Features

കാഞ്ഞിരപ്പളളിക്ക് പുതുജീവന്‍ - സലേഷ്

salesh

കേരളത്തിന്റെ കോട്ടയവും കോട്ടയത്ത് കാഞ്ഞിരപ്പള്ളിയും പത്തുവര്‍ഷം മുമ്പ് വരെ കാര്‍ഷിക മേഖലയുടെ പറുദീസകളായിരുന്നുവെന്നത് സത്യം. അത് റബ്ബറിന്റെ നല്ലകാലം. വലിക്കുമ്പോള്‍ വികസിക്കുകയും പിടിവിടുമ്പോള്‍ ചുരുങ്ങുകയും ചെയ്യുന്ന റബ്ബറിന്റെ ജനിതക ഗുണത്തിനു പോലും മാറ്റം വന്നിരിക്കുന്നു. എത്ര കരഞ്ഞുപറഞ്ഞു വലിച്ചാലും വികസിക്കാത്ത വിലയിടിവിലേക്ക് നാടിന്റെ ഈ നാണ്യവിള നടന്നു നീങ്ങുമ്പോഴാണ് കൃഷിയുടെ നന്മകള്‍ ഇന്നും നെഞ്ചിലേറ്റുന്ന യുവത മാറി ചിന്തിക്കുന്നത്; പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ എലിക്കുളം ഗ്രാമം കൃഷിക്കും പച്ചപ്പിനും പേരുകേട്ടിടമാണ്. ഇവിടെയാണ് പുതുവയലില്‍ സലേഷ് ആന്റണി എന്ന നാല്പതുകാരന്‍ വേറിട്ട കൃഷിമുറകളിലൂടെ അതിജീവനത്തിന്റെ പുതുമുറകള്‍ രചിക്കുന്നത്. റബ്ബറായിരുന്നു എല്ലാം. എന്നാല്‍, റബ്ബറിനെ വശത്തേയ്ക്ക് ചേര്‍ത്തുപിടിച്ച് ഭക്ഷ്യവിളകള്‍ക്കും മത്സ്യ - മൃഗപരിപാലനത്തിനും മുന്‍ഗണന നല്‍കുന്ന കൃഷിരീതിക്കാണ് ഇവിടെ സലേഷ് തുടക്കമിട്ടത്.

ആദ്യം മനസ്സൊരുക്കം: യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുകയെന്നതാണ് മനുഷ്യന്‍ പ്രത്യേകിച്ച് കര്‍ഷകന്‍ ആദ്യം പഠിക്കേണ്ടതെന്ന് സലേഷ് പറയും മാന്ദ്യത്തിന്റെ ഈ അസുരകാലത്ത് അതിജീവനത്തിന് ഇത്തിരി കളം മാറലുകള്‍ വേണ്ടതുണ്ട്. വാണിജ്യവിളകള്‍ക്കുപരി ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കാലമാണല്ലോ ഇത്.'ഫാം ഫ്രഷ്', 'വിഷമില്ലാ വിളകള്‍', 'സേഫ് ടു ഈറ്റ്', 'ഗ്രീന്‍ ആന്‍ഡ് സെയ്ഫ്' ഇതെല്ലാം മലയാളികളുടെ തീന്‍മേശയില്‍ മുഴങ്ങുന്ന വാക്കുകളാണിന്ന്. ഇവിടെയാണ് പുതിയ കര്‍ഷകന്‍ പിടിമുറുക്കേണ്ടതെന്ന് ഈ യുവകര്‍ഷകന് നിര്‍ബന്ധം.

