നഗരത്തിൽ താമസിക്കുന്ന എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). 2015 ൽ ആരംഭിച്ച ഈ പദ്ധതി വിപുലീകരിച്ചതോടെ ഇടത്തരക്കാർക്കും പ്രയോജനം ലഭിക്കും. ഇന്ത്യയിലെ ഏത് നഗര-പട്ടണ പ്രദേശങ്ങളിൽ വീടു പണിയുന്നവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
ഭവനവായ്പ എടുക്കുമ്പോൾ പലിശ സബ്സിഡി നൽകുന്ന ക്രെഡിറ്റ് ലിങ്ക് സബ്സിഡി സ്കീം വഴിയാണ് ഈ പദ്ധതി സാമ്പത്തിക സഹായം നൽകുന്നത്. വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ പല സ്ലാബുകളാക്കി തിരിക്കുന്നു. മൂന്ന് ലക്ഷംവരെ വാർഷിക വരുമാനമുള്ളവർ (EWS), 6 ലക്ഷം വരെ വരുമാനമുള്ളവർ (LIG), 6-12 ലക്ഷം വരുമാനമുള്ള ഇടത്തരക്കാർ (MIG 1), 12-18 ലക്ഷം വരുമാനമുള്ളവർ (MIG 2) എന്നിങ്ങനെയാണ് സ്ലാബുകൾ.
ഇഡബ്ലുഎസ്, എൽഐജി വിഭാഗങ്ങൾക്ക് 6.5 ശതമാനമാണ് പലിശസബ്സിഡി. അതായത്, 2.67 ലക്ഷംവരെ സബ്സിഡിയായി ലഭിക്കാം. എംഐജി1 സ്ലാബിൽ നാല് ശതമാനവും എംഐജി2 ൽ മൂന്ന് ശതമാനവുമാണ് പലിശ സബ്സിഡി. അതായത്, ഈ വിഭാഗത്തിൽപെട്ടവർക്ക് 2.40 ലക്ഷം രൂപവരെ പലിശയിളവ് കിട്ടും.
വായ്പ ആവശ്യമുള്ളവർക്ക് യോഗ്യതയുണ്ടെങ്കിൽ കൂടുതൽ തുക അനുവദിക്കും. എന്നാൽ സബ്സിഡി ആനുകൂല്യം മേൽപ്പറഞ്ഞ പ്രകാരമേ ലഭിക്കൂ. ഓരോ സ്ലാബിലും പെട്ടവർ നിർമിക്കുന്ന വീടിന്റെ കാർപെറ്റ് ഏരിയയിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇഡബ്ലുഎസ് വിഭാഗത്തിൽ വരുന്നവർ നിർമിക്കുന്ന വീടിന്റെ കാർപെറ്റ് ഏരിയ 30 സ്ക്വയർ മീറ്ററിൽ കൂടരുത്. എൽഐജി വിഭാഗത്തിന് 60 സ്ക്വയർ മീറ്ററും എംഐജിൻ സ്പാബിൽ 160 സ്ക്വയർ മീറ്ററും എംഐജി 2 സ്ലാബിൽ 200 സ്ക്വയർ മീറ്ററുമാണ് പരമാവധി കാർപെറ്റ് ഏരിയ.
ഭിത്തി, ബാൽക്കണി എന്നിവ ഒഴിവാക്കി മുറികൾക്കുള്ളിൽ ലഭിക്കുന്ന യഥാർഥ സ്ഥലമാണ് കാർപെറ്റ് ഏരിയയായി കണക്കാക്കുക. വാണിജ്യ ബാങ്കുകളോടൊപ്പം തന്നെ റീജിയണൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, മോൾ ഫിനാൻസ് ബാങ്കുകൾ എന്നിവയിൽ നിന്നുള്ള ഭവനവായ്പകൾക്കും സബ്സിഡി ആനുകൂല്യം ലഭിക്കും.
