പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിന് വീണ്ടും ഒരു പൊൻ തൂവൽ കൂടി. പുതുതായി വികസിപ്പിച്ചെടുത്ത സുപ്രിയ നെൽവിത്ത് നെല്ലറ പൊന്നറയാക്കും. ഈ വിത്ത് വ്യാപകമാക്കാനും തീരുമാനം. ഉയർന്ന രോഗകീട പ്രതിരോധശേഷിയും, മികച്ചവിളവും സുപ്രിയ വിത്തിൻറെ പ്രത്യേകതകളാണ്.
കീടനാശിനി,കുമിൾനാശിനി എന്നിവയുടെ ഉപയോഗം കുറയ്ക്കാനും രോഗങ്ങളെ അതിജീവിക്കാനും ഉത്തമം. വെള്ള അരി കിട്ടുന്ന സുപ്രിയയുടെ മൂപ്പ് 135 മുതൽ 140 ദിവസം വരെയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെയും ഫലപ്രദമായി അതിജീവിക്കാൻ ഇതിന് കഴിയുന്നുണ്ട്. വരൾച്ച, ഉയർന്ന താപനില എന്നിവയെ പ്രതിരോധിക്കാൻ വളരെ
യേറെ ശേഷിയുള്ള സുപ്രിയ നെൽവിത്ത് നെല്ലറയെ സമൃദ്ധമാക്കാൻ പോന്നതാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ഇതിന്റെ തണ്ടിന് ബലം കൂടുതൽ ഉള്ളതിനാൽ കതിരിട്ട് മുക്കുമ്പോൾ ചാഞ്ഞ് വീഴില്ലെന്ന പ്രത്യേകതയുമുണ്ട്. ഇതിനാൽ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത്തിനും മെതിക്കും വളരെയേറെ അനുയോജ്യവുമാണ്. ഉയരംകൂടിയ ചെടികളും വീതികൂടിയ ഓലകളും ഇടതൂർന്ന കതിരുകളും പ്രധാന സവിശേഷതയാണ്.
പരീക്ഷണങ്ങളിൽ മികച്ച വിളവാണ് സുപ്രിയ നൽകിയത്. ഇതു കൊണ്ട് തന്നെ വരുന്ന സീസണിൽ പുതിയ ഈ നെൽവിത്ത് പാലക്കാട്ടെ കർഷകർക്കിടയിൽ വ്യാപകമായി ഉപയോഗിക്കാനാണ് തീരുമാനം, ജില്ലയിൽ വിവിധഭാഗങ്ങളിലായി 10 ഹെക്ടറോളം കൃഷിഭൂമിയിലാണ് സുപ്രിയ കൃഷി ഇറക്കിയത്. ഇത് വൻവിജയമാണ് നൽകിയത്.
വരൾച്ചയെയും ചൂടിനെയും പ്രതിരോധിക്കാൻ വളരെ ശേഷിയുള്ള ഈ വിത്തിനം ജലക്ഷാമമുള്ള മേഖലകളിലും നല്ലതുപോലെ വിളയിച്ചെടുക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അടുത്ത സീസണിൽ ഇത് ജില്ലയിൽ വ്യാപകമായി ഉപയോഗിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
ഇതുവരെ കൃഷിചെയ്ത് ഇടങ്ങളിൽ നിന്നെല്ലാം മികച്ച അഭിപ്രായമാണ് സുപ്രിയക്ക് ലഭിച്ചത്. മികച്ച നെൽവിത്ത് ഉൽപാദിപ്പിച്ചടുത്ത പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിനും സുപ്രിയ വലിയ അഭിമാനമാണ് സമ്മാനിക്കുന്നത്.
Share your comments