ഉത്തരേന്ത്യയിൽ ധാരാളം കൃഷി ചെയ്യുന്നതും, അവിടത്തെ ഭക്ഷണരീതിയിൽ ഏറ്റവുമധികം ഉൾപ്പെടുത്തുന്നതുമായ ധാന്യവിളയാണ് കമ്പ് അഥവാ ബാജ്‌റ. റാഗി, ചോളം ധാന്യങ്ങളെ പോലുള്ള കമ്പ്, പേൾ മില്ലറ്റ് എന്നും പവിഴച്ചോളം എന്നും അറിയപ്പെടുന്നു. ധാരാളം പ്രോട്ടീനുകളും അയേണും കാർബോ ഹൈഡ്രേറ്റും അടങ്ങിയതാണ് കമ്പ്.
മലയാളത്തിൽ 'ചെറുധാന്യങ്ങൾ' എന്നറിയപ്പെടുന്ന മില്ലറ്റുകളിലാണ് പുല്ലുവർഗത്തിൽപ്പെട്ട ഈ ധാന്യവിളയും ഉൾപ്പെടുന്നത്. പെന്നിസെറ്റം ഗ്ലോക്കം എന്നാണ് കമ്പിന്‍റെ ശാസ്‌ത്രനാമം.
മഴയെ ആശ്രയിച്ചാണ് ഇതിന്‍റെ കൃഷിരീതി. മഴ പെയ്യുന്നതിനനുസരിച്ച് ചിനപ്പുകളുണ്ടാകുന്ന വിളയാണ് കമ്പ്. ചിനപ്പുകൾ ഉണ്ടാകുന്നത് അനുസരിച്ച് കതിരുകളുണ്ടാകും.
ധാരാളം ആരോഗ്യഗുണങ്ങള്‍അടങ്ങിയ ബാജ്‌റ ശരീരത്തിന് ആവശ്യമായ പോഷകാംശം നല്‍കുന്നു. എന്നാൽ ഇതിലെ കാർബോ ഹൈഡ്രേറ്റുകളുടെ സാന്നിധ്യം ശരീരം തടിവക്കാൻ കാരണമാകുമെന്ന് ചിലർ ആശങ്കപ്പെടുന്നു. കമ്പ് കൊണ്ടുണ്ടാക്കുന്ന ദോശ, റൊട്ടി എന്നിവയ്‌ക്കൊപ്പം ചേർക്കുന്ന നെയ്യിൽ നിന്നുമാണ് ശരീരം തടിവക്കുന്നത്. അതിനാൽ തന്നെ കമ്പ് ശരീരഭാരം വർധിപ്പിക്കുമെന്ന സംശയത്തിന്‍റെ ആവശ്യമില്ല.
പേൾ മില്ലറ്റ് എന്ന പേര് പോലെ രൂപത്തിലും മുത്തിന്‍റെ ആകൃതിയിലുള്ളവയാണ് ഈ ധാന്യം. ഉയർന്ന താപനിലയെയും അതിജീവിക്കാൻ കഴിയുന്ന വിളയായതിനാൽ ഏതു കാലാവസ്ഥയിലും നന്നായി വളരാനും വരൾച്ചയെ അതിജീവിക്കാനും കമ്പിന് സാധിക്കും.
ഇരുമ്പ്, സിങ്ക് എന്നിവ ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, കോപ്പർ എന്നീ ധാതുക്കളും, ഇ,ബി കോംപ്ലക്സ് വിറ്റമിനുകളും ധാരാളമായുണ്ട്. തയാമിന്‍, ട്രിപ്‌റ്റോഫാന്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയവയാലും സമ്പന്നം.
മലയാളി അധികം ഉപയോഗിക്കാറില്ലെങ്കിലും, പ്രഭാതഭക്ഷണമായി കമ്പ് കൊണ്ടുള്ള ദോശ കഴിക്കുന്നത് നല്ലതാണ്. താരതമ്യേന ഈ ധാന്യവിളയുടെ വിലയും കുറവാണ്.
കമ്പ് ദോശ അഥവാ പേൾ മില്ലറ്റ് ദോശ തയ്യാറാക്കാം
ഒരു ഗ്ലാസ് കമ്പ്, അര ക്ലാസ് പച്ചരി, അര ക്ലാസ് ഉഴുന്ന്, അര ടീസ്‌പൂൺ ഉലുവ എന്നിവ ഒരുമിച്ച് വെള്ളത്തിലിട്ട് കുതിരാൻ വക്കുക. അഞ്ച് മണിക്കൂർ കുതിരാൻ അനുവദിച്ച ശേഷം ഇവ അരച്ചെടുക്കാം. അവിലോ ചോറോ ചേർത്താണ് ഇത് അരച്ചെടുക്കേണ്ടത്. അരച്ചെടുത്ത മാവ് ഉപ്പിട്ട് പുളിക്കാൻ വക്കുക. ശേഷം പുളിച്ച മാവ് സാധാരണ ദോശ ചുടുന്ന പരുവത്തിൽ ചുട്ടെടുക്കാം.
ഗോതമ്പിനേക്കാൾ കേമൻ പേൾ മില്ലറ്റ്
ധാതുക്കളിൽ പ്രധാനമായ ഇരുമ്പ് ഏറ്റവുമധികമുള്ള ധാന്യം കൂടിയാണ് കമ്പ്. ശരിക്കും പറഞ്ഞാൽ ഗോതമ്പിലുള്ളതിന്‍റെ അഞ്ചിരട്ടി ഇരിമ്പിന്‍റെ അംശം ഇവയിലുണ്ട്. കൂടാതെ അരിയേക്കാളും പോഷകാഹാരം ഇതിലുണ്ട്.
ഗ്ലട്ടെന്‍ അഥവാ പശിമനൂറ് എന്ന വസ്തു ഇതില്‍ തീരെയില്ല. അതിനാൽ തന്നെ ഗോതമ്പ് അലര്‍ജി ഉള്ളവര്‍ക്ക് പേൾ മില്ലറ്റ് വളരെ യോജിച്ച ഭക്ഷണമാണ്. ബാജ്‌റയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് നല്ലതല്ലാത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നു.
Share your comments