ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുകയാണെങ്കിൽ, ജീവിതശൈലി രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാം. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം സ്ഥൂലപോഷകങ്ങളുടെ ഉപഭോഗവും സൂക്ഷ്മപോഷകങ്ങളുടെ ഗണ്യമായ കുറവുമാണ്. പച്ചക്കറികളും പഴങ്ങളും സൂക്ഷ്മപോഷകങ്ങളായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറകളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ കാന്‍സര്‍ പ്രതിരോധിക്കാം
പച്ചക്കറികളും പഴങ്ങളും നിത്യാഹാരത്തില്‍, കൃത്യമായ തോതില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി രോഗങ്ങളെ ചെറുക്കാനാവും. ഒരേ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാതെ വിവിധ വര്‍ണ്ണങ്ങളിലുള്ളവ, മാറിമാറി നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പച്ച, ചുവപ്പ്, ഓറഞ്ച്, പര്‍പ്പിള്‍, തവിട്ട്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി സൂക്ഷ്മപോഷകങ്ങളുടെ ഉപഭോഗം സന്തുലിതാവസ്ഥയിലാകുന്ന ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ് (Rainbow Diet). പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുലവണങ്ങളും അവയുടെ നിറങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമാണ്. വിവിധ നിറങ്ങളുള്ള ഭക്ഷണങ്ങള്‍ വിശപ്പ് വര്‍ദ്ധിപ്പിക്കുകയും കുട്ടികള്‍ക്ക് ആഹാരത്തോടുള്ള ആകര്‍ഷണം കൂട്ടുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മികച്ച പച്ചക്കറികളും പഴങ്ങളും
ചുവപ്പ് കാന്‍സറിനെ പ്രതിരോധിക്കുന്നു
ചുവപ്പ് നിറമുള്ള പച്ചക്കറികളിലും പഴങ്ങളിലും ബീറ്റാകരോട്ടീന്‍, ക്വര്‍സറ്റിന്‍ എന്ന നിരോക്‌സീകാരികള്‍, വിറ്റാമിന്‍ സി, ലൈകോപീന്‍ തുടങ്ങിയ സൂക്ഷ്മപോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന ദോഷകാരികളായ സ്വതന്ത്രറാഡിക്കലുകള്‍ (ഫ്രീ റാഡിക്കല്‍സ്), കൂടാതെ കാന്‍സര്‍, ഹൃദ്രോഗം, സന്ധിവേദന, കുടലിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും കഴിവുള്ള ഈ സൂക്ഷ്മപോഷകങ്ങള്‍ ചുവപ്പുനിറമുള്ള ഫലവര്‍ഗ്ഗങ്ങളില്‍ നിന്ന് ലഭിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍, ഹൃദ്രോഗം എന്നിവ ചെറുക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ചുവന്ന ആപ്പിള്‍, തക്കാളി, തണ്ണിമത്തന്‍, മാതളം, ചുവന്നമുന്തിരി, സ്‌ട്രോബറി, ചുവന്ന കാപ്‌സിക്കം മുളക്, ചുവന്ന കാരറ്റ് എന്നിവ ആഹാരത്തില്‍ മാറി മാറി ഉള്‍പ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും
ഓറഞ്ച് നിറം പ്രതിരോധശക്തിക്ക്
ഓറഞ്ചു നിറമുള്ള പച്ചക്കറികളിലും പഴങ്ങളിലും ബീറ്റാ ക്രിപ്‌ടോസാന്തിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ നിരോക്‌സീകാരികള്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഓറഞ്ച്, മത്തങ്ങ, കാരറ്റ്, മാങ്ങ, പപ്പായ, ഓറഞ്ചുനിറമുള്ള മധുരക്കിഴങ്ങിനങ്ങള്‍, ഓറഞ്ചു നിറമുള്ള കാപ്‌സിക്കം മുളക് എന്നിവ ഈ നിരോക്‌സീകാരികളുടെ വളരെ നല്ല സ്രോതസ്സുകളായതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കണ്ണിനു നല്ലത് പച്ച
വൈറ്റമിന്‍ എ, സി, കെ എന്നിവയുടെ വളരെ നല്ല സ്രോതസ്സുകളാണ് പച്ചനിറമുള്ള പച്ചക്കറികളും പഴങ്ങളും. ഇതുകൂടാതെ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ക്ലോറോഫില്‍, ല്യൂട്ടീന്‍, സിയാസാന്തിന്‍, ഫോളേറ്റ്, കരോട്ടിനോയിഡുകള്‍, ഫ്‌ളേവനോയിഡുകള്‍, ഭക്ഷ്യനാരുകള്‍ എന്നിവയും ഇവയില്‍ സമൃദ്ധമായുണ്ട്. കാന്‍സര്‍ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യം നിലനിറുത്തുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പച്ചനിറമുള്ള സസ്യഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പച്ചനിറമുള്ള ചീര, മറ്റ് ഇലവര്‍ഗ്ഗങ്ങള്‍, പച്ചനിറമുള്ള ആപ്പിള്‍, ബ്രൊക്കോളി, പയര്‍, ബീന്‍സ്, പച്ചനിറമുള്ള കാപ്‌സിക്കം മുളക്, പച്ചതക്കാളി, പച്ചമുന്തിരി, വെണ്ടയ്ക്ക, കത്തിരി എന്നിവ കഴിക്കണം.
പര്‍പ്പിള്‍ നല്‍കും നിത്യയൗവ്വനം
പര്‍പ്പിള്‍ നിറമുള്ള സസ്യഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്തോസിയാനിന്‍, റെസ്‌വെറാട്രോള്‍ എന്നീ രാസഘടകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. അതിനൊപ്പം പ്രായത്തെ ചെറുക്കാനുള്ള ശേഷിയും കൂട്ടുന്നു. കൂടാതെ കൊളസ്‌ട്രോള്‍, കാന്‍സര്‍, അല്‍ഷിമേഴ്‌സ് എന്നിവയില്‍ നിന്ന് സംരക്ഷണവും നല്‍കുന്നു. ഇതു കൂടാതെ ഇവയില്‍ ല്യൂട്ടീന്‍, വിറ്റാമിന്‍ സി, ക്വര്‍സറ്റിന്‍ എന്നീ ഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. സവാള, വഴുതന, പര്‍പ്പിള്‍ കാബേജ്, പര്‍പ്പിള്‍ മുന്തിരി, ചീര, പര്‍പ്പിള്‍ കാച്ചില്‍, പര്‍പ്പിള്‍ മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഹൃദയത്തിന് മഞ്ഞ
മഞ്ഞ നിറമുള്ള പഴങ്ങളും പച്ചക്കറികളും നിരോക്‌സീകാരികളായ കരോട്ടിനോയിഡുകള്‍, ബയോഫ്‌ളേവനോയിഡുകള്‍, വിറ്റാമിന്‍ സി, എ, കെ, ലൈകോപീന്‍ എന്നിവയുടെ കലവറകളാണ്. ത്വക്ക്, ഞരമ്പ്, തരുണാസ്ഥികള്‍, ഹൃദയം, കണ്ണ് എന്നിവയുടെ ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഈ സൂക്ഷ്മപോഷകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. നാരങ്ങ, പൈനാപ്പിള്‍, മഞ്ഞതക്കാളി, മഞ്ഞ കാപ്‌സിക്കം മുളക്, ചോളം, മാങ്ങ തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ ഇവയുടെ പ്രധാന സ്രോതസ്സുകളാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കും വെളുപ്പ്
തവിട്ടും വെളുപ്പും നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ ആന്തോസിയാനിന്‍, സള്‍ഫര്‍, അലിസിന്‍, ക്വര്‍സറ്റിന്‍ എന്നീ സൂക്ഷ്മപോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് ആന്തോസിയാനിന്‍ സഹായിക്കുന്നു. കരളിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിന് സള്‍ഫര്‍ അത്യന്താപേക്ഷിതമാണ്. അലിസിന്‍ ശരീരത്തില്‍ മുഴകള്‍ ഉണ്ടാകാതിരിക്കാന്‍ അവശ്യം വേണ്ടതാണ്. കോളിഫ്‌ളവര്‍, കൂണ്‍, ഉരുളക്കിഴങ്ങ്, കാബേജ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
Share your comments