് റീജിയണല്‍ ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. സുസ്മിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി സി.കെ. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
അതേ സമയം, ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നുണ്ട്. ഇതിന് പുറമെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.
ആദ്യഘട്ടമെന്ന നിലയില്‍ 29 വാഹനങ്ങള്‍ ബ്ലോക്കുകളിലേയ്ക്ക് കൈമാറും. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ അടിയന്തരഘട്ടത്തില്‍ സഞ്ചരിക്കുന്നതിന് ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടും. ജില്ലകളിലേയ്ക്ക് ടെലി വെറ്റിനറി യൂണിറ്റ് വാഹനം നല്‍കുമെന്നും മൂന്ന് ജില്ലകളില്‍ ഇതിനോടകം വാഹനം അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എലിപ്പനി: വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കാൻ നിർദേശം
Share your comments