മണ്ണൊരുക്കി മനസൊരുക്കിറബ്ബര്‍ മുറിച്ച തോട്ടത്തില്‍ ഒരു നുള്ള് മണ്ണ് പോലും കൈവിട്ടുപോകാതെ കല്ലുകയ്യാലകള്‍ ശരിയ്ക്കങ്ങു വച്ചുകൊണ്ടായി തുടക്കം. പറമ്പിലെ കാട്ടുകല്ലുകള്‍ പൂര്‍ണമായും മാറിക്കിട്ടിയത് മെച്ചമായി. മണ്ണിനൊപ്പം വെള്ളവും പറമ്പിനുള്ളില്‍ തളയ്ക്കാന്‍ ഇതിനായി.അധികമാരും കൈവയ്ക്കാത്ത പ്ലാവിന് സലേഷ് നീക്കിവച്ചത് മൂന്നേക്കര്‍ പുരയിടം. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലിയെന്ന പുതുതലമുറയിലെ പ്ലാവിനം തെരഞ്ഞെടുത്തു. സ്വന്തം പറമ്പിലെ വളര്‍ച്ചാഗുണമുള്ള നാടന്‍ പ്ലാവിന്റെ വിത്തുകള്‍ കവറില്‍ മുളപ്പിച്ചൊരുക്കി. സുഹൃത്തിന്റെ പ്ലാവിന്‍തോട്ടത്തിലെ ഏറ്റവും മികച്ചതെന്ന് സാക്ഷ്യപ്പെടുത്തിയ പ്ലാവുകളില്‍ നിന്നും ബഡ്ഡുകള്‍ ശേഖരിച്ച് സ്വന്തമായാണ് നടാന്‍ 310 പ്ലാവിന്‍ തൈകളും തയ്യാറാക്കിയത്. കൃഷിവകുപ്പിന്റെ കോഴ മണ്ണു പരിശോധനാ കേന്ദ്രത്തില്‍ മണ്ണുസാമ്പിളുകള്‍ എത്തിച്ച് പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ണിലെ പുളിപ്പുമാറ്റാന്‍ ആവശ്യത്തിന് കുമ്മായവും അടിവളവും നല്‍കി.

വേണം - ഇടവിള
ഏതു വിളയാണെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഇടവിള ഉറപ്പാക്കണമെന്നു സലേഷ് പറയും. കൃത്യമായ അകലവും പാലിക്കണം. പ്ലാവുകള്‍ തമ്മില്‍ 20 x 20 അടി അകല നല്‍കി. ഇടവിളയായി കൈതയും പപ്പായയും പച്ചക്കറിയിനങ്ങളും പരിഗണിച്ചു. ശാസ്ത്രീയ നനസംവിധാനങ്ങളും സ്ഥാപിച്ചു. പഴങ്ങള്‍ക്കിനി പത്തരമാറ്റ് 'സേഫ് ടു ഈറ്റ്' മുഴങ്ങുന്ന വരുംകാലത്ത് നാടന്‍ - മറുനാടന്‍ പഴങ്ങള്‍ക്ക് വിലയേറുമെന്ന് സലേഷ് പറയുന്നു. തന്റെ ഒന്നരയേക്കര്‍ പുരയിടം ആത്ത, വിവിധയിനം റംമ്പുട്ടാന്‍, സീതപ്പഴം, ചാമ്പകള്‍, ചിലുമ്പിയിനങ്ങള്‍, കുരുമുളക്, ജാതി, മാവിനങ്ങള്‍, ഔഷധ വീര്യത്തിന് പേരുകേട്ട മക്കോത്ത ദേവ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കി തയ്യാറാക്കിയിരിക്കുന്നു. റംമ്പുട്ടാനും നിരവധി തോട്ടങ്ങള്‍ സന്ദര്‍ശിച്ച് നല്ലതെന്നു തനിക്ക് ബോധ്യപ്പെട്ടവയുടെ തൈകള്‍ സലേഷ് സ്വന്തമായി തയ്യാറാക്കിയവയാണ്. 30 x 30 അടി അകലമാണ് റംമ്പുട്ടാന് നല്‍കിയത്. റംമ്പുട്ടാന് തണല്‍ തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളും പച്ചക്കറിയുമൊക്കെയായി ഇടവിളകള്‍. നന റംമ്പുട്ടാന് നന്നായി വേണം. പ്രതിവര്‍ഷം നൂറുദിനം നനയ്ക്കുന്നതിനുള്ള വെള്ളം ഉറപ്പാക്കിവേണം റംമ്പുട്ടാന്റെ പുറകെ പോകാനെന്ന് സലേഷ് പറയും. ബാക്കിദിവസങ്ങളിലെ നനയ്ക്കല്‍ പ്രകൃതിതന്നെ ശരിയായി നടത്തിക്കോളും.

