Features

'ബീ ക്രാഫ്റ്റി'ന്റെ തേന്‍ മധുരം ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും  

beecraft
എല്ലാത്തരം ഉല്പന്നങ്ങളും ഓണ്‍ലൈന്‍ വിപണി കീഴടക്കുന്ന ഇക്കാലത്ത് തേന്‍ വിപണിയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ലക്ഷ്യമിടുകയാണ് പ്രമുഖ തേന്‍ ഉല്പാദക വിതരണക്കാരായ ബീ ക്രാഫ്റ്റ്.  കഴിഞ്ഞ മൂന്ന് വര്‍ഷമായി തേന്‍ ഉല്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും ഗവേഷണം നടത്തുന്ന വയനാട് വൈത്തിരി സ്വദേശിയായ ഉസ്മാന്‍ മദാരിയുടെ നേതൃത്വത്തില്‍, സംസ്‌കരിച്ച, ഒറിജിനല്‍ തേന്‍ രാജ്യത്തിനകത്തും ഗള്‍ഫ് നാടുകളിലുമുള്ള ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന്  www.Beecrafthoney.com എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചു കഴിഞ്ഞു. 

തേന്‍ ബ്രാന്‍ഡ് ചെയ്ത് ബീ ക്രാഫ്റ്റ് തേന്‍കട
 
കേരളത്തിലെ തേന്‍ വിപണിയില്‍ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായി ബീ ക്രാഫ്റ്റ് തേന്‍കട മാറിയതിന് പിന്നില്‍ ഉസ്മാന്‍ എന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വലിയ കഥയുണ്ട്. 2005 മുതല്‍ വയനാട് സ്‌പൈസസ് എന്ന പേരില്‍ സുഗന്ധവ്യഞ്ജനങ്ങളും തേനും വില്പന നടത്തിയിരുന്ന ഉസ്മാന്‍ പലപ്പോഴും ശുദ്ധമായ തേന്‍ വിപണിയില്‍ ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധി നേരിട്ടു. ഔഷധ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ തേന്‍ വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അങ്ങനെയാണ് തേനിന്റെ ശുദ്ധിയെ കുറിച്ചും മായത്തെക്കുറിച്ചും പഠനവും അന്വേഷണവും തുടങ്ങിയത്. 

ഒടുവില്‍ തേനീച്ച കര്‍ഷകര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയാല്‍ മാത്രമെ ഇതിന് പരിഹാരം കാണാന്‍ കഴിയൂവെന്ന് കണ്ടെത്തി. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ തേനീച്ച കൃഷി നടത്തുന്ന കര്‍ഷകരില്‍ നിന്ന് നേരിട്ട് തേന്‍ ശേഖരിച്ച് വിപണിയിലെത്തിക്കുകയായിരുന്നു ആദ്യപടി. ഇതിന് വന്‍തോതില്‍ ആവശ്യക്കാരുണ്ടായി. ഇതോടെ ബ്രാന്‍ഡ് ചെയ്ത തേനിന് കൂടുതല്‍ ഡിമാന്റ്  ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് ബീ ക്രാഫ്റ്റ് ഹണി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത തേന്‍ വിപണിയിലെത്താന്‍ കാരണമായത്. അടുത്ത പടിയായി തേന്‍കട എന്ന പേരില്‍ സ്വന്തം നാടായ വൈത്തിരിയില്‍ 2016 ല്‍ ചെറിയൊരു കട തുടങ്ങി. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ തേന്‍കടയും വളര്‍ന്നു. 2019 ആയപ്പോഴേക്കും ഇവയെല്ലാം ഏകോപിപ്പിച്ച് ബീ ക്രാഫ്റ്റ് തേന്‍കട വിപുലമാക്കി. ഇപ്പോള്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് എറണാകുളം ജില്ലകളിലായി ഏഴ് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. ഓരോ ജില്ലയിലും മുന്നോ നാലോ ഔട്ട്‌ലെറ്റ് വീതം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ഉസ്മാന്‍ പറഞ്ഞു.  

പ്രളയത്തെ അതിജീവിച്ച ധീരത

ഇക്കഴിഞ്ഞ മഹാപ്രളയം മറ്റ് ഒരുപാട് പേരെ പോലെ ഉസ്മാനും നഷ്ടങ്ങളുടേതായിരുന്നു. സ്വന്തം നാടായ വൈത്തിരിയില്‍ ആദ്യമായി തുടങ്ങിയ തേന്‍കട പച്ച പിടിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.  ബീ ക്രാഫ്റ്റ് ഹണിയുടെ രണ്ടാമത്തെ  ഔട്ട് ലെറ്റ് എറണാകുളത്ത് ആരംഭിക്കുന്നതിന്റെ അവസാന ഒരുക്കം നടന്നു കൊണ്ടിരിക്കുന്ന സമയം. ആഗസ്റ്റ് ഒമ്പതിന് വയനാട്ടിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും തേന്‍കട പ്രവര്‍ത്തിച്ചിരുന്ന, വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടവും നിലംപൊത്തി. ആ സമയത്ത് പുതിയ കടയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുമായി  എറണാകുളത്തായിരുന്നു ഉസ്മാന്‍. തന്റെ ജീവിതത്തിലെ സമ്പാദ്യമെല്ലാം ഒരുനിമിഷം കൊണ്ട് മണ്ണിനടിയിലായ ദുരന്തവാര്‍ത്തയറിഞ്ഞ് വയനാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും ദുരന്തത്തിന്റെ ആഴവും തീവ്രതയും ഇരട്ടിയായിരുന്നു. സമീപപ്രദേശങ്ങളിലെല്ലാം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കാരണം നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. തന്റെ ദുഃഖത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കാണ് ഉസ്മാന്‍ ആദ്യമിറങ്ങിയത്. ഒരാഴ്ചയിലധികം ഇത് തുടര്‍ന്നു. പിന്നീടിങ്ങോട്ട് മനസ്സ് പതറാതെ കഠിനാദ്ധ്വാനമായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് ഉസ്മാനും തേന്‍ക്കടയും എത്തിയത്. 

പഞ്ചസാരക്ക് പകരം തേന്‍ സന്ദേശവുമായി ജനങ്ങളിലേക്ക്
 
ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഔഷധമായും അല്ലാതെയും സംസ്‌കരിച്ച ഗുണമേന്മയുള്ള തേന്‍ ഉപയോഗിക്കുകയെന്നതാണ് ബീ ക്രാഫ്റ്റ് പ്രചരിപ്പിക്കുന്നത്. സംസ്‌ക്കരിക്കാത്ത തേന്‍ ഉപയോഗിക്കുന്നത് കുറക്കണമെന്ന പ്രചാരണവും നടത്തുന്നുണ്ട്. തേനില്‍  കൂടതലായുള്ളത് ജലാംശമാണ്. താപനില 21 ഡിഗ്രിക്ക് താഴെ വരുന്ന പ്രദേശങ്ങളില്‍ തേനില്‍ യീസ്റ്റ് വളരും. കൂടാതെ സുകോസ്, മെഴുക് എന്നിവയും സംസ്‌കരിക്കാത്ത തേനില്‍ ഉണ്ടാകും. തേന്‍ സംസ്‌ക്കരിക്കുമ്പോള്‍ ഇവയും മറ്റ് സൂക്ഷ്മാംശങ്ങളും നീക്കം ചെയ്യും. മായം ചേര്‍ത്ത കൃത്രിമ തേനാണ് ഈ മേഖലയിലെ പ്രധാന വെല്ലുവിളി. കര്‍ഷകരെ കൊണ്ട് കൂടുതല്‍ തേന്‍ ഉല്പാദിപ്പിക്കുകയും ആ തേന്‍ വിപണിയിലെത്തിക്കുകയും ബോധവല്‍ക്കരണം നടത്തുകയുമാണ് ഇതിനുള്ള പ്രതിവിധി.  
 
വിവിധ തരം തേന്‍ ഇന്ന് ബീ ക്രാഫ്റ്റ് വഴി വിപണിയില്‍ എത്തുന്നുണ്ട്. വനത്തിലെ മരകൊമ്പുകളില്‍ നിന്ന് ശേഖരിക്കുന്ന കൊമ്പ് തേന്‍, വനത്തില്‍ നിന്ന് ശേഖരിക്കുന്ന പുറ്റ് തേന്‍, ഗള്‍ഫ് രാജ്യങ്ങളില്‍  പ്രശസ്തമായ സിദര്‍ തേന്‍,  ബീപോളന്‍, കരഞ്ച് തേന്‍, കടുക് പൂന്തേന്‍, തുളസിപ്പൂന്തേന്‍ തുടങ്ങി എട്ടിനം തേനിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. തേനിന് പുറമെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ തേനിലിട്ട ഡ്രൈ ഫ്രൂട്ട്, ഹണി ഗാര്‍ലിക്, തേന്‍ നെല്ലിക്ക തുടങ്ങിയവയും ബീ ക്രാഫ്റ്റ് വിപണിയില്‍ എത്തിക്കുന്നു. 

ചെറുതേനീച്ച കൃഷിയില്‍ ഇരട്ട തട്ട് കൂട് പരീക്ഷണവുമായി ഉസ്മാന്‍
 
എല്ലാത്തരം തേനുകള്‍ക്കും വിപണിയില്‍ ആവശ്യക്കാരുണ്ടങ്കിലും ചെറുതേനിന് എപ്പോഴും ക്ഷാമം നേരിടാറുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ കൂടുതലായി തേന്‍ എത്തുന്നത്. മലബാറില്‍ കണ്ണൂരാണ് തേനിന്റെ ഹബ്ബ് എന്നറിയപ്പെടുന്നത്. ബീ ക്രാഫ്റ്റ് തേന്‍കടയിലൂടെ, ആവശ്യത്തിനുള്ള തേന്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിച്ച് ഈ മേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി  വിവിധ ജില്ലകളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ തേനീച്ചപ്പെട്ടിയും  തേനീച്ചയും വിതരണം ചെയ്ത് വരുന്നുണ്ട്. 
 
ചെറുതേനീച്ച കൃഷിയില്‍ ആളുകള്‍ക്ക് സാധാരണ താല്‍പ്പര്യക്കുറവ് കണ്ടുവരുന്നു. ലഭിക്കുന്ന തേനിന്റെ അളവ് കുറവായതും കൃഷി ആരംഭിക്കാന്‍ കൂടും തേനീച്ചയും ലഭിക്കാത്തതുമാണ് ഇതിന്റെ കാരണങ്ങള്‍. ചെറുതേനിന് വിപണിയില്‍ ഒരു കിലോക്ക് നാലായിരം രൂപയില്‍ കൂടുതല്‍ വിലയുണ്ട്. ലഭിക്കുന്ന തേനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇരട്ടത്തട്ട് കൂട് പരീക്ഷണമാണ് ഉസ്മാന്‍ നടത്തുന്നത്. ഒരു തോട്ടത്തില്‍ 100 കൂടുകള്‍ സ്ഥാപിച്ചാല്‍ അടുത്ത വര്‍ഷം ഇത് ഇരട്ടിയായി വര്‍ദ്ധിക്കാം. അതിനടുത്ത വര്‍ഷം അത് മൂന്നിരട്ടിയായും വര്‍ദ്ധിക്കുന്നു. 
 
മലപ്പുറം ജില്ലയിലെ തോട്ടങ്ങളിലും വൈത്തിരിയില്‍ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള ബീ ക്രാഫ്റ്റ് ഫാമിലും ഈ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. തേക്കിന്‍ തടികൊണ്ട് നിര്‍മ്മിച്ച ഒരു കൂടിനും തേനീച്ചക്കുമായി 3000 രൂപയാണ് വില വരുന്നത്. 100 ഇരട്ടത്തട്ട് ചെറുതേനീച്ച കൂട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ പകുതി തുക മുടക്കിയാല്‍ ബാക്കി തുക ബീ ക്രാഫ്റ്റ് വഹിക്കും. പിന്നീട് ഈ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന തേന്‍ ഇവരില്‍ നിന്ന് ന്യായമായ വിലയ്ക്ക് ബീ ക്രാഫ്റ്റ് തന്നെ വാങ്ങുന്നതുമാണ്. ഉല്പാദകര്‍ക്കും  വിപണനക്കാര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി. താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡുമായി ചേര്‍ന്ന് പരിശീലനവും നല്‍കും. തേന്‍ ഉല്പാദനം സംബന്ധിച്ച് പരിശീലനവും സാങ്കേതികസഹായവും നല്‍കുന്നതോടൊപ്പം  തേനിന്റെ പല തരം ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഉസ്മാന്‍ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. 

2018 ല്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കര്‍ഷകനും വ്യവസായിയുമായ യുവാവിനെ തേടിയെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുരസ്‌കാരം, ബിസ്‌ഗേറ്റിന്റെ മികച്ച യുവസംരംഭകനുള്ള പുരസ്‌കാരം, ജൂനിയര്‍ ചേംബറിന്റെ മികച്ച സംരംഭകനുള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളാണ് ഉസ്മാന് ലഭിച്ചത്. 

 ഫോണ്‍: 9847 383 003
 (തയ്യാറാക്കിയത്: സി.വി. ഷിബു)

Share your comments