കണ്ണൂർ: കോവിഡിനും, പ്രളയത്തിനും പിന്നാലെ, ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്ന പ്രശ്‌നം കണ്ണൂരിലെ ചെമ്മീൻ കർഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇത് കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്.
ചെമ്മീനുകളിൽ കാണുന്ന 'വൈറ്റ് ഫീക്കൽറ്റ്' എന്ന ഈ വൈറസ് രോഗം വന്നാൽ ഭക്ഷണം കഴിക്കാനാവാതെ ചെമ്മീനുകൾ ചത്തുപോവുകയാണ്. രോഗം പിടിപെട്ട ചെമ്മീൻറെ വിസർജ്യം വെള്ള നിരത്തിലായിരിക്കും. ചെമ്മീൻ കുഞ്ഞുങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈറസ് രോഗം ഭീഷണി സൃഷ്ടിക്കുന്നു. ഇവ പിടി പെട്ടാൽ ചെമ്മീൻ കുഞ്ഞുങ്ങളുടെ വളർച്ച തന്നെ മുരടിച്ചു പോകും.
കേരളത്തിൽ തലശേരി, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ചെമ്മീൻ കുഞ്ഞുങ്ങളെ വാങ്ങുന്നത്. പോണ്ടിച്ചേരി മരക്കാനത്തു നിന്നും ഇവയെത്തുന്നുണ്ട്. ചെമ്മീൻ കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ തന്നെ വൈറസ് രോഗ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന നടത്താനുള്ള സംവിധാനങ്ങളുടെ കുറവും കർഷകർക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന പരിമിതമായി ഉണ്ടെങ്കിലും അവർ ഹാച്ചറി ഉടമകളുമായി ഒത്തുകളിച്ച് വൈറസ് ഇല്ലെന്ന സർട്ടിഫിക്കറ്റാണ് നൽകുന്നതെന്ന് കർഷകർ പറയുന്നു. പിന്നീട് കർഷകർക്കുള്ള ആശ്രയം മംഗളൂരുവിലെ ഫിഷറീസ് കോളേജ് മാത്രമാണ്. ചെമ്മീൻ കുഞ്ഞുങ്ങളെ അവിടെ കൊണ്ടുപോയി പരിശോധന നടത്തികൊണ്ടുവരാനുള്ള സാമ്പത്തിക ചെലവ് കാരണം കർഷകർ അതിന് തയ്യാറാകാറില്ല.
പയ്യന്നൂരിൽ ഒരു സബ് സെൻ്റർ ഉണ്ടെങ്കിലും കൊവിഡ് കാരണം അടച്ചിട്ടിരിക്കുകയാണ്. 35 പൈസ മുതൽ 40 പൈസ വരെയാണ് നിലവിൽ ചെമ്മീൻ കുഞ്ഞുങ്ങളുടെ വില. കാലവസ്ഥ വ്യതിയാനവും കർഷകർ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധിയാണ്. 20 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയായാൽ മറ്റു വൈറസ് രോഗങ്ങളും പടർന്നു പിടിക്കുമെന്ന് തലശേരി മേലൂർ കടവിലെ കർഷകർ പറയുന്നു. പലരും ബാങ്ക് വായ്പയെടുത്താണ് ചെമ്മീൻ കൃഷിക്കിറങ്ങുന്നത്. എന്നാൽ തുടർച്ചയായ രണ്ടു പ്രളയവും കൊവിഡ് പ്രതിസന്ധിയിൽ അന്താരാഷ്ട്ര കയറ്റുമതി നിലച്ചതും ചെമ്മീൻ കർഷകരെ കണ്ണീരു കുടിപ്പിക്കുകയാണ്. വളർച്ചയെത്തിയ ചെമ്മീനിന് നാട്ടിലും ആവശ്യക്കാരുണ്ട്. അതുകൊണ്ടു മാത്രമാണ് മിക്ക കർഷകരും പിടിച്ചു നിൽക്കുന്നത്.
വൈറസ് രോഗത്തിനെതിരെ കർഷകർ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ സി കെ ഷൈനി പറഞ്ഞു. പല രീതിയിലും രോഗം വരാനുള്ള സാധ്യതയുണ്ട്. വൈറസുള്ള ഫാമിലെ വെള്ളം പുഴയിലേക്ക് തുറന്നു വിടുകയാണെങ്കിൽ ഈ വെള്ളം കയറ്റുന്ന പാടത്തിലേക്ക് വൈറസ് കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. പരിശോധന നടത്തി വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചാലും പിന്നീട് വൈറസ് വരാനുള്ള സാധ്യതയേറെയാണെന്നും ഫിഷറീസ് ഡയറക്ടർ പറഞ്ഞു
Share your comments