പക്ഷി വളർത്തൽ പരിചയമില്ലാത്ത തുടക്കക്കാർ കബളിക്കപെടാൻ സാധ്യതയുള്ള മേഖലയാണിത്. അതിനാൽ പക്ഷി പരിപാലനത്തിലെ തുടക്കക്കാർ ആദ്യമേ നോക്കേണ്ടത് നമ്മൾ വളർത്താൻ ഉദ്ദേശിക്കുന്ന പക്ഷികളെ കുറിച്ചുള്ള കൂടുതൽ അറിവാണ്.
അതിനായി വിദഗ്ദ്ധരായ പക്ഷി സ്നേഹികളുടെ മാർഗ്ഗ നിർദ്ദേർശങ്ങൾ തേടുകയാണ് ഉത്തമ മാർഗം. ഇതിൻറെ തുടക്കം എന്നോണം നമ്മൾ വളർത്താൻ ഉദ്ദേശിക്കുന്ന പക്ഷികളുടെ വനങ്ങളിലെ ആവാസ വ്യവസ്ഥ, ഭക്ഷണരീതി, അവർ അധിവസിക്കുന്ന മേഖലയിലെ കാലാവസ്ഥ, പ്രജനരീതി, എന്നിവയെല്ലാം ആദ്യമേ മനസ്സിലാക്കണം.
അതിനുശേഷം ആ പക്ഷികളെ കൂടുകളിൽ വളർത്തുന്ന പക്ഷി സ്നേഹികളുടെ പക്കൽ നിന്നും അവർക്ക് ഏതുതരം വലുപ്പമുള്ള കൂടുകളാണ് നിർമ്മിക്കേണ്ടത്, ഏതൊക്കെ തരത്തിലുള്ള ആഹാരങ്ങളാണ് അവർക്ക് നൽകുന്നത്, ആൺ പെൺ പക്ഷികളെ എങ്ങനെ തിരിച്ചറിയാം, അതിനുപയോഗിക്കുന്ന മാർഗങ്ങൾ, പ്രജനനത്തിന് ആവശ്യമായ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം, ഇതുകൂടാതെ പ്രജനനത്തിന് പക്ഷികൾക്ക് മുട്ടയിട്ട് അടയിരിക്കുന്നത് ആവശ്യമായ അടയിരിക്കൽ അറകൾ എങ്ങനെയാണ് കൂടുകളിൽ സ്ഥാപിക്കുന്നത്. എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായും മനസ്സിലാക്കിയ ശേഷം വേണം പക്ഷിയെ വാങ്ങുവാൻ.
കുഞ്ഞുങ്ങളെ വാങ്ങി സാഹചര്യങ്ങളോട് ഇണക്കി ആഹാരം നൽകി നല്ല രോഗപ്രതിരോധശക്തിയുള്ള പക്ഷികളായി വളർത്തുന്നതാണ് പിന്നീടുള്ള പ്രജനനത്തിന് കൂടുതൽ കരുത്ത് നൽകുന്നത്. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ആഹാരം കൊടുത്ത് വളർത്തിയ മൂന്നോ നാലോ മാസം പ്രായമായ കുഞ്ഞുങ്ങളെ വേണം തെരഞ്ഞെടുക്കാൻ. കൈത്തീറ്റ കൊടുത്തു വളർത്തിയ കുഞ്ഞുങ്ങൾക്ക് പൊതുവെ പ്രതിരോധശക്തി കുറവാണെന്ന് കണ്ടുവരുന്നു. ആരോഗ്യം, തൂക്കം, തിളങ്ങുന്ന തൂവലുകൾ, ശരീരാകൃതി, തിളങ്ങുന്ന ചുണ്ടുകൾ, എന്നിവയെല്ലാം നോക്കി വേണം പക്ഷി കുഞ്ഞുങ്ങളെ വാങ്ങാൻ.
അസാധാരണ രീതിയിലുള്ളതോ, മുറിഞ്ഞതോ, നിരതെറ്റിയതോ, മങ്ങിയതോ, ആയ തൂവലുകൾ, തളർന്നു തൂങ്ങിയ തൂവലുകൾ, കുഴിഞ്ഞ കണ്ണുകൾ, പൊട്ടിയ ചുണ്ടുകൾ, എന്നിവയെല്ലാം ആരോഗ്യത്തിൻറെ ലക്ഷണമല്ല.
പക്ഷി കുഞ്ഞുങ്ങൾക്ക് പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കൊടുക്കണം. പക്ഷികളിൽ കൂടുതലും അസുഖങ്ങൾ പകരുന്നത് ആഹാരത്തിലൂടേയും, വെള്ളത്തിലൂടേയുമാണ്. അതുകൊണ്ട്, ശുദ്ധജലവും, ആഹാരവും കൊടുക്കണം.
മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ആരോഗ്യമുള്ള പക്ഷികളെ വളർത്തിയെടുക്കാം.
Share your comments