Features

മണലാരണ്യത്തിലും പൊട്ടുവെളളരിപ്പെരുമ

Vinod

വിനോദിന് ദുബായ് യാത്ര പുതുമയല്ല ; കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ദിനചര്യ പോലെ ഈ യാത്ര വിനോദ് തുടരുന്നുമുണ്ട്. ട്രോപ്പിക്കല്‍ അഗ്രോ സിസ്റ്റം എന്ന കമ്പനിയുടെ കേരള ഘടകം ചീഫ് മാനേജറായ വിനോദ് കുമാര്‍ കമ്പനിയുടെ ആവശ്യാര്‍ത്ഥവും നിര്‍ദ്ദേശാനു സരണവുമാണ് യാത്ര ചെയ്യുന്നത്. ട്രോപ്പിക്കല്‍ അഗ്രോയുടെ ഫലവത്തായ സസ്യ സംരക്ഷകങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ ജൈവോല്പന്നങ്ങളുടെ വിതരണത്തിന് ദുബായ് സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സും അനുമതിയുടെ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും ഇവയുടെ വിതരണത്തിനും ഇവയുടെ ഉപയോഗസാധ്യതകള്‍ നേരിട്ടു കണ്ടറിയാനും വിലയിരുത്താനുമാണ് ഗവേഷണബുദ്ധിയോടെയുളള ഈ യാത്രകള്‍ എല്ലാം വിനോദ് നടത്താറ്. അറബ് നാട്ടില്‍ ജൈവകൃഷിയുടെ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്താന്‍ കമ്പനി അധികാരപ്പെടുത്തിയിരിക്കുന്നതും വിനോദിനെയാണ്. ഇതനുസരിച്ച് ട്രോപ്പിക്കല്‍ അഗ്രോയുടെ ജൈവസര്‍ട്ടിഫിക്കേഷനോടുകൂടിയ ഉല്‍പന്നങ്ങള്‍ ദുബായില്‍ വിതരണം ചെയ്യുന്നു. ദുബായ് സര്‍ക്കാര്‍ വഴി ഈ ഉല്‍പന്നങ്ങള്‍ക്ക് നല്ല പ്രചാരം കിട്ടുകയും ചെയ്യുന്നു.

'ഒരര്‍ത്ഥത്തില്‍ കേരളത്തിലേക്കാള്‍ കൂടുതല്‍ കൃഷി ഇപ്പോള്‍ ദുബായിലുണ്ടെന്ന് പറയാം....' വിനോദ് തുടരുന്നു.'നോക്കെത്താ ദൂരത്തോളം വിസ്തൃതമായി കിടക്കുന്ന പോളിഹൗസുകളിലാണ് കൃഷി ഏറെയും.ഓരോ പോളിഹൗസും നൂറു മുതല്‍ അഞ്ഞൂറ് ഏക്കര്‍ വ്യാപിച്ചു കിടക്കുന്നവയാണ്. ചൂടു കുറഞ്ഞ സമയത്താകട്ടെ ഓപ്പണ്‍ ഫീല്‍ഡ് കൃഷിയും ധാരാളം...'

സ്വതവേ തക്കാളിയും മുളകും വെളളരിയും ഒക്കെ സമൃദ്ധമായി വളര്‍ന്നു മറിയുന്നവയാണ് ഈ മണലാരണ്യങ്ങള്‍ ഇക്കൂട്ടത്തില്‍ തക്കാളിയില്‍ ഏറ്റവും വലിപ്പമുളള ' ബീഫ് ടുമാറ്റോ ' ഏറെ ശ്രദ്ധേയമാകുന്നു. ഇപ്പോള്‍ ദുബായിയില്‍ നെല്‍കൃഷിയും ആരംഭിച്ചിരിക്കുന്നു. മണ്ണില്‍ വിതയ്ക്കാന്‍ കഴിഞ്ഞ യാത്രയില്‍ വിനോദ് കേരളത്തിന്റെ തനതു വിളയായ പൊട്ടുവെളളരിയുടെ കുറച്ചു വിത്തുകളും കരുതി. വിത്ത് കിട്ടിയതാകട്ടെ തൃശൂര്‍ പുത്തന്‍ചിറയിലെ പ്രമുഖ പൊട്ടുവെളളരി കര്‍ഷകനായ സജീവേട്ടന്റെ പക്കല്‍ നിന്നും. കണ്ടാല്‍ ചുരയ്ക്ക പോലിരിക്കും; എന്നാല്‍ വെളളരിയുടെ കുടുംബക്കാരനാണിത്. പൊട്ടുവെളളരിയെക്കുറിച്ചധികമാര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇതിന്റെ കൃഷി മധ്യകേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. വിരിപ്പിനും മുണ്ടകനുമിടയില്‍ നെല്‍പാടങ്ങളില്‍ ഇറക്കുന്ന കൊണ്ടല്‍ കൃഷിയിലെ പ്രധാന വിളയാണിത്. വിത്തിട്ട് 45 - ാം ദിവസം മുതല്‍ വിളവെടുപ്പിനൊരുങ്ങും. ഇതിന് ഒരു തകരാറേ ഉളളൂ. - പാകമായാല്‍ ഉടനെ ഉപയോഗിക്കണം; അല്ലെങ്കില്‍ പൊട്ടിയടര്‍ന്നു പോകും. അതാണല്ലോ 'പൊട്ടുവെളളരി ' എന്ന ഓമനപ്പേര് കിട്ടാന്‍ കാരണവും. ഒരു വെളളരി അര കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കം വയ്ക്കാറുണ്ട്. അങ്ങനെ മണലാരണ്യത്തില്‍ ഒരുക്കിയ കൃഷിയിടത്തില്‍ വിനോദ് കേരളത്തില്‍ നിന്നെത്തിച്ച പൊട്ടുവെളളരിയുടെ വിത്ത് ഇതാദ്യമായി വീണു.

ജൈവകൃഷിരീതികളുടെ അകമ്പടിയോടെയായിരുന്നു മണലാരണ്യത്തിലെ പൊട്ടുവെളളരിക്കൃഷി. സര്‍ക്കാര്‍ അംഗീകൃത ജൈവവളങ്ങളും സൂക്ഷ്മമൂലകങ്ങളും മാത്രം ഉപയോഗിച്ചു. കോഴിവളം ചേര്‍ത്തിരുന്നു. ചെടി വളര്‍ന്ന് കായ്കളാകാറായപ്പോഴേക്കും വെളളരിയുടെ പ്രധാന ശത്രുവായ കായീച്ചകളും എത്തി. ഇവയെ കുടുക്കാന്‍ ഫെറമോണ്‍ കെണികള്‍ വച്ചു. കൂടാതെ ട്രോപ്പിക്കല്‍ അഗ്രോയുടെ വിവിധ സസ്യസംരക്ഷക ജൈവ മരുന്നുകളും. കൃഷിയെ നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തിനു വേണ്ടി വരും വര്‍ഷങ്ങളില്‍ പുതിയ കൃഷികളും കൃഷി രീതികളും അവലംബിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് വിനോദ് അഭിപ്രായപ്പെടുന്നു.

സുരേഷ് മുതുകുളം 
എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox