പതിനായിരം സ്ത്രീകൾക്ക് തൊഴിൽ വാഗ്‌ദാനവുമായി ഒല. ഇലക്ട്രോണിക് സ്‌കൂട്ടര്‍ നിര്‍മാണ കമ്പനിയായ ഒലയുടെ തമിഴ്‌നാട്ടിലെ നിര്‍മാണ യൂണിറ്റ് മുഴുവനും പ്രവര്‍ത്തിപ്പിക്കുക സ്ത്രീകളായിരിക്കും.
ഒല ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിക്കു കീഴിലാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. ആത്മനിർഭർ ഭാരതത്തിനു ആത്മാനിർഭർ സ്ത്രീകളും ആവശ്യമാണെന്ന് ഭവിഷ് പറഞ്ഞു. ഉൽപ്പാദനം വർധിക്കുന്ന ഘട്ടത്തിൽ 10,000 ജീവനക്കാർക്കു കൂടി തൊഴിൽ നൽകുമെന്നാണു വാഗ്ദാനം. ഇതോടെ ലോകത്തു തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമായി ഇതു മാറും.
തമിഴനാട്ടിലെ 500 ഏക്കർ പ്ലാന്റുള്ള ഒലയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പ്ലാന്റ് തമിഴനാട്ടിൽ ആരംഭിക്കുന്നതിനായി 2,400 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞവർഷം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമാണു കമ്പനിയുടെ രണ്ടു ഇലക്ട്രിക് മോഡൽ സ്‌കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ചത്. വർഷത്തിൽ 10 ലക്ഷം സ്‌കൂട്ടറുകളാകും ഈ പ്ലാന്റിൽ നിർമിക്കുക. ആവശ്യകത വർധിക്കുന്നതിനനുസരിച്ചു വാർഷിക ഉൽപ്പാദനം 20 ലക്ഷമായി ഉയർത്തും. ഒരു വർഷം ഒരു കോടി യൂണിറ്റ് സ്‌കൂട്ടറുകൾ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടെന്നു കമ്പനി വ്യക്തമാക്കി. ലോകത്തെ മൊത്തം ഇരുചക്ര വാഹന നിർമാണത്തിന്റെ 15 ശതമാനം വരുമിത്.
സ്ത്രീകൾക്കായി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ച് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണു ലക്ഷ്യമെന്നു കമ്പനി വ്യക്തമാക്കി. ലോകത്തിന്റെ ഉൽപ്പാദന ഹബായി ഇന്ത്യയെ വളർത്തുന്നതിനു സ്ത്രീകൾക്കു വലിയ പങ്കുവഹിക്കാനാകുമെന്നും അവരുടെ കഴിവുകൾ പരിപോക്ഷിപ്പിക്കേണ്ടതുണ്ടെന്നും ഭവിഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം കമ്പനി രണ്ടു ഇലക്ട്രിക് മോഡൽ സ്‌കൂട്ടറുകൾ വിപണികളിൽ അവതരിപ്പിച്ചെങ്കിലും വിൽപ്പന നീട്ടിവച്ചിരുന്നു. ഈ മാസം 15 മുതലാകും വിൽപ്പന ആരംഭിക്കുക. വിൽപ്പനയ്ക്കായുള്ള ഔദ്യോഗിക വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇതിനു കാരണം.
എസ് 1 മോഡലിന് 99,999 രൂപയും എസ് 1 പ്രോ മോഡലിന് 1,29,999 രൂപയുമാണ് വില. കേന്ദ്ര സർക്കാരിന്റെ ഫെയിം 2 സബ്‌സിഡികൾ ഉൾപ്പെടെയുള്ള എക്‌സ് ഷോറും വിലയാണിത്. അതേസമയം സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡികൾ ഇതിൽ ഉൾപ്പെടുന്നില്ല. അടിസ്ഥാന വകഭേദത്തിൽനിന്ന് വ്യത്യസ്തമായി എസ് 1 പ്രോയിൽ വോയിസ് കൺട്രോൾ, ഹിൽ ഹോർഡ്, ക്രൂയിസ് കൺട്രോൾ എന്നിവയുണ്ട്. എസ് 1ന് 90 കിലോമീറ്റർ വേഗത്തിലും എസ് 1 പ്രോയ്ക്ക് 115 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കാനാകും.
ഒറ്റചാർജിൽ എസ് 1, 121 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ പ്രോ 181 കിലോമീറ്റർ സഞ്ചരിക്കും. 8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമമകുന്ന മോട്ടറുകളാണ് ഇരു മോഡലിലുമുള്ളത്. എന്നാൽ എസ് 1ൽ 2.98 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുമ്പോൾ എസ് 1 പ്രോയിൽ 3.97 കിലോവാട്ട് ബാറ്ററിയാണുള്ളത്. പത്ത് നിറങ്ങളിൽ സ്കൂട്ടർ ഉപയോക്താക്കൾക്കു ലഭ്യമാകും.
Share your comments