മീന്‍ മിന്നും വിള
കോട്ടയത്തിന് പടിഞ്ഞാറുള്ള ശുദ്ധജലമത്സ്യങ്ങള്‍ ഇങ്ങ് കിഴക്ക് കാഞ്ഞിരപ്പള്ളിയില്‍ കാര്യമായി തന്നെ എത്തിയിരിക്കുന്നു. തോട്ടങ്ങളിലെല്ലാം പടുതാകുളങ്ങളിലും പാറക്കുളങ്ങളിലും പിടയ്ക്കും മീന്‍ പുളച്ചുതുടങ്ങിയിട്ട് കാലം കുറച്ചായി.
സലേഷിനുമുണ്ട് രണ്ട് പടുതാക്കുളങ്ങള്‍. ഒന്നില്‍ 78 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനാകും. മറ്റേതില്‍ 8 ലക്ഷം ലിറ്ററും. പുരയിടത്തില്‍ ഏറ്റവും മുകളിലാണ് വലിയ കുളം. പറമ്പില്‍ വേനല്‍ക്കാലത്ത് നനയ്ക്കാനുള്ള വെള്ളം ശരിയായി എത്തിക്കാനാണിങ്ങനെ കുളം പണിതത്. ഈ കുളങ്ങളില്‍ പലയിനം മീനുകളെ പരീക്ഷിച്ചതില്‍ 'ജയന്റ് ഗൗരാമി'യെ സലേഷിന് ബോധിച്ചത്. 'ബ്രാഹ്മിന്‍ എമംഗ് ഫിഷസ്' എന്നാണ് ഗൗരയെ പൊതുവെ പറയുക. പച്ചില ഇഷ്ട വിഭവം. ഇടവിളയായ ചേമ്പിന്റെ ഇല തന്നെ ധാരാളം. ഇടയ്ക്ക് പെല്ലറ്റ് തീറ്റയും. ഇറച്ചി വേസ്റ്റ് തീറ്റയായി നല്‍കാത്തതിനാല്‍ വെള്ളം ചീത്തയാകില്ലെന്ന മെച്ചവുമുണ്ട്. കുഞ്ഞിന് ശരാശരി 25 രൂപ വില വരും. ഒന്നര വര്‍ഷമെടുക്കും ശരിക്ക് വലുപ്പമാകാനെന്ന പരിമിതിയുണ്ട്. എന്നാല്‍ വിലയിലുണ്ട് മെച്ചം. ഒരിക്കലും വില മുന്നൂറ്റന്‍പതില്‍ താഴില്ലെന്നതാണ് കാര്യം. മികച്ച രുചി, മീന്‍ ഒരുക്കുമ്പോള്‍ കുറഞ്ഞ വേസ്റ്റേജ്, വറുക്കാനും കറിവെക്കാനും ഉത്തമം എന്നിവയെല്ലാം ഗൗരയെ കൂടുതല്‍ പ്രിയതരമാക്കുന്നു.

പശുവില്ലാതെ കൃഷിയില്ല
കറവപ്പശുവും ആടും, മുയലും കോഴികളുമില്ലാതെ കൃഷി പൂര്‍ണമാകില്ലെന്ന് ഈ യുവ കര്‍ഷകന്‍ പറയും. പറമ്പിലെ പുല്ല് കൃത്യമായി ഒതുക്കുന്നതിന് ഇവയുണ്ടാകണം. കൃഷിയ്ക്ക് ചാണകവും ആട്ടിന്‍ കാഷ്ടവും ഉണ്ടായേ മതിയാകൂ. വീട്ടിലെ വിഷമില്ലാ പാലിനും മുട്ടയ്ക്കും ന്യായവില നല്‍കാന്‍ നാട്ടുകാര്‍ക്ക് അറിയാം. കൊഴുപ്പുകുറഞ്ഞ മികച്ച ഇറച്ചിയാണ് മുയലില്‍ നിന്നും ലഭിക്കുക.

