കര്‍ഷകരെ സഹായിക്കാനാണ് വയനാട് പാക്കേജെന്നും വയനാടിന്റെ പ്രധാന കാര്‍ഷിക വിഭവങ്ങള്‍ പാക്കേജിലൂടെ പരമാവധി സംഭരിക്കാന്‍ ശ്രമിക്കുമെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. വയനാട് പാക്കേജ് പദ്ധതിയില്‍ ഉള്‍പെടുത്തി ജില്ലയിലെ ചെറുകിട നാമ മാത്ര കര്‍ഷകരുടെ കാപ്പി വിപണി വിലയേക്കാള്‍ 10 രൂപ അധികമായി നല്‍കി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെന്‍മേനിയിലെ കാപ്പി കര്‍ഷകനായ എം.വി വിശ്വനാഥനില്‍ നിന്ന് കാപ്പി സംഭരിച്ചാണ് കാപ്പി സംഭരണത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്.
കാർഷിക വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദേറിയ ചട്ണി/ചമ്മന്തി ആയാലോ....
കര്‍ഷക കേന്ദ്രീകൃതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് വയനാട് പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി 2021-22 സാമ്പത്തികവര്‍ഷം ജില്ലയ്ക്ക് 1335 ലക്ഷം രൂപയാണ് ബജറ്റില്‍ വിവിധ ഘടകങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. കുരുമുളക് കൃഷി വികസനത്തിനും കാപ്പി കൃഷി വികസനത്തിനും 500 ലക്ഷം രൂപ വീതവും ഇഞ്ചി, മഞ്ഞള്‍ കൃഷി എന്നിവയ്ക്ക് 125 ലക്ഷം, മുള്ളന്‍കൊല്ലി - പുല്‍പ്പള്ളി വരള്‍ച്ച /വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് 210 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതുവരെ ലഭിച്ച 1151.6 ലക്ഷം രൂപയില്‍ 660 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.
വന്യമൃഗശല്യവും വില ലഭ്യത കുറവും ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. നവീനമായ ആശയങ്ങളും സാങ്കേതിക സഹായങ്ങളും ഉപയോഗപ്പെടുത്തി പരമാവധി ഗുണമേന്‍മയുളള ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പാക്കാന്‍ സാധിക്കണം .കൂടുതല്‍ മൂല്യ വര്‍ദ്ധിത ഉള്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പാക്കാനുളള ശ്രമങ്ങള്‍ കര്‍ഷകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റി കുരുമുളക് കൃഷി ആരംഭിക്കൂ.. കറുത്തപൊന്നിൽ നിന്ന് പൊന്ന് വിളയിക്കാം...
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഒ.ആര്‍. കേളു, അഡ്വ. ടി. സിദ്ദിഖ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, കൗണ്‍സിലര്‍ സലീം മഠത്തില്‍, ജില്ലാ കാര്‍ഷിക സമിതി പ്രതിനിധി അംബി ചിറയില്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.കെ സജി മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാപ്പി സംഭരണം രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന്
ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 1542 ചെറുകിട നാമമാത്ര കര്‍ഷകരില്‍ നിന്നാണ് കാപ്പി ഇപ്പോള്‍ സംഭരിക്കുന്നത്. വിപണി വിലയേക്കാള്‍ 10 രൂപ അധികം നല്‍കിയാണ് സംഭരണം. 100 കായ്ക്കുന്ന മരമെങ്കിലുമുള്ള കര്‍ഷകരില്‍നിന്ന് ആദ്യഘട്ടത്തില്‍ പരമാവധി 250 കിലോഗ്രാം വീതമാണ് ഉണ്ടകാപ്പി സംഭരിക്കുക. 445 ടണ്‍ സംഭരിക്കുന്നതിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തുളള കാര്‍ഷിക മൊത്തവ്യാപാര വിപണി വഴിയാണ് സംഭരണം. ജില്ലാ കളക്ടര്‍ അധ്യക്ഷനായ റൂറല്‍ അഗ്രികള്‍ച്ചര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച ജില്ലയിലെ മൂന്ന് ഏജന്‍സികള്‍ക്കാണ് സംഭരണാനുമതിയുളളത്.
കല്‍പ്പറ്റ ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കല്‍പ്പറ്റ നഗരസഭയിലേയും കാപ്പി ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംഭരിക്കും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പുല്‍പ്പള്ളി, പൂതാടി, മുളളന്‍കൊല്ലി പഞ്ചായത്തുകളിലേത് വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയും മാനന്തവാടി ബ്ലോക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മാനന്തവാടി നഗരസഭ എന്നിവ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംഭരിക്കും.
ഫെബ്രുവരി 7 മുതല്‍ 19 വരെ പഞ്ചായത്തുകളിലെ ഒന്നോ രണ്ടോ ലൊക്കേഷനുകളില്‍ നിന്നുമാണ് കാപ്പി സംഭരിക്കുക. ജില്ലയിലെ പ്രധാന വിപണിയിലെ സംഭരണവില നിലവാരവും പ്രമുഖ പത്രങ്ങളിലെ കമ്പോള നിലവാരവും അടിസ്ഥാനമാക്കിയാണ് സംഭരണ വില നിശ്ചയിക്കുന്നത് . കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് അഞ്ചു ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സംഭരണവില നല്‍കും. ഗുണമേന്‍മ ഉറപ്പുവരുത്തിയാണ് ഏജന്‍സികള്‍ ഉണ്ടകാപ്പി സംഭരിക്കുക ( ജലാംശം പരമാവധി 10.5 - 15 ശതമാനം വരെ, കീടരോഗബാധയില്ലാത്തത് , കലര്‍പ്പുകള്‍ ഇല്ലാത്തത്).
ജില്ലയിലെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗമായ കാപ്പികൃഷി 67426 ഹെക്ടറിലാണ് വ്യാപിച്ചു കിടക്കുന്നത്. ഇതില്‍ പ്ലാന്റേഷന്‍ ഒഴികെ ഏകദേശം മുപ്പതിനായിരത്തോളം ഹെക്ടര്‍ ചെറുകിട നാമമാത്ര കര്‍ഷകരുടെ കൈവശത്തിലാണ്. വയനാട് പാക്കേജില്‍ കാപ്പികൃഷി വികസനത്തിനായി അനുവദിച്ച 500 ലക്ഷത്തില്‍ 105 ലക്ഷം രൂപ കാപ്പി കൃഷിയുടെ വ്യാപനത്തിനായും 150 ലക്ഷം നിലവിലെ കാപ്പിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനായും 75 ലക്ഷം രൂപ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും 120 ലക്ഷം രൂപ സൂക്ഷ്മ ജലസേചന സൗകര്യത്തിനും 50 ലക്ഷം രൂപ ചെറുകിട നാമമാത്ര കര്‍ഷകരുടെ കാപ്പി സംഭരണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്.
Share your comments