Features

പി.കെ. ഒരു ബ്രാന്‍ഡല്ല; ഒരു നാടിന്റെ സാക്ഷാത്കാരം

മലയാളിയായ പുത്തൻപുരക്കൽ കുമാരൻ ഇന്ന് തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയിലാകെ പ്രസിദ്ധനാണ്. ചായ തോട്ടത്തിലെ ഗവേഷകൻ എന്ന പേരിൽ അറിയപ്പെടുന്ന മികച്ച പ്രകൃതി കർഷകനാണ് കുമാരേട്ടൻ. പിതാവ്  പുത്തൻപുരക്കൽ കൃഷണൻ എറണാകുളത്ത് നിന്ന് ഏഴ് പതിറ്റാണ്ട് മുമ്പ് കേരള - തമിഴ്നാട് അതിർത്തിയായ നീലഗിരി ജില്ലയിലെ കുളപള്ളിയിലേക്ക് കുടിയേറിയത്. വയനാട് അതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരത്തിലാണ് കുമാരനും കുടുംബവും ഇപ്പോൾ താമസിക്കുന്ന മാങ്ങോട് എന്ന സ്ഥലം.  പിതാവ് കൃഷ്ണനും മാതാവ് അമ്മിണിയും ഇളയ മകനോടൊപ്പം   കൊളപള്ളിയിലാണ് താമസം. ഭൂമിശാസ്ത്ര പരമായി ഇവർ തമിഴ് നാട്ടിലാണങ്കിലും കേരളവുമായും ഇതേ ബന്ധം കാത്തു സൂക്ഷിക്കുന്നു.  ഈ പ്രദേശം മുഴുവൻ അതായത് ഗൂഡല്ലൂർ മേഖലയാകെ മലയാളികളുടെ കുടിയേറ്റ കേന്ദ്രമാണ്. തമിഴ് നാട്ടുകാരോടൊപ്പം കന്നട സംസാരിക്കുന്ന ബഡുകരും മലയാളം സംസാരിക്കുന്ന കേരളീയരും ഓരോ പ്രദേശത്തായി താമസിക്കുന്ന വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് നീലഗിരി ജില്ല . അവിടെ പുതിയൊരു 'കുമാര സംസ്കാരം ' രൂപപ്പെടുത്തിയെടുത്തു എന്നതാണ് പുത്തൻ പുരക്കൽ കുമാരനെ വ്യതസ്തനാക്കുന്നതും  തമിഴ്നാട്ടിൽ പ്രസിദ്ധനാക്കുന്നതും.

2014-ൽ തമിഴ്നാട് ഹോർട്ടി കൾച്ചർ മിഷന്റെ ബെസ്റ്റ് ഫാർമർ പുരസ്കാരം നേടിയ  കുമാരൻ പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിനൊടുവിൽ തേയില തളിരിൽ നിന്നും നിർമ്മിച്ചെടുത്ത ഗ്രീൻ ടീ അഥവാ തളിർ ചായയാണ് ഇപ്പോൾ അദേഹത്തിന് പ്രശസ്തി നേടികൊടുത്തത്. പാലേക്കർ പ്രകൃതി കൃഷി രീതിയിൽ അഞ്ചേക്കർ സ്ഥലത്ത് തേയില കൃഷി നടത്തി. സാധാരണ പത്ത് പതിനഞ്ച് ദിവസം കൂടുമ്പോഴാണ് തേയില ചപ്പ് നുള്ളാറ്. എന്നാൽ കുമാരൻ തന്റെ തോട്ടത്തിൽ നിന്ന് ഓരോ അഞ്ച് ദിവസവും ചപ്പ് നുള്ളിയെടുത്ത്  സ്വന്തമായി നിർമ്മിച്ച മൈക്രോ ഫാക്ടറിയിൽ വെച്ചാണ് ഗ്രീൻ ടീ ഉല്പാദിപ്പിക്കുന്നത്. രാജ്യത്ത് ധാരാളം മൈക്രോ ഫാക്ടറികൾ ഉണ്ടെങ്കിലും ഒരു വീട്ടിലേക്ക് ആദ്യമായി സർക്കാർ മൈക്രോ ഫാക്ടറി അനുവദിച്ചത് കുമാരനാണ്. ഒരു ദിവസം നാലര ക്വിന്റൽ തേയില ഈ ഫാക്ടറിയിൽ ഉല്ലാദിപ്പിക്കുന്നു. നുളളിയെടുത്ത തളിരിലകൾ പൂർണ്ണമായും വിറകടുപ്പിലാണ് ഉണക്കിയെടുക്കുന്നത്. സാധാരണ ഫാക്ടറികളിൽ ഇരുപത് മിനിട്ടു കൊണ്ട് ചായപ്പൊടി ഉല്പാദിപ്പിക്കാൻ കഴിയുമെങ്കിൽ  തന്റെ മൈക്രോ ഫാക്ടറിയിൽ  അഞ്ച് മണിക്കൂർ കൊണ്ടാണ് ഗ്രീൻ ടീ ഉല്പാദിപ്പിക്കുന്നത്.


P.K Green Tea

 
പുത്തൻപുരക്കൽ കുമാരൻ തന്റെ വീട്ടു പേരും സ്വന്തം പേരും ഉപയോഗിച്ച് പി.കെ. എന്ന പേരിൽ ഈ ഗ്രീൻ ടീ യെ ബ്രാൻഡ് ചെയ്യുകയും സ്വന്തമായി തന്നെ വില്പന നടത്തുകയും ചെയ്യുന്നു.തമിഴ്നാട് സർക്കാരിന്റെ വിവിധ വകുപ്പുകൾ നല്ല രീതിയിൽ സഹകരിക്കുകയും രേഖകൾ അനുവദിക്കുകയും ആറ് ലക്ഷം രൂപയുടെ ഇന്നവേഷൻ ഫണ്ട് നൽകുകയും ചെയ്തു.  ഒരു സംരംഭം തുടങ്ങാനിരിക്കുന്നവരെ നൂറ് തവണ നടന്ന്  കടലാസിൽ ഒതുക്കി സംരംഭമെന്നത്  എന്നത് ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുമ്പോൾ കുമാരന് തമിഴ്നാട് സർക്കാർ ചെയ്ത് കൊടുത്തത് മാതൃകയാണ്. വയനാട്ടിൽ   ഒരു കാർഷികോൽപാദക കമ്പനി അമ്പലവയലിൽ ഗ്രീൻ ടീ ഫാക്ടറി തുടങ്ങാനായി കഴിഞ്ഞ രണ്ട് വർഷത്തിലധികമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾ ഇപ്പോൾ വിഫലമായി തുടരുന്നതിനിടെയാണ് തമിഴ്നാട്ടിൽ ഒരു മലയാളിയുടെ വിജയഗാഥ. 

ഗ്ലോബൽ മാർക്കറ്റിംഗ് ഏജൻസിയും  ഉപാസിയുമാണ് പി.കെ. ഗ്രീൻ ടീക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ചെന്നൈയിലെ ബ്യൂറോ വിറ്റാസ് എന്ന അന്താരാഷ്ട്ര നിലവാരമുള്ള ലാബിൽ പരിശോധന നടത്തിയാണ് സാക്ഷ്യപത്രം നൽകിയിട്ടുള്ളത്. നൂറ് മില്ലിഗ്രാം  പി.കെ. ഗ്രീൻ ടീ യിൽ 1.27 മി.ഗ്രാം പ്രോട്ടീൻ, 90.73 കാർ ബോ ഹൈഡ്രേറ്റ്, എന്നിവയും 368 .5 കലോറി ഊർജ്ജവും അടങ്ങിയിട്ടുണ്ട്.

tea budഗ്രീൻ ടീ ക്കൊപ്പം സ്വന്തം കൃഷിയിടത്തിലെ ഇരുപതോളം മറ്റ്  ഉല്പന്നങ്ങളും ചേർത്ത് പി.കെ. എന്ന ബ്രാൻഡിൽ തന്നെ വില്പന നടത്തുന്നുണ്ട്. കുമാരനും ഗ്രീൻ ടീ യും വലിയ സംഭവമാണങ്കിലും ഒരു തൊഴിലാളി പോലും കൂടെ ഇല്ലന്നതാണ് മറ്റൊരു പ്രത്യേകത. ഭാര്യ ഇന്ദിരയും മകൻ ധനീഷും മകന്റെ ഭാര്യ സൗമ്യയും മാത്രമാണ് കൃഷിയും പായ്ക്കിംഗും വില്പനയും നടത്തുന്നത്. മകൻ ധനീഷ് എം.ബി.എ. കഴിഞ് ദുബായിൽ ജോലി നേടിയിരുന്നെങ്കിലും  അതുപേക്ഷിച്ച് അച്ചനോടൊപ്പം ചേരുകയായിരുന്നു. 

നബാർഡിന് കീഴിൽ രൂപീകരിച്ച കാർഷിക ഉല്പാദക  കമ്പനിയായ വയനാട് നാച്ചുറൽ ആന്റ് ഹോളിസ്റ്റിക് അഗ്രികൾച്ചറൽ പ്രൊഡ്യൂസർ കമ്പനിയിൽ അംഗമാണ്. കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം  വേവിൻ ഇക്കോ ഷോപ്പിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം നാടൻ ഉൽപ്പന്നക്കൾക്കൊപ്പം പി.കെ. ഗ്രീൻ ടീ വില്പനക്ക് വെച്ചിട്ടുണ്ട്. 

tender green tea

കുമാരനെയും അദ്ദേഹത്തിന്റെ പ്രകൃതി കൃഷി രീതിയെയും പി.കെ. ഗ്രീൻ ടീ എന്ന ഉൽപ്പന്നത്തെയും മാതൃകാ സംരംഭമാക്കി അടുത്തിടെ  കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങൾ മാത്രം ഉല്പാദനം മുതൽ വിപണനം വരെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുവെന്നതാണ് പി.കെ. ഗ്രീൻ ടീ യുടെ പ്രത്യേകത. പഞ്ചസാര ചേർത്തും തേൻ ചേർത്തും കഴിക്കാവുന്നതാണ് പി.കെ. ഗ്രീൻ ടീ . മധുരം ചേർക്കാതിരുന്നാലും ചവർപ്പ് ഉണ്ടാകില്ല എന്നതാണ് പി.കെ. ഗ്രീൻ ടീ യുടെ പ്രത്യേകത. 

Share your comments