Features

മള്‍ട്ടി റൂട്ട് ജാതിയുമായി ഗോപിയുടെ പുനര്‍ജനി

Gopi and wife

ജീവിതത്തിലെ തിരിച്ചടികളുടെ ചിതയില്‍ നിന്ന് വര്‍ദ്ധിത വീര്യത്തോടും സ്വയാര്‍ജ്ജിത ശക്തിയോടും പുനര്‍ജ്ജന്മം നേടിയ വിചിത്ര പക്ഷിയാണ് ഗ്രീക്ക് പുരാണത്തിലെ ഫിനിക്‌സ്. ഏതാണ്ട് ഇതിനോട് സമാനമായ ഒരു താരോദയം ഒരു ദശാബ്ധം മുമ്പ് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന് 30 കി. മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ത്ഥ്യമായി. അടിമാലിയെന്നാല്‍ മന്നാന്‍ സമുദായക്കാരുടെ ഭാഷയില്‍ 'വെളളം വീഴുന്ന സ്ഥലം' എന്നര്‍ത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം മൂന്നാറിലേക്കുളള പ്രവേശനകവാടം ആണെന്നു പറയാം. മലയുടെ അടി വാരങ്ങളില്‍ കേന്ദ്രീകരിച്ചു കിടക്കുന്ന പ്രദേശമായതിനാലാണ് അടിമാലി എന്ന വിളിപ്പേര് കിട്ടിയത്. ആദിവാസികളും കുടിയേറ്റ കര്‍ഷകരും കനകം കൊയ്ത അടിമാലിയുടെ മണ്ണിലേക്ക് നിരവധി സംസ്ഥാന-ദേശീയ തല കൃഷി പുരസ്‌കാരങ്ങളുടെ ചാകര എത്തിച്ച ക്വിന്റല്‍ ഗോപി എന്ന ചെറുകുന്നേല്‍ ഗോപിയുടെ രണ്ടാം വരവും കൃഷി വിജയവും ഒരര്‍ത്ഥത്തില്‍ ചരിത്രമുറങ്ങുന്ന അടിമാലിയുടെ വിജയകഥ കൂടെയാണ്. ക്വിന്റല്‍ ഗോപിയാണ് ഈ മലയോരകൃഷിമേഖലയില്‍ നിന്ന് പുനര്‍ജ്ജനിച്ച ഫിനിക്‌സ് പക്ഷി.

ക്വിന്റല്‍ വാഴയുടെ കുലപതി

സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും പാട്ടത്തിന് സ്ഥലമെടുത്ത് കാര്‍ഷിക വിസ്മയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം എന്ന് പലവട്ടം തെളിയിച്ച ഗോപി രണ്ടു ദശാബ്ദം മുന്‍പാണ് ക്വിന്റല്‍ വാഴിയുമായെത്തി കേരളത്തിലെ കാര്‍ഷിക മേഖലയെ വിസ്മയത്തിലാഴ്ത്തിയത്. കൃത്യമായി പറഞ്ഞാല്‍ 1996-ല്‍. നേന്ത്രവാഴ വിത്തില്‍ നിന്നും ക്വിന്റല്‍ വാഴ എന്ന പുതിയ ഇനം കണ്ടു പിടിച്ചതോടെയാണ് സി.എം ഗോപി എന്ന ചെറുകുന്നേല്‍ ഗോപി സംസ്ഥാനത്തി നകത്തും പുറത്തും ഏറെ ശ്രദ്ധേയനാകുന്നത്. കൃഷി വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും അഭിമാന താരമായി മാറി കളങ്കമില്ലാത്ത ചിരിയും മനസ്സു തുറന്ന സംസാരവും ആരെയും സഹായിക്കാനുളള സന്‍മനസ്സും സൂക്ഷിക്കുന്ന ഒരു മുഴുവന്‍ സമയ കര്‍ഷകന്‍. ഒരു നേന്ത്രവാഴക്കുലയില്‍ നാല്‍പതു മുതല്‍ അറുപതു കിലോ വരെ തൂക്കമുളള ഗോപിയുടെ ക്വിന്റല്‍ നേന്ത്രന്‍ മാധ്യമങ്ങളിലും പൊതു വേദികളിലും കര്‍ഷക കൂട്ടായ്മ കളിലും അന്ന് വലിയ ചര്‍ച്ചാവിഷയമായി ഒരാള്‍ പൊക്കമുളള ക്വിന്റല്‍ വാഴക്കുല തോളി ലേറ്റിയ ഗോപിയുടെ ചിത്രം അന്ന് കൃഷി മാസികകള്‍ക്ക് മുഖചിത്രമായി. അടിമാലി യിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഗോപിയെ കാണാന്‍, സൗഹൃദം സ്ഥാപിക്കാന്‍, ക്വിന്റല്‍ നേന്ത്രന്‍ കാണാനും അറിയാനും കന്ന് കരസ്ഥമാക്കാനും. വന്നവരെയെല്ലാം ഗോപി സന്തോഷത്തോടെ സ്വീകരിക്കുകയും നിറമനസ്സോടെ യാത്രയാക്കുകയും ചെയ്തു.

Gopi

1996 ഒരു ഫ്‌ളാഷ് ബാക്ക്

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ അസി. ക്യാമ്പയിന്‍ ആഫീസറായിരുന്ന കാലത്താണ് ഈ ലേഖകന്‍ ക്വിന്റല്‍ ഗോപിയെ അറിയുന്നതും സൗഹൃദത്തിലാകുന്നതും. അങ്ങനെ ഗോപിയുടെ ആതിഥ്യം സ്വീകരിക്കുവാന്‍ അക്കാലത്തു തന്നെ ഭാഗ്യമുണ്ടായി. ആ സൗഹൃദം ഇന്നും അഭംഗുരം തുടരുന്നു. ബ്യൂറോയിലെ വീഡിയോഗ്രാഫറായിരുന്ന ജി. രമേശന്‍ നായര്‍, സിനിമാ ഓപ്പറേറ്ററായ കെ.എസ് ഷാജി എന്നിവരോടൊപ്പം രണ്ടു മൂന്നു ദിവസം ഗോപിയുടെ കൃഷിയിട വിശേഷങ്ങള്‍ നേരില്‍ കാണാനും രേഖപ്പെടുത്താനും അടിമാലിയില്‍ രണ്ടു മൂന്നു ദിവസം ചെലവിട്ടു.


അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തും പരിസരത്തുമായി ഗോപിയുടെ വിസ്തൃതമായ കൃഷി സാമ്രാജ്യം 40 ഏക്കര്‍ വരുന്ന അതിബൃഹത്തായ പാട്ടക്കൃഷിയിടം ! ഇത്രയധികം സ്ഥലത്ത് പാട്ടക്കൃഷി ചെയ്യുന്ന അധികമാരും അന്നും ഇന്നും നമ്മുടെ നാട്ടിലുണ്ടെന്ന് തോന്നുന്നില്ല. ഗോപിയുടെ കൃഷിയിടത്തിലെ വിവിധതരം ജോലികളുമായി ബന്ധപ്പെട്ട് നൂറു കുടുംബങ്ങളാണ് അന്ന് നിത്യവൃത്തി കഴിച്ചു കൂട്ടിയിരുന്നത്. നൂറു കുടുംബങ്ങള്‍ക്ക് ഗോപി തുടര്‍ച്ചയായി 18 വര്‍ഷക്കാലം അത്താണിയും അഭയവുമായിരുന്നു എന്ന് ചുരുക്കം. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്കു പോലും അത്ര എളുപ്പം സാധിക്കാത്ത വിധം ആളുകള്‍ക്ക് ഉപജീവനം ഉണ്ടാക്കാന്‍ ഗോപിക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു ഭാഗത്ത് കദളീവനം. വിവിധയിനം വാഴകള്‍ സമൃദ്ധമായി വളരുന്നു. ഇനിയൊരിടത്ത് പച്ചക്കറിത്തോട്ടം. കിഴങ്ങുവിളകള്‍ക്കായി പ്രത്യേകം ഇടം. അല്പം ദൂരെയായി പന്നി ഫാം. അടിമാലിയിലും മൂന്നാറിലുമുളള ഹോട്ടലുകളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും കഞ്ഞിവെളളവും ശേഖരിച്ചു വരാന്‍ പിക് അപ് വാനുകള്‍. വൃത്തിയും ശുചിതവവുമുളള പന്നിഫാം. ആട്, കോഴി, പശു തുടങ്ങിയവ ധാരാളം വേറെ.


ഗോപിയുടെ വിജയകരമായ ഈ സമ്മിശ്ര കൃഷി മാതൃക അറിഞ്ഞും പഠിച്ചും ധാരാളം പേര്‍ ഈ രംഗത്തേക്ക് വന്നു. അവരെല്ലാം കേരളത്തിന്റെ കാര്‍ഷിക പുരോഗതിയില്‍ നാഴിക ക്കല്ലുകളായി എന്നു പറയേണ്ടതില്ല. അങ്ങനെയെങ്കില്‍ ഗോപിയാണ് ഇവരുടെ തലതൊട്ടപ്പന്‍. ഭൂമിയിലുളള സര്‍വസസ്യജന്തുജാലങ്ങളേയും ഇത്രത്തോളം പ്രഗദ്ഭരുമായി കൂട്ടിയിണക്കി സമ്മിശ്രകൃഷിയുടെ അനന്ത സാദ്ധ്യതകള്‍ അനുവര്‍ത്തിച്ചതിന് അന്നു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കര്‍ഷകനുളള 'കര്‍ഷകോത്തമ' പുരസ്‌കാരം ഗോപിയെത്തേടി എത്തി. തുടര്‍ന്ന് നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡിന്റെ ഉദ്യാന്‍ പണ്ഡിറ്റ് അവാര്‍ഡ്, ഗാന്ധി സ്റ്റഡി സെന്ററിന്റെ കര്‍ഷക തിലക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ വേറെയും ഗോപിക്ക് ലഭിച്ചു.

ഗോപി 'ക്വിന്റല്‍ ഗോപി' ആകുന്നു


ഇടുക്കിയിലെ ആയിരമേക്കറാണ് ഗോപിയുടെ നാട്. നാളികേരവും വെളിച്ചെണ്ണയും കച്ചവടം ചെയ്തിരുന്ന ഗോപിയെ പെട്ടെന്നുണ്ടായ വിലത്തകര്‍ച്ച വല്ലാതെ പിടിച്ചുലച്ചു. ജീവിതം ദുരിതത്തിലേക്ക് കൂപ്പു കുത്തി. സാധനം വാങ്ങിയവര്‍ കാശ് നല്‍കാതെ വന്നപ്പോള്‍ കാര്യങ്ങള്‍ വഷളായി. അക്ഷരാര്‍ത്ഥത്തില്‍ പാപ്പരായ കാലം. ഇവിടെ നിന്നാണ് ഗോപി പാട്ടക്കൃഷി എന്ന ആശയത്തിലേക്ക് വരുന്നത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കുടുംബാംഗങ്ങളുമൊത്ത് കുരുമുളക് തൈകളും കമുകിന്‍ തൈകളും ഉത്പാദിപ്പിച്ച് വില്‍പന തുടങ്ങി. അന്ന് പോളി ബാഗ് തൈകള്‍ ഒരു പുതുമയായിരുന്നു. ഒപ്പം കൃഷിവകുപ്പിന്റെ പ്രോത്സാഹനവും. പിന്നീടാണ് നാടന്‍ ഏത്തവാഴക്കൃഷിയിലേക്ക് തിരിയുന്നത്. കമുകിന്‍ തൈകള്‍ക്ക് തണല്‍ നല്‍കാന്‍ തുടങ്ങിയ ഏത്തവാഴക്കൃഷി പക്ഷെ വലിയ വിജയമായി കലാശിച്ചു. അന്നു നട്ട വാഴകളില്‍ ഒരെണ്ണം ബാക്കിയുളളതുപോലെ കുലച്ചില്ല. എങ്കിലും ഗോപി അത് കൈവിട്ടില്ല. നന്നായി പരിചരിച്ചു. മറ്റു വാഴകളൊക്കെ കുലച്ച് പകുതി മൂപ്പായപ്പോള്‍ മാത്രമാണ് ഈ 'മടിയന്‍ വാഴ' കുലച്ചത്. എന്നാല്‍ ഇതിന്റെ കുലയ്ക്ക് ഏതാണ്ട് 50-60 കിലോ തൂക്കമുണ്ടായിരുന്നു.ഈ വ്യത്യാസം ഗോപിയിലെ ജിജ്ഞാസുവായ കര്‍ഷകന്‍ ശ്രദ്ധിച്ചു. ഇതിന്റെ പഴത്തിന് സവിശേഷമായ മണവും ഗുണവും ഉണ്ട് എന്നു മാതമല്ല ഇതില്‍ നിന്നുണ്ടാക്കിയ ചിപ്‌സും വളരെ ആസ്വാദ്യകരമായിരുന്നു.


പ്രകൃതിയായി തനിക്കു നല്‍കിയ ഒരു അനുഗ്രഹം എന്നാണ് ഗോപി ഇത് കണ്ടത്. അങ്ങനെ ഈ വാഴയുടെ കന്നുകള്‍ ഇളക്കിയെടുത്ത് മുഴുവനും മുളപ്പിച്ചു. ഒറ്റ വാഴച്ചുവട്ടില്‍ നിന്നു തന്നെ മുപ്പതോളം തൈകള്‍ കിട്ടി. ഇതില്‍ നിന്നുണ്ടായ കുലകള്‍ക്കും നല്ല തൂക്കമുണ്ടായിരുന്നു. 1988-ല്‍ അടിമാലിയില്‍ നടന്ന കാര്‍ഷികമേഖളയില്‍ ഇത് പ്രദര്‍ശിപ്പിച്ചു. കാഴ്ച്ചക്കാര്‍ ഇതിന്റെ കന്നിനുവേണ്ടി എന്തു നല്‍കാനും തയാറായി തിരക്കു കൂട്ടി. വിവിധ മാദ്ധ്യമങ്ങള്‍ ക്വിന്റല്‍ വാഴയുടെ വിജയരഹസ്യം കൊട്ടിഘോഷിച്ചു. അങ്ങനെ കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും ക്വിന്റല്‍ വാഴ തേടി ആളുകള്‍ എത്താന്‍ തുടങ്ങി. ക്വിന്റല്‍ ഏത്തവാഴയുടെ ഒരു പ്രധാന വിപണിയായി അന്ന് തൃശൂര്‍ മാറിയിരുന്നു. 50 മുതല്‍ 60 കിലോ വരെ തൂക്കമുളള കുലകള്‍ ഇറക്കിയിരുന്ന ചുമട്ടു തൊഴിലാളികള്‍ ഓരോ കുലയും ഇറക്കാന്‍ ഒരു ക്വിന്റല്‍ ചാക്ക് ഇറക്കുന്നതിനുളള കൂലി വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗോപിയുടെ വാഴക്കുലയ്ക്ക് 'ക്വിന്റല്‍ വാഴ' എന്ന് പേരു കിട്ടിയത്. ഒപ്പം ഗോപി ക്വിന്റല്‍ ഗോപിയുമായി. ക്വിന്റല്‍ വാഴയുടെ പ്രചാരത്തിന് ടിഷ്യു കള്‍ച്ചര്‍ രീതി സ്വീകരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയോട് അന്ന് കൃഷി മന്ത്രിയായിരുന്ന വി.കെ രാജന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അടിമാലിയില്‍ തന്നെ ടിഷ്യുകള്‍ച്ചര്‍ ലാബ് തുടങ്ങാന്‍ ഗോപി ബാങ്കില്‍ നിന്നും മറ്റും ഭീമമായ തുക കടമെടുത്തു. എന്നാല്‍ വി.കെ രാജന്റെ അകാലചരമം ഗോപിയുടെ സ്വപ്‌നങ്ങള്‍ തകിടം മറിച്ചു. ഗോപി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. വലിയ കടക്കാരനുമായി. ആ കടബാദ്ധ്യത ഒന്നു തീര്‍ന്നു കിട്ടാന്‍ വര്‍ഷങ്ങളെടുത്തു. അങ്ങനെ കേരളത്തിന്റെ കാര്‍ഷിക സദസ്സില്‍ ഒരു നക്ഷത്രം പോലെ ഉദിച്ചുയര്‍ന്ന ഗോപി കുറെനാള്‍ അണിയറയിലൊതുങ്ങാന്‍ വിധിക്കപ്പെട്ടു.

Gopi farm

രണ്ടാം വരവും രാജകീയമായി

രാപകലില്ലാതെ കൃഷിപ്പണികള്‍ ചെയ്യുന്നതില്‍ വ്യാപൃതനാകുമ്പോഴും ഗോപി എന്നും കര്‍ഷക പക്ഷത്താണ് എന്നതില്‍ രണ്ടു പക്ഷമില്ല. കാരണം അദ്ധ്വാനിച്ചിട്ടും വിളനഷ്ടവും കൈനഷ്ടവും വരുന്ന സാധാരണ കര്‍ഷകന്റെ വേദന. ഗോപി ധാരാളം അനുഭവിച്ചിട്ടുണ്ട് എന്നതു തന്നെ. ഈ രംഗത്തെ തന്റെ ഉയര്‍ച്ചകളില്‍ തന്റൊപ്പം നിന്ന സാധാരണക്കാരെ തികഞ്ഞ സന്തോഷത്തോടെ കൂടെ കൂട്ടാന്‍ ഗോപി എന്നും ശ്രദ്ധിച്ചിരുന്നു. സന്തോഷം വരുമ്പോള്‍ എല്ലാവരെയും ഒപ്പം നിര്‍ത്തും. എന്നാല്‍ സങ്കടങ്ങളില്‍ ഗോപി അവരെ കൂട്ടാറില്ല; എല്ലാം ഉളളിലൊതുക്കി സ്വയം ഒതുങ്ങിക്കൂടും.

'ജീവിതമാകുമ്പോള്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുക സ്വാഭാവികമല്ലേ.... ഉയര്‍ച്ചകളില്‍ അധികം സന്തോഷിക്കാറില്ല്.... തഴ്ചകളില്‍ ഏറെ ദു:ഖിക്കാറുമില്ല'
ഒരു തത്വചിന്തകന്റെ വൈഭവത്തോടെ ഗോപി പറയുന്നു.

ഗോപിയുടെ രണ്ടാം വരവ്, മള്‍ട്ടി റൂട്ട് ജാതിത്തൈകളുമായി

ഒരു 'വനവാസ'ത്തിനു ശേഷം ഗോപി വീണ്ടും അരങ്ങിലെത്തുന്നത് 2008-ലാണ്. പ്രകൃതിക്ഷോഭത്തില്‍ കടപുഴകി വീണ് ജാതിത്തോട്ടം പാടേ നശിച്ച കര്‍ഷകരുടെ കണ്ണീരാണ് ഇക്കുറി ഗോപിയിലെ കര്‍ഷകനെ തൊട്ടുണര്‍ത്തിയത്. ആഴത്തില്‍ വേരോട്ടമില്ലാത്ത നാടന്‍ ജാതിമരങ്ങള്‍ കാറ്റില്‍ വേരോടെ ഇളകിവീണു നശിക്കുക പതിവായിരുന്നു. ഇതിന് പരിഹാരം കണ്ടെത്തണം. ഇതായിരുന്നു ഗോപിയുടെ പ്രധാന ഉദ്ദേശ്യം. ഇതിന് 2008 മുതല്‍ ഇദ്ദേഹം വിവിധ രീതിയില്‍ പരീക്ഷണം നടത്തി ആദ്യം കാട്ടു ജാതിയില്‍ നാട്ടുജാതി ഗ്രാഫ്റ്റു ചെയ്തു. പരീക്ഷണം പരാജയപ്പെട്ടു. പിന്നീടാണ് മൂന്നു വര്‍ഷത്തിന്‍മേല്‍ പ്രായമുളള നാടന്‍ ജാതിയില്‍ രണ്ടു വര്‍ഷം പ്രായമുളള കാട്ടുജാതി അപ്രോച്ച് ഗ്രാഫ്റ്റിംഗ് വഴി കൂട്ടിച്ചേര്‍ത്തത്. ഇത് വിജയിച്ചു. തായ്‌വേരിന്റെ എണ്ണത്തിലുണ്ടായ വര്‍ദ്ധനമൂലം ചെടിയിലുണ്ടായ മാറ്റം ഗോപിയ്ക്ക് പ്രചോദനമായി. ഇവ കാറ്റില്‍ നശിക്കില്ലെന്ന് കണ്ടെത്തി. ഇതോടെ ഗോപി തായ്‌വേരുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഒരു ജാതിയില്‍ രണ്ടു മുതല്‍ അഞ്ച് വരെ മരങ്ങള്‍ ഇത്തരത്തില്‍ ജോയിന്റ് ചെയ്ത് തന്റെ പരീക്ഷണം വിജയത്തില്‍ എത്തിച്ച കര്‍ഷക പ്രതിഭയായ ഗോപി.

ഒരു ജാതിത്തൈയ്ക്ക് ഒരു തായ്‌വേര് എന്നതാണ് കണക്ക്. ജാതിയില്‍ മള്‍ട്ടി റൂട്ട് പ്രക്രിയ യിലൂടെ ഒന്നിലധികം തായ്‌വേരുകള്‍ വച്ചു പിടിപ്പിച്ചാണ് ഗോപി ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. നാട്ടു ജാതി മരത്തിലേക്ക് കാട്ടു ജാതിയും നാട്ടു ജാതിയും സമ്മിശ്രമായി ചേര്‍ത്തു പിടിപ്പിച്ച് ഒറ്റമരമാക്കി മാറ്റുന്നു. ഇതോടെ വളര്‍ച്ച കൂടുന്ന മരത്തെ ബഡ്ഡിങ്ങിലൂടെയോ ഗ്രാഫ്റ്റിങിലൂടെയോ പെണ്‍മരമാക്കി മാറ്റും. ഇതോടെ നിരവധി ഗുണങ്ങളാണ് ഗോപി കണ്ടത്.

മള്‍ട്ടി റൂട്ട് ചെടികള്‍ക്ക് വിസ്തൃതമായ വേരു പടലമുളളതിനാല്‍ വെളളം, വളം സസ്യ മൂലകങ്ങള്‍ എന്നിവ കൂടുതലായി മണ്ണില്‍ നിന്ന് വലിച്ചെടുക്കും. വീട്ടു വളപ്പില്‍ ജാതി ത്തൈകള്‍ നട്ടാല്‍ സാധാരണ ബഡ്ഡു മരങ്ങള്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കായ്ഫലം തരുന്നതിന് എടുക്കുമ്പോള്‍ ഗോപി വികസിപ്പിച്ചെടുത്ത മരങ്ങള്‍ രണ്ടാം വര്‍ഷം സമൃദ്ധിയായി കായ് പിടിക്കും. വ്യത്യസ്തങ്ങളായ ജാതിത്തൈകള്‍ ചേര്‍ത്ത് മള്‍ട്ടി റൂട്ട് ചെയ്തിരിക്കുന്നതിനാല്‍ വൃക്ഷത്തിന് ദീര്‍ഘായുസ്സ് ഉറപ്പ്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി സ്വകാര്യ ബസ്സ്റ്റാന്റിന് സമീപം രണ്ടേക്കറോളം വരുന്ന തന്റെ നഴ്‌സറിയില്‍ ആയിരക്കണക്കിന് മള്‍ട്ടി റൂട്ട് ജാതിത്തൈകളാണ് ഗോപി തയാറാക്കി യിരിക്കുന്നത്. എട്ടു വര്‍ഷത്തോളം സൂക്ഷ്മമായ പരീക്ഷണത്തിലൂടെ കണ്ടെത്തിയ പുതിയ മാര്‍ഗം ഗോപി തന്റെ സഹോദരിയും മകനും ഉള്‍പ്പെടെയുളള കുടുംബാംഗങ്ങളെ പഠിപ്പിച്ച് ഇവരുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. തന്റെ പുതിയ കണ്ടെത്തലിന് സ്വയം നല്‍കിയ മള്‍ട്ടി റൂട്ട് ജാതി എന്ന പേര് അപ്രകാരം തന്നെ നിലനിര്‍ത്താനും സ്‌പൈസസ് ബോര്‍ഡ് അധികൃതരോട് ഗോപിക്കുളള അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡിന്റെ മള്‍ട്ടി റൂട്ട് ഗ്രാഫ്റ്റിംങ് അവാര്‍ഡും ഗോപി ഇതിനോടകം കരസ്ഥമാക്കി യിരിക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടായി ഗോപി കാര്‍ഷിക കേരളത്തില്‍ നിറ സാന്നിദ്ധ്യമാണ്. ഇല്ലായ്മകളില്‍ നിന്ന് സ്വന്തം മികച്ച ഒരു കൃഷി ശാസ്ത്രജ്ഞന്റെ വൈഭവത്തോടെ ഈ രംഗത്ത് പുതിയ നേട്ടങ്ങള്‍ കൊയ്യുമ്പോഴും മനസ്സ് നിറയെ സന്തോഷവും അത് മുഖത്ത് പ്രകടിപ്പിക്കുന്നതില്‍ ഒട്ടും ലുബ്ധും കാട്ടാത്ത ക്വിന്റല്‍ ഗോപി എന്ന ചെറുകുന്നേല്‍ ഗോപി ഇന്നും വിസ്മയമായി തുടരുന്നു.

സുരേഷ് മുതുകുളം,

എഡിറ്റര്‍,

കൃഷിജാഗരണ്‍, മലയാളം


English Summary: Gopi's multi root nutmeg

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds