Features

സമ്മിശ്രകൃഷിയുടെ ആത്മാവറിഞ്ഞ് സാനുമോൻ

ആലപ്പുഴയിലെ മികച്ച കർഷകനുള്ള അക്ഷയ അവാർഡും കൃഷി വകുപ്പിന്റെ അവാർഡും ആത്മ അവാർഡും പി പി സ്വാതന്ത്ര്യം കാർഷിക അവാർഡും ലഭിച്ചിട്ടുള്ള ചേർത്തല മായിത്തറ പാപ്പറമ്പിൽ സാനുമോന്റെ കൃഷി തോട്ടം കാണാൻ എറണാകുളത്തുനിന്നും കൃഷി ഓഫീസർമാർ എത്തി. സമ്മിശ്ര കൃഷി ചെയ്തു എന്നും വിളവെടുപ്പ് നടത്തുന്ന സാനുമോന്റെ കൃഷി തോട്ടത്തിന്റെ പെരുമ ജില്ലാ കടന്നു എന്നതിന്റെ തെളിവാണ് ഇത്. ഏകദേശം പത്തുവർഷമായി കൃഷി മാത്രമാണ് സാനുമോന് ജീവിതോപാധി.വിശ്രമിക്കാൻ പോലും നേരം കിട്ടാത്ത സാനുമോൻ ചേർത്തല തിരുവിഴയിലെ ദേശീയപാതയോരത്തു നടത്തുന്ന പച്ചക്കറി വിപണന കേന്ദ്രത്തിലൂടെ മറ്റു കർഷകരുടെയും ഉത്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കുന്നു. കൃഷിവകുപ്പിന്റെ A ഗ്രേഡ് ക്ലസ്റ്റർ ന്റെ വിപണന കേന്ദ്രം ആണിത്. ഇതിന്റെ നടത്തിപ്പ്കാരന് കൂടിയാണ് സാനുമോൻ.

Farm Produce

കയർ തൊഴിലാളി കുടുംബത്തിൽ നിന്നുള്ള സാനുവും കയർ ഫാക്ടറി തൊഴിലാളി ആയാണ് ജോലി തുടങ്ങിയത്. അച്ഛൻ സുകുമാരനും 'അമ്മ ജാനമ്മയും ചേട്ടൻ ബിനുവും ഒത്തു നടത്തിയ കയർ തൊഴിലിൽ നിന്നും മാറി സാനുമോൻ പരീക്ഷണാര്ഥം തുടങ്ങിയ കൃഷി, കയർ മേഖലയെക്കാൾ ആദായകരം എന്ന് കണ്ടതോടെഉപജീവനത്തിനായി കൃഷി തെരഞ്ഞെടുത്തു. എന്നും കൃഷിയിൽ വിജയങ്ങൾ മാത്രമായിരുന്നില്ല കിട്ടിയത്. പൊന്നുപോലെ കാത്ത പല കൃഷിയും കാലാവസ്ഥ എതിരായപ്പോൾ നഷ്ടത്തിലായി വൻ കടത്തിൽ പെട്ടിട്ടുമുണ്ട്. എന്നാൽ അതൊന്നും സാനുവിന്റെ കൃഷിയോടുള്ള അടുപ്പം കുറച്ചില്ല. അയൽവാസിയുടെ പാടത്തു തുടങ്ങിയ കൃഷിയാണ് പിന്നീട് പാട്ടത്തിനും മറ്റുമെടുത്തു വിപുലപ്പെടുത്തിയത്. പിന്നീട് പാട്ടത്തിനെടുത്ത സ്ഥലം സ്വന്തമാക്കി. ഇപ്പോൾ ഒരേക്കർ പാടത്തു നെൽകൃഷി പാട്ടത്തിനെടുത്ത നാലര ഏക്കർ ഇൽ ജൈവപച്ചക്കറി കൃഷി, വീട്ടിലെ നാല് കുളങ്ങളിൽ മൽസ്യ കൃഷി, കോഴി താറാവ് പശു വളർത്തൽ. ഇതിനൊക്കെപുറമെ ആവശ്യക്കാർക്ക് പച്ചക്കറിത്തോട്ടവും നിർമ്മിച്ച് കൊടുക്കുന്നു. വീട്ടുവളപ്പിൽ അടുക്കളത്തോട്ടവും പച്ചക്കറി തൈകളും സാനുവും സംഘവും നിർമ്മിച്ച് നൽകും.ജില്ലയിലെ വ്യവസായികളും ഒട്ടേറെ സ്കൂളുകളും സാനുവിന്റെ കൃഷി പരിചയം തേടി വിളിക്കാറുണ്ട്.

farm fresh

കോഴിവളം, ചാണകം , ചാരം എല്ലുപൊടി മത്തി ശർക്കര മിശ്രിതം എന്നീ ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കീടങ്ങളെ തുരത്താൻ സ്യൂഡോമോണോസ് , വേപ്പെണ്ണ ലായനി, കെണികൾ എന്നീ ജൈവ മാർഗങ്ങളാണ് സ്വീകരിക്കുക. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ മുട്ട ഗ്രാമം പദ്ധതിയിൽ പെടുത്തിയാണ് കോഴികളെയും താറാവിനെയും വളർത്തുന്നത്. രണ്ടു പശുക്കൾ രണ്ടു എരുമകൾ എന്നിവയും ഉണ്ട് സാനുവിന്റെ വീട്ടിൽ. 
സ്വന്തമായുള്ള ഒരേക്കറിൽ വിരിപുനെൽക്കൃഷിയാണ് ചെയുന്നത്. ഒരു നെല്ലും ഒരു പച്ചക്കറിയും എന്ന രീതിയിൽ വയൽ വരമ്പിൽ വെണ്ടയും ചീരയും വഴുതനയും നട്ടുള്ള കൃഷി രീതിയാണ് സാനുവിന്റേത്.

വര്ഷം മുഴുവൻ പച്ചക്കറി ലഭിക്കുക എന്ന ലക്ഷ്യത്തോടെ 13 ഇനം പച്ചക്കറികൾ പല സമയത്തായാണ് കൃഷി ചെയ്യുന്നത്. രണ്ടായിരം ചുവടു വെണ്ട, ആയിരം ചുവടു പച്ചമുളക്, മുന്നൂറു ചുവടു വഴുതിന , ഇരുന്നൂറു ചുവടു വീതം പടവലവും പാവലും പീച്ചിലും വെള്ളരിയും കുമ്പളവും തക്കാളിയും ചീരയും മത്തനും എല്ലാം സാനുവിന്റെ കൃഷിയിടത്തിൽ ഇടതടവില്ലാതെ കൃഷി ചെയ്യുന്നു വിളവെടുക്കുന്നു.

നാല് കുളങ്ങളിൽ ആയി ഗൗരാമി മീൻ ആണ് വളർത്തുന്നത്. ഗൗരാമി കുഞ്ഞുങ്ങളുടെ വില്പന ഏറെ ആദായകരമായി തോന്നുന്നത് കൊണ്ടാണ് അതിനെ കൂടുതലായി വളർത്തുന്നത്. കൂടാതെ കാരി രോഹു, കട് ല , ചെമ്പല്ലി, തിലോപ്പി എന്നിവയും ഉണ്ട്. ഗാർഹിക മാലിന്യം ആണ് ഇവയ്ക്കു തീറ്റയായി നൽകുന്നത്. ഭാര്യ അനിത നഴ്സറി സ്കൂൾ ടീച്ചർ ആണ്. മക്കൾ അഭിഷേക് അമേയ എന്നിവർക്കൊപ്പം കൃഷിയിൽ സഹായിച്ചുകൊണ്ടു അച്ഛൻ 'അമ്മ എന്നിവരുമുണ്ടു. 9961575956 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ സാനുവിന്റെ സഹായം ലഭിക്കും കൃഷിക്കായി.


Share your comments