നമുക്ക് ആരോഗ്യം പ്രധാനം ചെയ്യുന്ന ഒട്ടനവധി സസ്യങ്ങൾ നമ്മൾ പോലും അറിയാതെ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം തഴച്ചു വളരുന്നുണ്ട്. ഈ സസ്യങ്ങളെ കുറിച്ചുള്ള അറിവ് നമ്മൾക്കു ഉണ്ടായാൽ മാത്രമേ അവയേതെല്ലാം എന്ന് തിരിച്ചറിയാനും അതിന്റെ പ്രാധാന്യം മനസിലാക്കി വച്ചു പിടിപ്പിക്കാനും സാധിക്കുകയുള്ളു. എന്നാൽ ഈ സസ്യങ്ങളുടെ പൂവോ, തണ്ടോ അല്ലെങ്കിൽ ചെടി മൊത്തത്തിലോ ഉപയോഗിച്ചാൽ ഒട്ടനവധി രോഗങ്ങൾക്ക് അതൊരു മറുമരുന്ന് ആവുമെന്ന അറിവ് നമ്മളിൽ പലർക്കും ഇല്ലെന്നു മാത്രം. അത്തരത്തിൽ ഗുണങ്ങൾ ഏറെ ഉള്ള ഒരു ഔഷധസസ്യം ആണ് "കമ്മ്യൂണിസ്റ്റ് പച്ച". കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിൽ മാത്രമല്ല മുറിപ്പച്ച, അപ്പ, കാട്ടപ്പ, ഐമു പച്ച, വേന പച്ച, നീലപ്പീലി,പൂച്ചെടി എന്നിങ്ങനെ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നതും ഈ സസ്യം തന്നെ. സംസ്‌കൃതത്തിൽ 'തീവ്രഗന്ധ' എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ ഇലകൾ കയ്യിലിട്ട് ഞെരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു പ്രത്യേക ഗന്ധമാണ് ഇത്തരത്തിലുള്ള ഒരു പേര് വരാൻ ഇതിന് കാരണമായത്. കമ്മ്യൂണിസ്റ്റ് പച്ച എന്ന പേര് പലപ്പോഴും നമ്മളിൽ കൗതുകം ഉണർത്താറുണ്ട്. ഇതിനു പിന്നിലുമുണ്ട് പഴമക്കാർ പറയുന്ന ഒരു കഥ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചാ കാലഘട്ടങ്ങളിൽ ഒളിവിൽ താമസിക്കേണ്ടി വന്ന സഖാക്കളുടെ ശരീരത്തിനേറ്റ പല മുറിവുകളും ഭേദമാക്കിയ ഒരൊറ്റമൂലിയാണ് ഈ സസ്യം. വെളുത്ത നിറത്തിലുള്ള പുഷ്‌പങ്ങളാണ് ഈ ചെടിയിൽ കാണപ്പെടുക. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇതിന്റെ ഇല. "അപ്പോ മുറിഞ്ഞാൽ അപ്പേടെ ഇല" എന്ന ഒരു ശൈലി നമ്മുടെ നാട്ടിൻപുറത്തുണ്ട്. 'അപ്പോ' എന്നാൽ ഉടനെ എന്നാണ് അർത്ഥമാക്കുന്നത്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ എടുക്കുന്ന നീരിന് ഏതു വലിയ മുറിവിനെയും ഭേദമാക്കാനുള്ള അതിവിശേഷാൽ കഴിവുണ്ട്.
ഇതൊരു അധിനിവേശ സസ്യമാണ്. 1840-കളിൽ കരീബിയൻ നാടുകളിൽ നിന്ന് അലങ്കാരസസ്യമെന്ന രൂപേണ ഭാരതത്തിലേക്ക് എത്തിയെന്ന് കരുതപ്പെടുന്നു. സൂര്യകാന്തി കുടുംബത്തിൽ പെട്ട ഈ സസ്യം ഉഷ്ണമേഖലാ രാജ്യങ്ങളിൽ വളരെ സമൃദ്ധമായി കാണപ്പെടുന്നു. തീവ്രമായ വംശവർദ്ധന ശേഷിയാണ് ഈ സസ്യത്തിന്. ഇതിന്റെ വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്ന് വിദൂര സ്ഥലങ്ങളിൽ ഇവ വിത്തു വിതരണം നടത്തുന്നു. ഇതു മാത്രമല്ല ജലാംശമുള്ള മണ്ണിൽ വീഴുന്ന ചെറിയ തണ്ട് പോലും പെട്ടെന്ന് തന്നെ വേര് പിടിക്കുകയും ചെയ്യുന്നു. സംരക്ഷിത വനമേഖലകൾക്കും, ജൈവവൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണെന്ന അറിവ് നമ്മളിൽ പലർക്കും ഇല്ല. ലോകത്ത് അപകടകാരികളായ മൂന്ന് കളകളിൽ ഒന്നാണ് ഈ സസ്യമെന്ന് അമേരിക്ക അവകാശപ്പെടുന്നു. ഈ ദോഷവശത്തെ കുറിച്ച് പ്രതിപാദിക്കുമ്പോഴും ഇതിന്റെ ഗുണഗണങ്ങൾ നിങ്ങൾ അറിയാതെ പോവരുത്. ഇതിന്റെ ഇലയും തണ്ടും പൂവും എല്ലാം ഔഷധയോഗ്യം തന്നെ. എന്നാൽ ആഹാരമായി അതായത് ശരീരത്തിനുള്ളിലേക്ക് ഉപയോഗിക്കാവുന്നത് ഇതിന്റെ ഇല മാത്രമാണ്. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അതിൽ കുളിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണമെന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.
ഇതിന്റെ ഇലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിച്ചാൽ ചിക്കൻ ഗുനിയെയോ അല്ലെങ്കിൽ പനി മാറിയതിനു ശേഷം ശരീരത്തിനുണ്ടാകുന്ന വേദനകൾ ഇല്ലാതാക്കും. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതചര്യാ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രാപ്തമെന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലയിൽ പല പോഷകഘടകവും അടങ്ങിയിട്ടുണ്ട്. കാൽസ്യം, മാംഗനീസ്, ഇരുമ്പ്, ഫൈറ്റിക് ആസിഡ്, ഫ്ളോവിനോയിഡുകൾ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം ശരീരത്തിനുള്ളിലെ ടോക്സിനുകൾ ഇല്ലാതാക്കുമെന്ന് മാത്രമല്ല ഉദരത്തിലെ ജലാംശത്തിന്റെ പി എച്ചു മൂല്യം ക്രമപ്പെടുത്തുകയും ചെയ്യുന്നു. വയറ്റിലെ അൾസർ, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്ക് ഈ സസ്യം ഒരു ആശ്വാസം ആയി കരുതപ്പെടുന്നു.കമ്മ്യൂണിസ്റ്റ് പച്ച അരച്ച് സമം വെളിച്ചെണ്ണ ചേർത്ത് ലേപനമായി പുരട്ടിയാൽ ഏത് പഴുത്ത മുറിവ് പോലും ഭേദമാവും.ഇതുപോലെ ഇതിന്റെ ഇല അരച്ച് അല്‌പം മഞ്ഞൾ കൂടി ചേർത്ത് ഉപയോഗിച്ചാൽ ത്വക്ക് രോഗകളിൽ നിന്ന് മുക്തി നേടാൻ ഏറെ ഗുണപ്രദം തന്നെ. ഇതിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീര് ഒരൗൺസും കറന്ന ഉടനെയുള്ള പശുവിൻപാലിൽ ചേർത്ത് കഴിച്ചാൽ മൂത്രക്കല്ല് ഇല്ലാതാവും. രോഗശാന്തി മാത്രമല്ല ഈ സസ്യം മികച്ച ഒരു ജൈവ വളം കൂടി ആണ്. നെല്ല്, തെങ്ങ്, വാഴ തുടങ്ങി എല്ലാ കൃഷിക്കും അടിവളമായി ഇതിന്റെ ഇലകൾ ഉപയോഗിക്കാം. ഇത് മണ്ണിനോട് പെട്ടെന്ന് അലിഞ്ഞു ചേരുന്നവെന്ന പ്രത്യേകതയാണ് ഇതിനെ അടിവളമായി തിരഞ്ഞെടുക്കുവാനുള്ള കാരണം. ഇത്തരം സസ്യങ്ങളുടെ മഹിമ അറിഞ്ഞു അതിനെ ജീവിതത്തിന്റെ ഭാഗമാക്കാം നമുക്ക്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...
Share your comments