1. News

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച നടത്തും

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Meera Sandeep

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച (ജനുവരി 31) പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതാണ്. 

24,690ബൂത്തുകള്‍ വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികള്‍ എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്‌സിന്‍ എടുക്കാന്‍ വരുന്നവരും ബൂത്തിലുള്ളവരും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ബൂത്തുകളിലുള്ള എല്ലാ വാക്‌സിനേറ്റര്‍മാരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങള്‍, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും വാക്‌സിന്‍ കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്‌സിനേറ്റര്‍ കൈകള്‍ അണുവിമുക്തമാക്കേണ്ടതാണ്.

കോവിഡ് ബാധിതരുടെ വീട്ടിലെ കുട്ടികള്‍ അറിയുവാന്‍

കോവിഡ് നിരീക്ഷണത്തില്‍ ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം പോളിയോ തുള്ളി മരുന്ന് നല്‍കേണ്ടതാണ്. കോവിഡ് പോസിറ്റീവായ ആളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നല്‍കാവുന്നതാണ്. അഞ്ചുവയസില്‍ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നല്‍കാവൂ.

പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനം

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനസമയം. ആശുപത്രികളില്‍ പോളിയോ ബൂത്തുകള്‍ ഒപി, ഐപി വിഭാഗങ്ങളില്‍ നിന്ന് ദൂരെയായി ക്രമീകരിക്കുവാനും പ്രത്യേകം പ്രവേശനകവാടമുള്ള തിരക്കില്ലാത്ത ഭാഗത്ത് ബൂത്ത് പ്രവര്‍ത്തിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ബൂത്തിനായി തെരഞ്ഞെടുക്കുന്ന മുറി വായുസഞ്ചാരം ഉള്ളതും അകത്തേക്ക് പ്രവേശിക്കുവാനും പുറത്തേക്കു കടക്കുവാനും പ്രത്യേകം വാതിലുകള്‍ ഉള്ളതുമായിരിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

ഒരു സമയം 5 കുട്ടികളില്‍ കൂടുതല്‍ ബൂത്തില്‍ ഉണ്ടാകുവാന്‍ അനുവദിക്കുന്നതല്ല. അതിനാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി നല്‍കിയിട്ടുള്ള സമയ പ്രകാരം കുട്ടികളെ ബൂത്തില്‍ എത്തിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ബൂത്തിലുള്ളവര്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. 

തുള്ളിമരുന്ന് കൊടുക്കുവാനായി കുട്ടിയുടെ കൂടെ ഒരാളെ മാത്രമേ ബൂത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടിയുടെ കൂടെ വരുന്നവരെല്ലാം മാസ്‌ക് ധരിക്കേണ്ടതാണ്. നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പോളിയോ ഇമ്മ്യൂണൈസേഷന്‍ ബൂത്തില്‍ എത്തുവാന്‍ പാടുള്ളതല്ല. 

60 വയസിനുമേല്‍ പ്രായമുള്ളവരും കുട്ടികളെ വാക്‌സിന്‍ എടുക്കാന്‍ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതാണ്. കുട്ടികളും രക്ഷകര്‍ത്താക്കളും ബൂത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വീട്ടിലെത്തയയുടനേയും കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്. കൂടാതെ തുള്ളി മരുന്ന് നല്‍കുമ്പോള്‍ ഡ്രോപ്പര്‍ കുട്ടിയുടെ വായില്‍ സ്പര്‍ശിക്കാത്ത വിധത്തില്‍ കുട്ടിയെ ശരിയായി ഇരുത്തുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

English Summary: Pulse polio immunization will be held on Sunday

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds