കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ കൃഷിവിജ്ഞാന കേന്ദ്രങ്ങളും, കാർഷിക സർവകലാശാലയും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളാണ് ചുവടെ നൽകുന്നത്.
പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നൽകുന്ന കാർഷിക നിർദ്ദേശങ്ങൾ
a)നെല്ലിലെ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ
1. ഞാറ്റടിയിൽ ബാക്ടീരിയൽ ഓല കരിച്ചിൽ രോഗം കാണാൻ സാധ്യതയുള്ളതിനാൽ മുൻകരുതലായി 20 ഗ്രാം പച്ചചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
2. ഞാറ് പറിച്ചു നടുമ്പോൾ ഞാറുകൾ സ്യൂഡോമോണസ് കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ച ലായനിയിൽ മുക്കി വച്ചശേഷം നടുക.
ബന്ധപ്പെട്ട വാർത്തകൾ: KCC Update: 15 ദിവസത്തിനകം നടപടി പൂർത്തിയാക്കാൻ ബാങ്ക് അധികൃതരോട് നിർദേശം
3. രോഗം അധികരിക്കുകയാണെങ്കിൽ 2ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുക.
4. ഞാറ് പറിച്ചു നട്ടതിനുശേഷം നെൽപ്പാടങ്ങളിൽ രോഗം ശ്രദ്ധയിൽപ്പെട്ടാൽ ഒരേക്കറിന് രണ്ട് കിലോഗ്രാം ബ്ലീച്ചിങ് പൗഡർ കിഴികെട്ടി പാടത്തെ വെള്ളക്കെട്ടിൽ ഇട്ടുകൊടുക്കുക.
b) വാഴകളിൽ കാണപ്പെടുന്ന സിഗട്ടോക്ക രോഗത്തിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ
1. മഴക്കാലം രൂക്ഷം ആയതുകൊണ്ട് വാഴയിൽ സിഗട്ടോക്ക രോഗത്തിന് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ച് തളിച്ച് കൊടുക്കണം. രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരു മില്ലി പ്രൊപ്പികൊണോസോൾ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ചു കൊടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വനിതകൾക്ക് വരുമാനം കണ്ടെത്താൻ ‘കെപ്കോ’ പദ്ധതികൾ
കൊല്ലം വിജ്ഞാനകേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം
പയർ കൃഷിയിൽ ഫ്യൂസേറിയം വാട്ടം അഥവാ വള്ളിയുണക്കം കണ്ടു വരുന്നതിനാൽ ഇതിനെ പ്രതിരോധിക്കുവാൻ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകം തടത്തിൽ ഇട്ടുകൊടുക്കണം. 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 20 ഗ്രാം സ്യൂഡോമോണസ് ചേർത്ത് ഇട്ടുകൊടുക്കുന്നത് രോഗം ഇല്ലാതാക്കാൻ മികച്ച വഴിയാണ്. പയറിൽ മണ്ണിന് തൊട്ടു മുകളിൽ ഉള്ള ചീഞ്ഞ വള്ളി പൂർണമായും വാടുന്നതാണ് രോഗലക്ഷണം. രോഗം തടയാൻ അധിക ജലസേചനം ഒഴിവാക്കുക. വിളവെടുത്ത് കഴിഞ്ഞ വള്ളികൾ നശിപ്പിച്ചു കളയുക. രോഗബാധയേറ്റ ചെടികൾക്ക് സാഫ് 3ഗ്രാം/ ലിറ്റർ എന്ന തോതിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
കേരള കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച കാർഷിക നിർദ്ദേശം
പൈനാപ്പിൾ കൃഷിയിൽ കുമിൾബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുമിൾ ബാധ മൂലം വേരും തണ്ടും ചീഞ്ഞു പോകുന്നതായി കണ്ടു വരുന്നു. രോഗം ബാധിച്ച ചെടിയുടെ മധ്യഭാഗത്തുള്ള ഇലകൾ പെട്ടെന്ന് ഊരി പോരുന്നതും അവയുടെ കടഭാഗം അഴുകി ദുർഗന്ധം വമിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. ഇത് പ്രതിരോധിക്കുവാൻ ജീവാണുവളങ്ങൾ തന്നെ ഉപയോഗിക്കുക. ഈ കൃഷിയിൽ ധാരാളമായി കണ്ടുവരുന്ന മീലിമുട്ട ആക്രമണം അകറ്റാൻ വെർട്ടീസീലിയം ജീവാണുവളം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ മതി.
മൃഗസംരക്ഷണ വകുപ്പ് നൽകുന്ന അറിയിപ്പ്
പന്നികളെ ബാധിക്കുന്ന പ്രധാന മാരക സംക്രമിക രോഗമായ ആഫ്രിക്കൻ സ്വൈൻ ഫീവർ. ഇത് രാജ്യത്ത് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് മനുഷ്യരിലേക്കോ മറ്റു ജന്തുവർഗങ്ങളിലേക്കോ ബാധിക്കില്ല. പക്ഷേ രോഗബാധ തടയുവാൻ ആയി മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പന്നികളിൽ ഇത്തരം രോഗലക്ഷണങ്ങളോ മരണമോ റിപ്പോർട്ട് ചെയ്താൽ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക. പന്നി ഫാമുകളിൽ ബയോ സെക്യൂരിറ്റി, മാലിന്യ നിർമാർജനം എന്നിവ കാര്യക്ഷമമാക്കണം. ഈ രോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ അറിയാൻ നിങ്ങൾക്ക് കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 0471-2732151 എന്ന നമ്പറിൽ വിളിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന: മത്സ്യകൃഷിയ്ക്ക് സബ്സിഡി
Share your comments