ബോർഡോ മിശ്രിതം തയ്യാറാക്കുന്ന വിധം.
Preparation of Bordeaux mixture
പല വിധത്തിലും തയ്യാറാക്കാറുണ്ടെങ്കിലും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമാണ് സുരക്ഷിതമായി ഉപയോഗിക്കുന്നത്. ഈ വീര്യത്തിൽ 100 ലിറ്റർ ബോർഡോ ലായനി ഉണ്ടാക്കാൻ ഒരു കി. തുരിശും ഒരു കി. നീറ്റുകക്കയും ആവശ്യമാണ്. 50 ലിറ്റർ വെള്ളത്തിൽ തുരിശ് നല്ലവണ്ണം അലിയിപ്പിച്ചെടുക്കുക. ഒരു പാത്രത്തിൽ ചെറിയ ചൂടു വെള്ളത്തിൽ നീറ്റുകക്ക അലിയിപ്പിച്ചെടുത്തശേഷം ബാക്കി വെള്ളം ചേർത്ത് 50 ലിറ്റർ ആക്കുക. ഈ രണ്ടു ലായനിയും കൂടി ഒന്നിച്ച് മൂന്നാമ തൊരു പാത്രത്തിൽ അൽപ്പാൽപ്പമായി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ചുണ്ണാമ്പു ലായനിയിലേക്ക് തുരിശു ലായനി ഒഴിച്ചും ബോർഡോ മിശ്രിതം തയ്യാറാക്കാം. എന്നാൽ ചുണ്ണാമ്പ് ലായനി തുരിശ് ലായനിയിലേക്ക് ഒരിക്കലും ഒഴിക്കരുത്. മിശ്രിതം തയ്യാറാക്കാൻ ഇരുമ്പു പാത്രങ്ങൾ ഉപയോഗിക്കരുത്. മൺപാത്രങ്ങളൊ, പ്ലാസ്റ്റിക് പാത്രങ്ങളൊ ഉപയോഗിക്കാം. തയ്യാറാക്കുന്ന മിശ്രിതത്തിൽ ചെമ്പിന്റെ അംശം കൂടാൻ പാടില്ല. അതുപോലെ തന്നെ അമ്ലത്തിന്റെ അംശവും കൂടരുത്. ഇത് പരിശോധിയ്ക്കാൻ തയ്യാറാക്കിയ ലായനിയിൽ ഒരു ഇരുമ്പ് കത്തി അൽപ്പസമയം താഴ്ത്തി വയ്ക്കുക. ചെമ്പിന്റെ അംശം കൂടുതലാണ ങ്കിൽ അത് ഈ കത്തിയിൽ പറ്റിപ്പിടിക്കുന്നതു കാണാം. അൽപം ചുണ്ണാമ്പ് ലായനി കൂടി ചേർത്ത് ചെമ്പിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കിയശേഷം മിശ്രിതം വിളകളിൽ തളിക്കാം.
ബോർഡോ മിശ്രിതം ആവശ്യത്തിനു മാത്രം വേണം തയ്യാറാക്കാൻ. അതായത് പഴകിയത് ഉപയോഗിക്കരുത്. ഇലകളിൽ പടർന്നു പിടിക്കുന്നതും ഒട്ടിപ്പിടിയ്ക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുപോലെ മഴക്കാലമല്ലെങ്കിൽ ഒരാഴ്ചവരെ ഇതിന്റെ പ്രവർത്തനം ചെടികളിൽ നീണ്ടു നിൽക്കും. മഴക്കാലത്ത് മിശ്രിതം ചെടികളിൽ നിന്ന് ഒലിച്ചു പോകാതിരിയ്ക്കാൻ ചില പശക്കൂട്ടുകൾ കൂടി ഇതിൽ ചേർക്കണം. തെങ്ങിന്റെ കൂമ്പുചീയൽ, ഓല അഴുകൽ, റബ്ബറിന്റെ അകാല ഇല പൊഴിച്ചിൽ, റബ്ബറിന്റെ ചീരോഗം, കുരുമുളകിന്റെ ദ്രുതവാട്ടം, ഏലത്തിന്റെ അഴുകൽ എന്നീ രോഗങ്ങൾക്ക് ഈ കുമിൾനാശിനി വ്യാപകമായി ഉപയോഗിക്കുന്നു.
ബർഗണ്ടി മിശ്രിതം
വിളരോഗങ്ങൾ നിയന്ത്രിയ്ക്കാൻ ഉപയോഗിക്കുന്ന മറ്റൊരു ചെമ്പ് കുമിൾനാശിനിയാണ് ബർഗണ്ടി മിശ്രിതം. സോഡിയം കാർബണേറ്റ് ആണ് നീറ്റുകക്കയ്ക്കു പകരം ഉപയോഗിക്കുന്നത്. നീറ്റുകൾ ലഭ്യമല്ലാത്ത അവസരത്തിൽ ബർഗണ്ടി മിശ്രിതം ഉപയോഗിക്കാം.
ചെഷണ്ട് മിശ്രിതം
ചെമ്പ് ചേർത്ത് മറ്റൊരു മിശ്രിതമാണ് ചെഷണ്ട് മിശ്രിതം. രണ്ടു ഭാഗം തുരിശും 11 ഭാഗം അമോണിയം കാർബണേറ്റും എടുത്ത് നല്ല വണ്ണം പൊടിച്ച് തമ്മിൽ യോജിപ്പിക്കണം. ഈ മിശ്രിതം കുപ്പികളിലാക്കി 24 മണിക്കൂർ സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കണം. ഈ കൂട്ടിൽ നിന്ന് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. ഇഞ്ചിയുടെ അഴുകൽ രോഗത്തിനും ചുവടുചീയൽ രോഗത്തിനുമാണ് ഈ കുമിൾനാശിനി മുഖ്യമായും ഉപയോഗിക്കുന്നത്. കൂടാതെ മണ്ണിൽ കൂടി പകരുന്ന കുമിൾ രോഗകാരികളെ നശിപ്പിയ്ക്കാനും ഈ മിശ്രിതം ഫലപ്രദമാണ്.
മാർക്കറ്റിൽ ഇപ്പോൾ ചെമ്പ് കുമിൾനാശിനികൾ പല വ്യാപാരനാമ ങ്ങളിലും ലഭ്യമാണ്. ഇതിൽ കോപ്പർ ഓക്സിക്ലോറൈഡ് എന്ന ചെമ്പ് കുമിൾനാശിനിയാണ് ഏറിയ പങ്കും ഉപയോഗിക്കുന്നത്. ഫൈറ്റോലാൻ, കോപ്പർ എന്നീ ബാന്റ് പേരുകളുള്ള കുമിൾനാശിനികൾ ഇക്കൂട്ടത്തിൽ പെടുന്നു.
Share your comments