വിപണിയറിഞ്ഞ് കൃഷി
വിളയിക്കുന്നവ ന്യായവിലയ്ക്ക് വിപണനം നടത്തുന്നതിലാണല്ലോ കര്‍ഷകന്‍ ശ്രദ്ധവയ്‌ക്കേണ്ടവയില്‍ അതിപ്രധാനം. മീന്‍ വിളവെടുപ്പ് ട്രോളിംഗ് നിരോധനകാലത്താവണം. വാഴക്കുല വിളവെടുക്കേണ്ടത് വിപണിയില്‍ ഇവയ്ക്ക് കുറവുള്ള സമയത്താവണം. പച്ചക്കറികളും കിഴങ്ങുവിളകളും വ്രതാനുഷ്ഠാനകാലത്താവണം വില്‍പ്പനയ്‌ക്കൊരുങ്ങേണ്ടത്. റംമ്പുട്ടാന്‍ സാധാരണയില്‍ നിന്നും ഇരുപത് ദിവസം മുന്‍പ് വിളവെടുക്കാനാകണം. അതിന് നന ക്രമീകരിക്കേണ്ടതുണ്ട്.
ചക്കയെന്നത് സീസണില്‍ മാത്രമല്ല, എപ്പോഴും രുചിക്കാവുന്നതാകണം. ഇതൊക്കെയാണ് സലേഷ് പറയുന്നത്. ഇതനുസരിച്ചാണ്

സലേഷിന്റെ കൃഷി.
കൃഷി ഒത്തൊരുമിച്ച്
വീട്ടുകാരെ കൂട്ടിവേണം കൃഷിയ്ക്കിറങ്ങാന്‍. കുട്ടികള്‍ക്ക് പച്ചമണ്ണില്‍ ചുവടുറപ്പിക്കാനാകണം. സലേഷ് - ബെസ്സി ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി തെരേസയും പതിനാറുകാരന്‍ ആന്റണിയും അച്ഛന് മുന്നേ പറമ്പിലിറങ്ങുന്നവരാണ്. അവര്‍ കണ്ട് പഠിച്ചതതാണ്. മുത്തച്ഛന്‍ പി.എം. ആന്റണിയും മുത്തശ്ശി ലില്ലിക്കുട്ടിയുമൊക്കെ ചേരുമ്പോള്‍ ഇവിടെ വീട്ടുകാര്യവും കൃഷിക്കാര്യവും രണ്ടല്ല, ഒന്നുതന്നെ.

കരുതലൊരുക്കി കൃഷി
വീട്ടുകാരോടൊപ്പം നാട്ടുകാരുടെ സൗഹൃദവും കര്‍ഷകന്‍ ഉറപ്പാക്കണമെന്ന് ഈ യുവ കര്‍ഷകപ്രതിഭ പറയും. കര്‍ഷക കൂട്ടായ്മകള്‍, കൃഷി അനുബന്ധ വകുപ്പുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കിവേണം ചുവടുവയ്ക്കാന്‍. ശാസ്ത്രീയ കൃഷിയറിവുകള്‍ പകര്‍ത്തുന്നതിന് മടി കാണിക്കരുത്.

കാലത്തിനൊപ്പവും മാറ്റവും
കൃഷി മനുഷ്യമനസ്സുകളിലെ നൊസ്റ്റാള്‍ജിയ ആണ് ഭൂരിഭാഗത്തിനും. കൃഷിചെയ്യാന്‍ സമയമില്ലാത്തവര്‍ക്കും കാണാനും അനുഭവിക്കാനും താല്‍പര്യമുണ്ടാകും. ഇതിനെയാണ് കര്‍ഷകന്‍ പ്രയോജനപ്പെടുത്താം. കൃഷിയിട ടൂറിസത്തിന്റെ സാധ്യതകള്‍ തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൃത്യമായ നിരീക്ഷണബുദ്ധിയോടെ ചുവടുവെച്ചാല്‍ കൃഷിയില്‍ കാഞ്ഞിരപ്പള്ളിക്കാരെ ഏതു മാന്ദ്യകാലത്തിനും തോല്‍പ്പിക്കാനാകില്ലെന്ന് സലേഷ് ആന്റണി പറഞ്ഞുറപ്പിക്കുന്നു. സലേഷ് കൃഷിയില്‍ ചെയ്യുന്നതിവയ്‌ക്കൊക്കെയാണ്.

വിളിക്കാന്‍ മറക്കരുത്. ഫോണ്‍: 9446464357. ഇമെയില്‍ - saleshantony@gmail.com

എ.ജെ. അലക്‌സ് റോയ്,

അസി. കൃഷി ഓഫീസര്‍,

കൃഷിഭവന്‍, എലിക്കുളം, കോട്ടയം ജില്ല.

 


Share your comments