മണ്ണിലെ നൈട്രജൻ തോത് വർദ്ധിപ്പിക്കുന്ന വൃക്ഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വേങ്ങ. കാർഷിക വനവൽക്കരണത്തിനും സാമൂഹ്യ വനവൽക്കരണത്തിനും ഏറെ അനുയോജ്യമായ വൃക്ഷമാണ് ഇത്. ഇന്ത്യയിൽ എല്ലാ ഭൂപ്രദേശങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു. തെക്കേ ഇന്ത്യയിൽ കാപ്പി, തേയില തോട്ടങ്ങളിൽ തണൽ വൃക്ഷമായി ഉപയോഗിക്കുന്നതും വേങ്ങ മരമാണ്. പടർന്നു പന്തലിക്കുന്ന തലപ്പുകൾ ഉള്ള ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നത് ഇലപൊഴിയും കാടുകളിൽ ആണ്. 30 മീറ്റർ പൊക്കവും രണ്ടര മീറ്റർ വണ്ണവും കൈവരിക്കുന്ന ഈ വൃക്ഷം തടി ആവശ്യങ്ങൾക്ക് വേണ്ടിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വീട് നിർമ്മാണത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വൃക്ഷം കൂടിയാണ് വേങ്ങ. കേരളത്തിൽ 1070 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ആണ് ഇവ സാധാരണയായി കാണുന്നത്.70 മുതൽ 200 സെൻറീമീറ്റർ വരെ മഴ ലഭ്യമാകുന്ന സ്ഥലങ്ങളിൽ മികച്ച രീതിയിൽ ഇവ വളരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: താമസിക്കുന്ന വീടിനുസമീപം ഏതൊക്കെ വൃക്ഷങ്ങൾ നടാമെന്നും ഏതൊക്കെ നട്ടുകൂടെന്നും അറിഞ്ഞിരിക്കാം
നടീലും പരിപാലനവും
വിത്തുകൾ വഴിയാണ് പ്രധാനമായും പ്രവർദ്ധനം നടത്തുന്നത്. പൂർണ്ണവളർച്ചയെത്തിയ മാതൃ വൃക്ഷത്തിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ തന്നെയാണ് നടീലിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. മാതൃ വൃക്ഷത്തിൽ നിന്ന് ലഭിക്കുന്ന കായ്കളുടെ അറ്റം മുറിച്ച ശേഷം പച്ചവെള്ളത്തിൽ മൂന്നുദിവസം കുതിർക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കായ്ക്കാത്ത മാവും കായ്ക്കും; പഴമക്കാർ ചെയ്ത കുറുക്കുവിദ്യകൾ
ഏകദേശം 10 ദിവസം കഴിയുമ്പോൾ ഇവയ്ക്ക് മുള വരുന്നു. ഇങ്ങനെ മുളക്കുന്ന വിത്തുകൾ പോളിത്തീൻ ബാഗുകളിൽ നടീൽ മിശ്രിതം തയ്യാറാക്കി മാറ്റണം. മാറ്റി നടുമ്പോൾ അധികം വെയിൽ ഉള്ള സ്ഥലങ്ങളിൽ പോളിത്തീൻ ബാഗ് വയ്ക്കരുത്. അഞ്ചില പ്രായം വരുമ്പോൾ പ്രധാന സ്ഥലത്തേക്ക് മാറ്റി നടുക. നടുന്നതിന് മുൻപായി നിലം നന്നായി ഉഴുതു 30*30*30 സെൻറീമീറ്റർ വലുപ്പത്തിൽ ഉള്ള കുഴികൾ 4*4 മീറ്റർ അകലത്തിൽ എടുത്ത് തൈകൾ നടാം. ഇങ്ങനെ കുഴികൾ തയ്യാറാക്കുമ്പോൾ അടിവളമായി അഞ്ച് കിലോഗ്രാം കാലിവളം ഇട്ടു നല്കണം. ഏകദേശം 2 വർഷം കഴിയുമ്പോൾ 25 കിലോഗ്രാം കാലിവളം, 60 ഗ്രാം നൈട്രജൻ, 50 ഗ്രാം ഫോസ്ഫറസ്, 30 ഗ്രാം പൊട്ടാസ്യം തുടങ്ങിയവ ചേർക്കണം. മൂന്നാം കൊല്ലം മുതൽ വശങ്ങളിലേക്ക് വരുന്ന ശിഖരങ്ങൾ മുറിച്ചു കളയണം. എങ്കിൽ മാത്രമേ ഇവ മികച്ച രീതിയിൽ വളരുകയുള്ളൂ. 'പോളിപോറസ് ഗിൽവസ്' പോലെയുള്ള കുമിളുകൾ ഇവയെ ആക്രമിക്കാറുണ്ട്. ഇതിന് കുമിൾനാശിനി ഉപയോഗിക്കുന്നതാണ് നല്ലത്.
ഉപയോഗങ്ങൾ
വാതിലുകളും ജനലുകളും പണിയുവാൻ ഏറ്റവും മികച്ച മരമാണ് വേങ്ങ. കാരണം ഇതിൻറെ തടി 50 വർഷത്തോളം കേടുകൂടാതെ ഇരിക്കും. ഇതിൻറെ വെള്ളയ്ക്ക് വിളറിയ വെളുപ്പു നിറമാണ്. ഇരട്ട വരകളോടുകൂടിയ കാതലിന് മഞ്ഞ കലർന്ന തവിട്ടുനിറമാണ്. ഒരു ക്യുബിക് മീറ്റർ തടിക്ക് 800 കിലോഗ്രാം ഭാരം ഉണ്ടാകുന്നു.
ഇതിൻറെ തടി പലകകളാക്കി വെള്ളത്തിൽ ആറാഴ്ച മുക്കിയ ശേഷം വെയിലത്തുണക്കി എടുത്തു കറകളഞ്ഞു ജനൽ പാളികളും വാതിലും നിർമ്മിക്കുവാൻ ഉപയോഗിക്കുന്നത് കൂടുതൽ കാലം ഈടു നിൽക്കാൻ കാരണമാകും. ഫർണിച്ചറുകൾ, പോസ്റ്റുകൾ, ബീമുകൾ, ബോട്ടുകൾ തുടങ്ങിയവയുടെ നിർമാണത്തിന് വേങ്ങയുടെ തടി മികവുറ്റതാണ്. ഇതിൻറെ ഇല കാലിത്തീറ്റയായും ഉപയോഗപ്പെടുത്താം. ഇതിൻറെ പൂക്കൾക്ക് ഔഷധഗുണം കൂടുതലാണ്. ഇവ അന്തരീക്ഷത്തിൽ നിന്ന് ശുദ്ധവായു ധാരാളമായി ആഗിരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ വീട്ടുവളപ്പിൽ ഇത് നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആഞ്ഞിലി വൃക്ഷ രാജാവ്
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments