Features

തളിർവെറ്റിലയുണ്ടോ

അറ്റം മുറിച്ച് ചെന്നിയിൽ വയ്ക്കുമ്പോഴും കൈവെള്ളയിൽ വച്ച് ചുണ്ണാമ്പു തേയ്ക്കുമ്പോഴും എല്ലാവർക്കും നല്ല തളിർ വെറ്റില തന്നെ വേണം. കിട്ടിയത് ഇത്തിരി ചുരുണ്ടതോ വാടിയതോ ആണെങ്കിൽ അത് മാറ്റി കിട്ടണം. അല്ലെങ്കിൽ പിന്നെ ബഹളമാകും. നല്ലത് കിട്ടുന്നതിന് നിൽക്കും. അപ്പോഴൊന്നും ഇതിന്റെ പിന്നിലെ അധ്വാനത്തെക്കുറിച്ച് ആരും ഓർക്കാറില്ല. മുറുക്കാൻ ശീലിച്ചത് വെറ്റിലയോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് മുറുക്കുകാരുടെ മതം. അവർക്കായി 27 വർഷമായി വെറ്റിലയെ കാത്ത് പരിപാലിച്ച് വളർത്തുന്ന ഒരു കർഷകനുണ്ട് നമുക്കിടയിൽ, മണർകാട് പെരുമാനൂർ സി. പി. വർഗ്ഗീസ്. അതിനും മുമ്പ് 13 -മത്തെ വയസിൽ അച്ഛനൊപ്പം പറമ്പിലേക്കിറങ്ങിയതാണ് വർഗ്ഗീസ്. ഉള്ള തൊടിയിൽ പച്ചക്കറിയും പശുവും ഒക്കെ ഉണ്ടെങ്കിലും വെറ്റിലയോടാണ് ഈ കർഷകന് പ്രിയം.

രാവിലെ ഉറക്കമുണർന്നാൽ തന്റെ കൃഷിയിടത്തിലേക്കിറങ്ങും. അറുപത് മൂട് വെറ്റില നട്ടിട്ടുണ്ട്. വെറ്റിലയോടുള്ള പ്രിയം കൊണ്ട് പന്തളം ഭാഗത്തുനിന്നാണ് തൈ വാങ്ങിയത്. തടം എടുത്തു കഴിഞ്ഞാൽ ആദ്യം തന്നെ ചാണകപ്പൊടിയും ആട്ടിൻ കാട്ടവും വിതറും. നട്ട് കഴിഞ്ഞ് വളർച്ച ആകുമ്പോൾ വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ആവശ്യത്തിന് ചുവട്ടിൽ വട്ടത്തിൽ വാരി ഇടും. രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കും. വെള്ളം ധാരാളം ഉള്ളതിനാൽ നനയ്ക്കുന്നതിനായി എല്ലാത്തിന്റെയും ചുവട്ടിൽ പൈപ്പ് ഇട്ടിരിക്കുകയാണ്.

വെയിൽ വെറ്റിലക്ക് അത്ര നല്ലതല്ല. ആവശ്യത്തിന് കാറ്റ് വേണം. കാറ്റില്ലെങ്കിൽ ഇലയുടെ നിറം മങ്ങിപ്പോകും. പക്ഷേ അത് തെക്കൻ കാറ്റാണെങ്കിൽ വെറ്റിലയുടെ പോള പൊഴിഞ്ഞും പോകും. അതുകൊണ്ട് തന്നെ വെറ്റിലയെ ഏറെ ശ്രദ്ധിക്കണമെന്നാണ് ഈ കർഷകന് പറയുന്നത്. വെയിൽ അധികം തട്ടാതിരിക്കാൻ തണൽ കെട്ടിയാണ് ഇവയെ സംരക്ഷിക്കുന്നത്.

രണ്ടാഴ്ച കൂടുമ്പോൾ വെറ്റില നുള്ളി കോട്ടയം ചന്തയിൽ, തിങ്കളാഴ്ച ദിവസം, വിൽപ്പനയ്ക്ക് എത്തിക്കും. ഒരു കെട്ടിൽ മുപ്പത് വെറ്റില ഉണ്ടാകും. നാൽപത് രൂപയായിരുന്നു കഴിഞ്ഞ തവണ കിട്ടിയതെന്ന് അദ്ദേഹം പറയുന്നു.

വർഗ്ഗീസ് മണർകാട് കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും 'എ ക്ലാസ് ' കൃഷിക്കാരനാണ്. വെറ്റിലയെ കൂടാതെ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും തൊടിയിൽ ഉണ്ട്. സാധാരണ ഒരു തടത്തിൽ ഒരു വാഴ എന്ന രീതിയിലാണ് നട്ടു വരുന്നത്. എന്നാൽ വർഗ്ഗീസ് ഒരു തടത്തിൽ രണ്ട് വാഴയാണ് ഇത്തവണ നട്ടിരിക്കുന്നത്. ചേനയും കാച്ചിലും എല്ലാം ധാരാളം ഈ കർഷകന് തൊടിയിൽ നിന്നും കിട്ടിയിരുന്നു. അടുത്ത കൃഷിക്കുള്ള വിത്തിനായി സംഭരിച്ചിട്ടുമുണ്ട്. ചാണകത്തിനായി പശുവും ആട്ടിൻ കാട്ടത്തിനായി ആടും ഈ വീട്ടിൽ ഉണ്ട്.

പത്താംതരം വരെയേ പഠിച്ചിട്ടുള്ളൂ. തന്റെ അച്ഛൻ കൃഷി പണി ചെയ്യുന്നത് കണ്ടാണ് കൃഷിയിലേക്ക് ഇറങ്ങിയത്. പക്ഷേ, തന്റെ മകൻ ഉൾപ്പെടുന്ന പുതു തലമുറ ഈ കൃഷിയോടൊന്നും താത്പര്യം കാണിക്കാറില്ല. മാത്രമല്ല അവരെ ഇതിനൊന്നും  പ്രോൽസാഹിപ്പിക്കാറില്ലെന്നും നിഷ്കളങ്കനായ ഈ അച്ഛൻ കൂട്ടിച്ചേർക്കുന്നു.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox