കേന്ദ്ര സർക്കാരിന്റെ ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഒന്നായ കിസാന്‍ വികാസ് പത്ര (KVP)യുടെ പലിശ നിരക്ക് കുറച്ചു. 6.9% ൽ നിന്ന് 6.2% മായാണ് പലിശ നിരക്ക് കുറച്ചത്.
ഇതോടെ നിക്ഷേപങ്ങളുടെ മൂല്യം ഇരട്ടിയാകുന്നതിന് ഇനി കൂടുതൽ സമയമെടുക്കും. അതായത് 124 മാസത്തിനുള്ളിലാണ് മുമ്പ് നിക്ഷേപം ഇരട്ടിയായതെങ്കിൽ ഇനിമുതൽ ഇതിന് 138 മാസമെടുക്കും. പദ്ധതിപ്രകാരം വാർഷികാടിസ്ഥാനത്തിലാണ് നിക്ഷേപത്തിന്റെ പലിശ കണക്കാക്കുന്നത്.
കിസാന്‍ വികാസ് പത്ര (KVP)
കർഷകരെ ലക്ഷ്യമിട്ട് തപാൽ വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. നിക്ഷേപങ്ങൾക്ക് പൂർണ സുരക്ഷയും ഇരട്ടി ലാഭവും നൽകുന്ന നിക്ഷേപ പദ്ധതിയാണിത്. രാജ്യത്തുടനീളമുള്ള തപാല്‍ ഓഫീസുകൾ, തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകൾ എന്നിവ വഴി പദ്ധതിയിൽ ചേരാം. പത്ത് വര്‍ഷവും നാല് മാസവുമാണ് പദ്ധതിയുടെ കാലാവധി. 18 വയസ് പൂർത്തിയായ ആർക്കും സ്വന്തം നിലയിൽ പദ്ധതിയിൽ ചേരാം.
10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്ക് രക്ഷിതാവിന്റെ പേരിലോ സ്വന്തം പേരിലോ KVP അക്കൗണ്ട് തുറക്കാം. മൂന്ന് പേർക്ക് സംയുക്‌തമായി ചേരാനുള്ള ഓപ്ഷനും പദ്ധതി നൽകുന്നുണ്ട്. പദ്ധതിപ്രകാരം ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാൻ കഴിയും. വിദേശ ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാനാകില്ല.
കുറഞ്ഞ നിക്ഷേപം ആയിരം രൂപ
രാജ്യത്തെ മുൻനിര ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയേക്കാൾ കൂടുതലാണ് KVP വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് ആയിരം രൂപയ്ക്ക് വരെ KVP അക്കൗണ്ട് തുറക്കാം. അതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഉയർന്ന പരിധി ഇല്ല. അക്കൗണ്ടുകൾ തുറക്കാൻ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം.
50,000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്. 10 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് വരുമാനം തെളിയിക്കുന്നതിനുള്ള salary slip അല്ലെങ്കിൽ bank statement അതുമല്ലെങ്കിൽ IT return ആവശ്യമാണ്.
നികുതി ഇളവ്
കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിനു നികുതി ഇളവ് ഇല്ല. മറ്റു സ്രോതസുകളിൽനിന്നുള്ള വരുമാനങ്ങളുടെ കൂട്ടത്തിലാണ് ഈ പലിശ വരുമാനത്തെ പരിഗണിക്കുക.
നിക്ഷേപം പിൻവലിക്കൽ
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും കെവിപി അക്കൗണ്ട് പിൻവലിക്കാം. പക്ഷെ അതിന് ചില വ്യവസ്ഥകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
- കെവിപി അക്കൗണ്ട് ഉള്ള വ്യക്തിയോ ജോയിന്റ് അക്കൗണ്ടിലുള്ള വ്യക്തിയോ മരണപ്പെട്ടാൽ
- കോടതി ഉത്തരവ് ഉണ്ടെങ്കിൽ
- രണ്ട് വർഷവും 6 മാസവും പൂർത്തിയാക്കിയ നിക്ഷേപം
- കെവിപി അക്കൗണ്ടിന്റെ കൈമാറ്റം
Share your comments