വൈപ്പിൻ: ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. വൈപ്പിൻകരയുടെ സാമൂഹിക ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ പര്യാപ്‌തമാകുമായിരുന്ന, നബാർഡിന്റെ സഹായത്തോടെയുള്ള 36 കോടി രൂപയുടെ പദ്ധതി നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയത് ജലവിഭവ - കൃഷി വകുപ്പ് തല ഏകോപനമില്ലായ്‌മയും ഉദ്യോഗസ്ഥരുടെ കാര്യശേഷിക്കുറവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്കായിട്ടുള്ള നബാർഡിൻറെ വിവിധ പദ്ധതികൾ
2022 - 23 സാമ്പത്തികവർഷത്തേക്കുള്ള ശുദ്ധജല വിതരണവും ശുചീകരണവും, കൃഷി, ജലസേചനം മേഖലകൾക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകളെ പിന്താങ്ങി സംസാരിക്കുകയായിരുന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ.
കെ.എൽ.ഡി.സി നിർവ്വഹണ ഏജൻസിയായ 'ജൈവവൈപ്പിൻ' വീണ്ടെടുക്കുകയോ നബാർഡിന്റെ ഇക്കൊല്ലത്തെ പദ്ധതികളിൽ ഉൾപ്പെടുത്തുകയോ ചെയ്യണം. ജലവിഭവ - കൃഷി വകുപ്പുകൾ മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തുന്നതെങ്കിലും വകുപ്പുതല ഏകോപനം കൂടുതൽ മെച്ചപ്പെടുത്തണം. ഇക്കാര്യത്തിൽ ഉദ്യോസ്ഥതലത്തിൽ ജാഗ്രതക്കുറവ് ഉണ്ടാകരുത്.
ബന്ധപ്പെട്ട വാർത്തകൾ: പഴകിയ കഞ്ഞിവെള്ളവും പഴകിയ തൈരുമുണ്ടെങ്കിൽ കറിവേപ്പില കൃഷി പൊടിപ്പൊടിക്കാം... ഇല പുള്ളി രോഗവും പമ്പകടത്താം..
വൈപ്പിനിലെ കുടിവെള്ള പ്രശ്‌നം പൂർണ്ണമായും പരിഹരിക്കണമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ചൊവ്വര നവീകരണ പദ്ധതി ഊർജ്ജിതമാക്കണം. പണിപൂർത്തീകരിച്ച കുടിവെള്ള ടാങ്കുകൾ കഴിയുന്നത്ര വേഗം ഉദ്ഘാടനം ചെയ്യണം. താറുമാറായ പെരിയാർവാലി, മൂവാറ്റുപുഴവാലി, ഇടമലയാർ ജലസേചന പദ്ധതികളുടെ ഭാഗമായ കനാൽ ബണ്ട് റോഡുകൾ നന്നാക്കുന്നതിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം.
കുടിവെള്ളം ജന്മാവകാശമായി പ്രഖ്യാപിച്ച ഭരണഘടനാ അസംബ്ലിയിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെയും ചെമ്പിലരയന്റെയും പോഞ്ഞിക്കര റാഫിയുടേയുമൊക്കെ പഞ്ചായത്തായ മുളവുകാട് നിർദ്ദേശിക്കപ്പെട്ട 60 കോടി രൂപയുടെ കുടിവെള്ള പദ്ധതി അംഗീകരിക്കണം. ജലനയം കാലാനുസൃതം പരിഷ്‌കരിക്കണമെന്നും ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.
Share your comments