ദുർബല വിഭാഗത്തിലും പിന്നാക്കവിഭാഗത്തിലും പെടുന്നവർ 2015 ജൂൺ 17നു ശേഷം എടുത്തിട്ടുള്ള (നിലവിലുള്ള) വായ്പകൾക്കും സബ്സിഡി ആനുകൂല്യത്തിന് അപേക്ഷിക്കാം. മിഡിൽ ഇൻകം (MIG) ഗ്രൂപ്പുകളിൽപെടുന്നവർക്ക് 2017 ജനുവരി ഒന്നിനുശേഷം എടുത്തിട്ടുള്ള വായ്പകൾക്കാണ് ഇതിന് അർഹത. പുതുതായി വീടു നിർമിക്കാൻ മാത്രമല്ല, വീട് വാങ്ങാനും പുതുക്കിപ്പണിയാനും പദ്ധതിയുടെ പ്രയോജനം ലഭിക്കും. വായ്പ എടുക്കുന്നയാളുടെ പേരിൽ സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.
അപേക്ഷകർക്ക് ഇന്ത്യയിൽ എവിടെയും നിലവിൽ സ്വന്തമായി വീടുണ്ടാകാൻ പാടില്ല എന്ന നിബന്ധനയുമുണ്ട്. പിഎംഎവൈ പദ്ധതിയുടെ ആനുകൂല്യം നേരത്തെ നേടിയിട്ടുള്ളവരാകരുത്. 20 വർഷമാണു പരമാവധി വായ്പാ തിരിച്ചടവു കാലാവധി, വിവാഹിതരായ മക്കൾ ഉണ്ടെങ്കിൽ അവർക്ക് പുതിയൊരു വീടിന് സബ്സിഡി ലഭിക്കും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു വേണ്ടി പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിൽ പ്രധാനമന്ത്രി ആവാസ് യോജന- ലൈഫ് എന്ന രീതിയിൽ കൂടി നടപ്പിലാക്കുന്നുണ്ട്.
ഇതുപ്രകാരം അനുവദിക്കുന്ന നാല് ലക്ഷം രൂപയിൽ ഒന്നര ലക്ഷം കേന്ദ്ര ഗവൺമെന്റും 50,000 രൂപ സംസ്ഥാന ഗവൺമെന്റും ബാക്കിയുള്ള രണ്ട് ലക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനവുമാണ് നൽകുന്നത്. ഈ പണം തിരിച്ച് അടയ്ക്കേണ്ടതില്ല. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. സ്വന്തമായി ഭൂമിയുള്ളവർക്കു മാത്രമാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ഒരു സെന്റ് ആണെങ്കിൽപോലും പദ്ധതിയുടെ ഗുണഫലം ലഭിക്കും. വീടിന്റെ കാർപെറ്റ് ഏരിയ 650 ചതുരശ്രയടിയിൽ കൂടരുത് എന്നതാണ് മറ്റൊരു നിബന്ധന.
പദ്ധതി പ്രകാരം നിർമിച്ചാലും പിന്നീട് അളക്കുമ്പോൾ കാർപെറ്റ് ഏരിയ 650 ചതുരശ്രയടിയിൽ കൂടിയാൽ, കിട്ടിയ പണം തിരിച്ച് അടയ്ക്കേണ്ടിവരും.
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉള്ള വീട് ആയിരിക്കണം. സ്വന്തം പേരിൽ സ്ഥലമുണ്ട് എന്നതിന്റെ രേഖകൾ ഇതിനായി ഹാജരാക്കേണ്ടതുണ്ട്. മറ്റു കെട്ടിടങ്ങൾ ഒന്നുമില്ലാത്ത സ്ഥലത്ത് ഉടമസ്ഥൻ നിൽക്കുന്ന ഫോട്ടോയും ആധാർകാർഡും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വീടിന്റെ ആധാരം ആദ്യത്തെ ഏഴ് വർഷത്തേക്ക് സബ്സിഡി നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലായിരിക്കും സൂക്ഷിക്കുന്നത്. കൂടുതൽ അറിയാൻ നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ ദേശവൽകൃതബാങ്കുകളെയോ സമീപിക്കുക.
Share your comments