പുതിയ വാഹനങ്ങൾക്ക് ഇനി ഷോറൂമിൽ വെച്ചുതന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കും. രജിസ്‌ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്‌ട്രേഷൻ നൽകും. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കി മോട്ടോർവാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ച മുതൽ നടപ്പാകും.
അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വർഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളിൽനിന്ന് ഓൺലൈനായാണ് സ്ഥിര രജിസ്‌ട്രേഷനുള്ള അപേക്ഷകൾ നൽകേണ്ടത്.
റോഡ് നികുതി, രജിസ്‌ട്രേഷൻ ഫീസ് എന്നിവ അടച്ചശേഷം ഇൻഷുറൻസ് എടുക്കണം. ഫാൻസി നമ്പർ വേണമെങ്കിൽ താത്പര്യപത്രം അപ്‌ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളിൽ ഉടൻ സ്ഥിര രജിസ്‌ട്രേഷൻ അനുവദിക്കും. വൈകീട്ട് നാലിനുമുമ്പ് വരുന്ന അപേക്ഷകളിൽ അന്നുതന്നെ നമ്പർ അനുവദിക്കണം.
രജിസ്‌ട്രേഷൻ നമ്പർ അപ്പോൾത്തന്നെ ഡീലർക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റ് തയ്യാറാക്കി വാഹനത്തിൽ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്‌ട്രേഷൻ അനുവദിക്കും. എന്നാൽ, വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കാനാവില്ല.
ഓൺലൈൻ ലേലംവഴി നമ്പർ എടുക്കുന്നതുവരെ ഷോറൂമിൽ തുടരണം. ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്നുവെച്ചാൽ അക്കാര്യം മോട്ടോർവാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയിൽനിന്ന് നമ്പർ അനുവദിക്കും. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാൽവഴി ലഭിക്കും.
താത്കാലിക രജിസ്‌ട്രേഷൻ ലഭിക്കുന്നവ
* ചേസിസ് മാത്രമായി വാങ്ങുന്ന വാഹനങ്ങൾ. ഇവയ്ക്ക് ബോഡി നിർമിക്കാൻ സാവകാശം ലഭിക്കും.
* ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനുള്ള വാഹനങ്ങൾ.
* ഫാൻസിനമ്പറിനായി അപേക്ഷിക്കുന്ന വാഹനങ്ങൾ.
Share your comments