വിലകയറ്റം നിയന്ത്രിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേര കര്‍ഷകര്‍ക്ക് ആശ്വാസമായി കേരഗ്രാമം
കേരഗ്രാമം പദ്ധതിയിലൂടെ തെങ്ങിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തെങ്ങിനോട് ഇനി അവഗണന ഉണ്ടാകരുത്. പദ്ധതിയുടെ ഭാഗമായി വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവ അണ്ടൂർക്കോണം പഞ്ചായത്തിന്റെ പേരിൽ വിപണിയിലെത്തിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഭക്ഷണകാര്യത്തിൽ മലയാളികൾ കൂടുതൽ ഗൗരവം കാണിക്കണമെന്നും സകുടുംബം കൃഷിയിലേക്ക് ഇറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൃഷിഭവൻ വഴി തെങ്ങ് കൃഷിക്ക് ലഭിക്കുന്ന സഹായങ്ങൾ
അണ്ടൂർക്കോണംഗ്രാമപഞ്ചായത്തിൽ 250 ഹെക്ടർ പ്രദേശത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങിന്റെ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവളം, കുമ്മായ വിതരണം, കേടുവന്ന തെങ്ങ് മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങിൻ തൈ നടീൽ, സസ്യ സംരക്ഷണ പ്രവർത്തനം, ജൈവവള നിർമ്മാണ യൂണിറ്റ്, ഇടവിള കൃഷി പ്രോത്സാഹനം എന്നിവയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 43,750 തെങ്ങുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഹാളിൽനടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീജ.എസ്.ധരൻ പദ്ധതി വിശദീകരിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാപഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, കൃഷി ഓഫീസർ ശരണ്യ എസ്.എസ്, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
Share your comments